കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കുകയാണ് സിനിമാ താരങ്ങൾ. തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് ആശ്രമായി കൊണ്ടാണ് നടൻ വിനു മോഹൻ മാതൃകയാകുന്നത്. ആരാലും തിരിഞ്ഞു നോക്കാനില്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന നിരവധി പേർക്കുവേണ്ടിയാണ് വിനു മോഹനും ഭാര്യ വിദ്യയും ആശ്രയമായത്.

തെരുവുകളിൽ കഴിയുന്നവരുടെ മുടി വെട്ടി കൊടുത്തും അവരെ കുളിപ്പിച്ചും നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചും അവരെ പുതിയ മനുഷ്യരാക്കി. ഇവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനും വിനു മോഹൻ മറന്നില്ല. അറുന്നൂറിലധികം ആളുകളെയാണ് വിനു മോഹനും ഭാര്യ വിദ്യയും തെരുവോരം പ്രവർത്തകരും ചേർന്ന് ഇത്തരത്തിൽ കണ്ടെത്തിയത്. കൊറോണ വെെറസ് വ്യാപനം സമൂഹത്തെ പ്രതിസന്ധിയിലാക്കുമ്പോൾ വ്യക്തിശുചിത്വത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അതിനാലാണ് തങ്ങൾ ഇങ്ങനെയൊരു പ്രവർത്തനത്തിനു ഇറങ്ങി തിരിച്ചതെന്നും വിനു മോഹൻ പറയുന്നു.

വിനു മോഹന്റെ നല്ല പ്രവർത്തിയെ അഭിനന്ദിച്ച് സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്തെത്തി. തെരുവോരങ്ങളിൽ ആരുമില്ലാതെ കഴിയുന്നവർക്ക് ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ വിനു മോഹനും ഭാര്യ വിദ്യക്കും തെരുവോരം പ്രവർത്തകർക്കും എല്ലാവിധ നന്മകളും നേരുന്നതായി മോഹൻലാൽ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

മോഹൻലാലിന്റെ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തി വിദ്യ വിനു മോഹൻ രംഗത്തെത്തി. മോഹൻലാലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനു താഴെ വിദ്യ സന്തോഷം രേഖപ്പെടുത്തി. ലാലേട്ടന്റെ നല്ല വാക്കുകൾ ഇത്തരത്തിൽ പ്രവർത്തിക്കാനുള്ള പ്രചോദനവും ഊർജ്ജവുമാണെന്ന് വിദ്യ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook