കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ പുതിയ ത്രില്ലർ ‘ഫോറൻസിക്കി’ന്റെ ദുബായിലെ പ്രമോഷൻ പരിപാടികൾ മാറ്റിവച്ച് നടൻ ടൊവിനോ തോമസ്. മാർച്ച് എഴിന് ദുബായിൽ പ്രാദേശിക മാധ്യമങ്ങളോടും തുടർന്ന് ആരാധകരോടും സംവദിക്കാനായിരുന്നു ടൊവിനോ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപിക്കുന്നതിനെ തുടർന്ന് പരിപാടികളെല്ലാം മാറ്റിവയ്ക്കുകയായിരുന്നു താരം.
കൊറോണ വൈറസ് ഭീതിയെ തുടർന്ന് പൊതുജനാരോഗ്യ താൽപ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ചിത്രത്തിന്റെ പ്രാദേശിക വിതരണക്കാരായ ഗോൾഡൻ സിനിമാസ് പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ വ്യാപനത്തെ തുടർന്ന് മുൻപ് ദുബായിൽ നിരവധി പരിപാടികൾ റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ടൊവിനോയുടെ യാത്രയും റദ്ദാക്കിയത്.
എന്നാൽ ഇതൊന്നും വകവയ്ക്കാതെ ദുബായിൽ അവധി ആഘോഷിച്ച് മടങ്ങിയെത്തിയിരിക്കുയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ദുബായിലെ വിവിധ ഇടങ്ങളിൽ ചുറ്റിക്കറങ്ങുകയും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ഹൃത്വിക് റോഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.