‘ആടു ജീവിതം’ സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും അവിടെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നോര്‍ക്ക ഇടപെട്ടു.  ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ തിരക്കുകയും ചെയ്തു. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പു നല്‍കി.

പൃഥ്വിരാജ് ജോർദ്ദാനിൽ സുരക്ഷിതയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോർദാനിൽ ലോക്ക്ഡൗൺ നടപ്പാക്കിയതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണുള്ളത്. 17 പേരാണ് സംഘത്തിലുള്ളത്. നാട്ടിലേക്ക് മടങ്ങാൻ വിമാന സർവ്വീസുകളും ഇല്ലാത്തതിനാൽ ഹോട്ടലിൽ കഴിയുകയാണ് സംഘം.

Read Also: പൃഥ്വിരാജ് ജോർദ്ദാനിൽ സുരക്ഷിതൻ: സുപ്രിയ

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ഗൾഫ് രാജ്യങ്ങളിലെത്തുകയും പിന്നീട് മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേർക്കാഴ്ചയാണ് ‘ആടുജീവിതം’. അടുത്തറിഞ്ഞ ഒരു ജീവിതത്തെ ആധാരമാക്കിയാണ് ബെന്യാമിന്‍ ഈ നോവലൊരുക്കിയത്.

മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook