ചെന്നൈ: ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണ്. ഇതോടെ പഠനത്തിനും തൊഴിലിനുമായി വിദേശരാജ്യങ്ങളിലെത്തിയ നിരവധി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങൾ കുടുങ്ങി കിടക്കുന്നത്. ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നവരിൽ തമിഴ് നടൻ വിജയ്‌യുടെ മകൻ ജെയ്സണുമുണ്ടെന്ന് റിപ്പോർട്ടുകൾ. കാനഡയിലാണ് താരപുത്രനുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കാനഡയിൽ സിനിമ നിർമ്മാണം പഠിക്കുകയാണ് ജെയ്സൺ സഞ്ജയ്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജെയ്സന്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായി. മെയ് മൂന്ന് വരെയാണ് നിലവിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ. ഈ സമയത്ത് ആഭ്യന്തര-രാജ്യാന്തര വിമാന സർവീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതിനാൽ മെയ് മൂന്ന് വരെയുള്ള സാഹചര്യവും സർക്കാർ തീരുമാനം അനുസരിച്ചിരിക്കും മടക്കം.
Also Read: ഷൂട്ടിങ് നിന്നു, ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം: പൃഥ്വിരാജ്
കാനഡയിലും കോവിഡ്-19 വലിയ രീതിയിൽ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെ കാൽ ലക്ഷത്തിനടുത്ത് ആളുകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 700ൽ അധികം ആളുകൾ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വിജയ്‌യെ ആശങ്കപ്പെടുത്തുന്നുണ്ട്.
അടുത്തിടെയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സിനിമ പഠനത്തിന് ജെയ്സൺ കാനഡയിലെത്തിയത്. ഇതിനോടകം തന്നെ ജങ്ഷൻ എന്ന ഷോർട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് ജെയ്സൺ. തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്നായിരുന്നു ജെയ്സൺ ചിത്രമൊരുക്കിയത്.
Also Read: ഇത് ന്യൂസ് റൂമിൽ പിറന്ന പാട്ട്; പ്രത്യാശയുടെ സംഗീതവുമായി ഗോപി സുന്ദറും സംഘവും
അതേസമയം ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് വിജയ്‌യുള്ളത്. താരത്തിന്റെ മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ റിലീസ് പ്രത്യേക സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുകയാണ്. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറേമിയ തുടങ്ങിയ വലിയ താര നിര ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റേഴ്സ്.