Latest News

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് താൽക്കാലികമായി തടഞ്ഞ് കോടതി

ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്

Kaduva film, Kaduva movie, Prithviraj, Kaduva teaser, Kaduva location photos, Kaduva movie, shaji kailas, Prithviraj in Kaduva, കടുവ, പൃഥ്വിരാജ്, court stays Kaduva movie release, Jose Kuruvinakkunnel Kaduva movie, Kaduva movie news, film news, indian express malayalam, ie malayalam

കൊച്ചി: പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ‘കടുവ’യുടെ റിലീസ് താൽക്കാലികമായി തടഞ്ഞ് കോടതി. തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമിനെ എതിർകക്ഷിയാക്കി ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്.

ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച വസ്തുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടാണ് കോടതി ഉത്തരവ്. ഹർജി തീർപ്പാക്കുന്നതു വരെ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒ ടി ടിയിലും വിലക്ക് ബാധകമാണ്. കേസ് 14നു വീണ്ടും പരിഗണിക്കും. തന്റെ ജീവിത കഥ സിനിമയാക്കുന്നതിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ നേരത്തെ പരസ്യമായി എതിര്‍പ്പുയര്‍ത്തിയിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ കോട്ടയം അച്ചായനായ കുറുവച്ചനായാണു പൃഥ്വിരാജ് എത്തുന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുള്ള സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സംവിധായകന്‍ ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ.

പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയാണു കടുവ. സിനിമയുടെ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നേരത്തെ ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജി തടഞ്ഞിരുന്നു. തിരക്കഥാകൃത്ത് ജിനു വി എബ്രഹാമിനെതിരെ പ്രവാസിയായ അനുരാഗ് അഗസ്റ്റസ് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്മേലായിരുന്നു ഉത്തരവ്.

Also Read: അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മോഹൻലാൽ

തന്നില്‍നിന്നു 10 ലക്ഷം രൂപ പ്രതിഫലം പറ്റിയശേഷം കൈമാറിയ തിരക്കഥയാണ് സിനിമയാക്കുന്നതെന്ന് അവകാശപ്പെട്ടായിരുന്നു അനുരാഗിന്റെ ഹര്‍ജി. ഈ ഉത്തരവിനെതിരെ ജിനു വി എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ നീക്കിയിരുന്നു.

ഇതിനിടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന പേരില്‍ ആരംഭിക്കാനിരുന്ന സുരേഷ് ഗോപി ചിത്രത്തിനെതിരെ ജിനു എറണാകുളം ജില്ലാ കോടതിയെ സമീപിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും പകര്‍പ്പവകാശം ലംഘിച്ച് എടുത്തെന്നായിരുന്നു ജിനുവിന്റെ ഹര്‍ജി.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരും ‘കടുവ’യുടെ എല്ലാ രംഗങ്ങളും രജിസ്റ്റര്‍ ചെയ്തിന്റെ രേഖകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിനു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോടതി സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തി. ജിനു ഏബ്രഹാമിന്റെ സംവിധാന സഹായിയായിരുന്ന മാത്യുസ് തോമസായിരുന്നു സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഷിബിന്‍ ഫ്രാന്‍സിസിന്റേതും.

Also Read: ഷൂട്ടിങ്ങ് പൂർത്തിയായി; സന്തോഷത്തോടെ ചുവടുവച്ച് മീര ജാസ്മിൻ

പൃഥിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണു ‘കടുവ’ നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലന്‍. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണു വിവേക് വേഷമിടുന്നത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ബോബി എന്ന വില്ലന്‍ കഥാപാത്രത്തിനുശേഷം ആദ്യമായാണു വിവേക് ഒബ്‌റോയ് മലയാളത്തിലെത്തുന്നത്.

ജനാര്‍ദനന്‍, സിദ്ദിഖ്, വിജയരാഘവന്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സീമ, സംയുക്ത മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണു ‘കടുവ’യില്‍ അണിനിരക്കുന്നത്.

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടതോടെ മോഹന്‍ലാല്‍ നായകനാവുന്ന ‘എലോണ്‍’ ഷാജി പൂര്‍ത്തിയാക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Court grants interim stay on release of prithviraj movie kaduva

The moderation of comments is automated and not cleared manually by malayalam.indianexpress.com