തിരുവനന്തപുരം: കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് മറ്റുള്ളവർക്കുവേണ്ടി സംഭാവന ചെയ്യാൻ തയ്യാറായതിന് നടൻ മണിയൻപിള്ള രാജുവിനെ വീട്ടിലെത്തി അഭിനന്ദിച്ച് ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ. തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യകിറ്റ് ഡൊണേറ്റ് മെെ കിറ്റ് പദ്ധതി വഴി അർഹതപ്പെട്ടവർക്ക് നൽകുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മന്ത്രിയുടെ സാന്നിധ്യത്തിൽ മണിയൻ പിള്ള രാജു പൂർത്തിയാക്കി. അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിൽ സന്തോഷിക്കുന്നുവെന്ന് രാജു പ്രതികരിച്ചു.

ഭക്ഷ്യധാന്യം സംഭാവന ചെയ്യുന്നതിനായി മണിയൻപിള്ള രാജു ഓൺലെെൻ രജിസ്ടേഷൻ ചെയ്യുന്നു

അടുത്തിടെ റേഷൻ കടയിൽ പോയി അരി വാങ്ങിയതിനെക്കുറിച്ചുള്ള മണിയൻപിള്ള രാജുവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. റേഷനരി വാങ്ങുന്നതിൽ തനിക്കൊരു നാണക്കേടുമില്ലെന്നും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യമാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് അത് വാങ്ങിയപ്പോൾ മനസ്സിലായെന്നുമായിരുന്നു രാജുവിന്റെ പ്രതികരണം. സർക്കാർ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷൻ കാർഡുമായി തിരുവനന്തപുരത്തു ജവഹർ നഗറിലുള്ള റേഷൻ കടയിൽ നിന്നായിരുന്നു മണിയൻ പിള്ള രാജു അരി വാങ്ങിയത്. കടയിലേക്ക് പോവുമ്പോൾ നാട്ടുകാരിലൊരാൾ റേഷനരി വാങ്ങുന്നതിൽ നാണമൊന്നുമില്ലേയെന്ന് രാജുവിനോട് ചോദിച്ചു. ഇതിനു മറുപടിയായി ”എനിക്കൊരു നാണക്കേടുമില്ല, ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്” എന്ന് രാജു പ്രതികരിക്കുകയായിരുന്നു.

Read Also: അതെനിക്കുമൊരു സർപ്രൈസായിരുന്നു; വിവാഹവാർത്തയെ കുറിച്ച് കീർത്തി സുരേഷ്

റേഷൻ കടയിൽ വലിയ തിരക്കുണ്ടായിരുന്നില്ല. 10 കിലോ പുഴക്കലരിയും അഞ്ച് കിലോ ചമ്പാവരിയും വാങ്ങി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടേതിനേക്കാൾ നല്ല ചോറാണ് റേഷനരിയുടേത്.  റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് അരി വാങ്ങാൻ തീരുമാനിച്ചത്. ഇപ്പോൾ റേഷനരിയെ ആക്ഷേപിക്കുന്നവർക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും രാജു പറഞ്ഞിരുന്നു.

ഈ സംഭവം കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ റേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നാണ് രാജു ഇന്ന് പ്രതികരിച്ചത്. ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സർക്കാർ നൽകുന്ന സേവനം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻ മണിയൻപിള്ള രാജു….

Posted by Kerala Government on Monday, 6 April 2020

റേഷൻ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയൻപിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യ-പൊതുവിതരണമന്ത്രി പി.തിലോത്തമൻ പറഞ്ഞു. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ല രീതിയിൽ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡൊണേറ്റ് മൈ കിറ്റ്

ഭക്ഷ്യധാന്യങ്ങളടക്കം 17 അവശ്യവസ്തുക്കളടങ്ങിയ കിറ്റാണ് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് വഴി മറ്റുള്ളവർക്ക് സംഭാവന ചെയ്യാനും സാധിക്കും. വെബ്സൈറ്റിലെ ഡൊണേറ്റ് മൈ കിറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പേജിൽ റേഷൻ കാർഡ് നമ്പർ നൽകിയാൽ ഭക്ഷ്യധാന്യങ്ങൾ മറ്റുള്ളവർക്ക് സംഭാവന ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യാം.

കോവിഡ്-19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ…

Posted by Pinarayi Vijayan on Thursday, 2 April 2020

കിറ്റ് ആവശ്യമില്ലാത്തവർ അത്​ കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ വെബ്​സൈറ്റ്​ വഴി സമ്മതം അറിയിക്കുന്നതിലൂടെ ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook