കോവിഡ് -19 രോഗ ബാധിതരുടെ ചികിത്സയ്ക്കായി രക്തത്തിലെ പ്ലാസ്മ സംഭാന ചെയ്യാൻ ഗായിക കനിക കപൂർ സന്നദ്ധത അറിയിച്ചതായി ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി (കെജിഎംയു) അധികൃതർ. കനികയുടെ രക്ത സാംപിളുകൾ ആശുപത്രിയിൽ പരിശോധനയ്ക്കായി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലക്നൗ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ കോവിഡ്-19 രോഗികളിൽ പ്ലാസ്മ ചികിത്സ പരീക്ഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭേദപ്പെട്ടവരുടെ രക്തത്തിൽ നിന്നുള്ള ആൻറിബോഡി ഉപയോഗപ്പെടുത്തിയാണ് പ്ലാസ്മ ചികിത്സ. ഇതിനായി രക്തത്തിന്റെ ഭാഗമായ പ്ലാസ്മ ശേഖരിക്കും. മാർച്ച് 20ന് കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പീന്നീട് ഏപ്രിൽ ആറിന് ഇവർ രോഗം ഭേദമായി പുറത്തിറങ്ങുകയും ചെയ്തു.
Also Read: കോവിഡ് മരണം: നഗരങ്ങളിൽ മുന്നിൽ മുംബൈ, തൊട്ടുപിന്നിൽ അഹമ്മദാബാദ്
കനിക കപൂറിന്റെ രക്ത പരിശോധനാ ഫലം അനുകൂലമായാൽ കോവിഡ് ചികിത്സയ്ക്കായി അവരുടെ പ്ലാസ്മ സ്വീകരിക്കുമെന്ന് കെജിഎംയു മെഡിക്കൽ കോളേജിലെ രക്തകൈമാറ്റ വിഭാഗം മേധാവി തൂലിക ചന്ദ്ര അറിയിച്ചു.
“പ്ലാസ്മ നൽകുന്നതിന് കെജിഎംയു ഡോക്ടർമാരോട് കനിക കപൂർ തിങ്കളാഴ്ച താൽപര്യമറിയിച്ചിരുന്നു. തുടർന്ന് അവരെ വിളിക്കുകയും പരിശോധയ്കക്കായി രക്ത സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. രക്ത പരിശോധനാ ഫലത്തിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവരെ പ്ലാസ്മ ശേഖരിക്കുന്നതിനായി ആശുപത്രിയിലേക്ക് വിളിപ്പിക്കും,”- തൂലിക ചന്ദ്ര പറഞ്ഞു.
ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്‌ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കനിക കോവിഡ് ചികിത്സ പൂർത്തിയാക്കിയത്. തുടർച്ചയായ ആറ് പരിശോധന ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്നായിരുന്നു കനിക കപൂറിനെ ഡിസ്ചാർജ് ചെയ്തത്.
Also Read: കോവിഡ്-19: രോഗികളുടെ വിവരങ്ങളിൽ പൊരുത്തക്കേട്; ഐസിഎംആർ, എൻഡിഎംസി രേഖകളിൽ വ്യത്യസ്ത കണക്കുകൾ
ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ ശേഷമാണ് കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്‍പതിനാണു കനിക ലണ്ടനില്‍നിന്ന് മുംബൈയിലേക്കു തിരിച്ചത്. രണ്ട് ദിവസത്തിനു ശേഷം ലക്നൗവിലെത്തുകയായിരുന്നു. മാർച്ച് 15ന് ലക്നൗവില്‍ നടന്ന പാര്‍ട്ടിയിൽ കനിക പങ്കെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കനികയ്ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യാത്രാവിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തി, സമ്പർക്ക വിലക്ക് ലംഘിച്ച് പാർട്ടിയിൽ പങ്കെടുത്തു തുടങ്ങിയ പരാതികളിലാണ് കേസ്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം 266 പേരുമായി കനിക സമ്പർക്കം പുലർത്തിയതായും കണ്ടെത്തിയിരുന്നു.