കൊറോണ വൈറസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തു തുടങ്ങിയതോടെ സംസ്ഥാനത്തെ ജനജീവിതവും വ്യവസായങ്ങളും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. കടുത്ത സാമ്പത്തിക തിരിച്ചടി  നേരിടുന്ന വ്യവസായങ്ങളിലൊന്ന്  സിനിമയാണ്. കൊറോണയെ തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഇന്നുമുതൽ മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടുകയാണ്. ഒപ്പം പുതിയ ചിത്രങ്ങളുടെ റിലീസുകൾ മാറ്റിവയ്ക്കുകയും  സിനിമാ ഷൂട്ടിംഗുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു.  കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി സിനിമാലോകം ഏറ്റുവാങ്ങേണ്ടി വരുന്നത്.  ഈ നഷ്ടങ്ങൾക്കിടയിലും സംസ്ഥാനം  നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി, കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സർക്കാറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും.

നിലവിൽ തിയേറ്ററുകളിലുള്ള, ഒന്നും രണ്ടും ആഴ്ച മുൻപ് റിലീസ് ചെയ്ത ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കളക്ഷൻ നേടി തുടങ്ങിയതേ ഉള്ളൂ.  ‘ഫോറൻസിക്’, ‘അയ്യപ്പനും കോശിയും’, ‘കപ്പേള’ തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ കളക്ഷൻ നേടി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെയെല്ലാം കളക്ഷനെ തിയേറ്ററുകളുടെ പെട്ടെന്നുള്ള അടയ്ക്കൽ ബാധിക്കും.

Read more: ‘ജെയിംസ് ബോണ്ട്’ മുതൽ ‘മരക്കാർ’ വരെ: കൊറോണയിൽ ഉലയുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ

‘മരക്കാർ’ ആണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന മറ്റൊരു ചിത്രം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘മരക്കാർ’ ഈ മാർച്ച് 26 ന് റിലീസിനൊരുങ്ങുന്നതിനിടയിലാണ് തിയേറ്ററുകൾ അടയ്ക്കാൻ സർക്കാർ നിർദേശം വരുന്നത്. ചിത്രത്തിന്റെ നല്ലൊരു പങ്ക് ടിക്കറ്റുകൾ ഇതിനകം വിറ്റഴിയുകയും ചെയ്തിരുന്നു.

തിയേറ്ററിനും ബോക്സ് ഓഫീസിനും ഉണർവ് ഉണ്ടാകുന്ന മാസങ്ങളിലൊന്ന് ഏപ്രിൽ. എന്നാൽ നിലവിലെ സാഹചര്യം എത്രനാൾ തുടരുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുള്ളത് വിഷു റിലീസുകളെയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇപ്പോൾ നഷ്ടം കണക്കുക്കൂട്ടേണ്ട സമയമല്ലെന്നും ഒരു സംസ്ഥാനത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ എടുത്ത തീരുമാനത്തിന് ഒപ്പമാണ് തങ്ങളെന്നും ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളം (FEUOK) ജനറൽ സെക്രട്ടറി എം സി ബോബി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook