കോവിഡ്-19 കേരളത്തിലും രാജ്യത്തൊട്ടാകെയും ഭീതി വിതയ്ക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചുകൊണ്ട് നടൻ മോഹൻലാൽ. “നമ്മൾ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാകവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്,” എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ, തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ, ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ… ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിന്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.

പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു…. അരുത്.. അവരും നമ്മെ പോലെ മനുഷ്യരാണ്… അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ…

ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു….

വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കൂ…. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിടൂ….,” മോഹൻലാൽ കുറിച്ചു.

കൊറോണ വൈറസ്‌ ബാധയെത്തുടര്‍ന്ന് സിനിമാ വ്യവസായം നിലച്ച്, നിത്യവേതനം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് സഹായവാഗ്‌ദാനവുമായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ദിവസവേതനക്കാരെ സഹായിക്കാൻ ചലച്ചിത്ര സംഘടനകൾ പദ്ധതിയിടുന്നതിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകളിലായിരുന്നു അദ്ദേഹം സന്നദ്ധത അറിയിച്ചത്.

Read More: ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അന്നറിഞ്ഞില്ല; ലൂസിഫറിന്റെ ഒന്നാം വാർഷികം

കോവിഡ് ഭീതി ഉയരുകയും സിനിമാ ചിത്രീകരണങ്ങള്‍ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിനിമാ സംഘടനയായ ഫെഫ്ക ദിവസവേതന തൊഴിലാളികളെക്കുറിച്ചു ചർച്ച ചെയ്യുകയുണ്ടായി. ഇതിനായി ഫെഫ്ക അംഗങ്ങള്‍ വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പു തന്നെ, അവരെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നതായും തുടര്‍ന്ന് അദ്ദേഹം ഒരു വലിയ തുക വാഗ്‌ദാനം ചെയ്തതായും ഫെഫ്ക വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook