കൊറോണ വൈറസ് പ്രതിരോധ വീഡിയോകളും സന്ദേശങ്ങളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഒരു കൊറോണ ഗാനവുമെത്തുകയാണ് തെന്നിന്ത്യയുടെ പ്രിയ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. റഫീക്ക് അഹമ്മദ് എഴുതിയ ‘ഒരുമിച്ചു നിൽക്കേണ്ട സമയം, ഇത് പൊരുതലിന്റെ സമയം’ എന്ന ഗാനമാണ് എസ് പി ബി ആലപിച്ചിരിക്കുന്നത്.

“ഒരുമിച്ചു നിൽക്കേണ്ട സമയം
ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം

ഭയസംഭ്രമങ്ങൾ വേണ്ട, അതിസാഹസ ചിന്ത വേണ്ട
അതിജീവന സഹവർത്തകസഹനം മതി…
ഒരുമിച്ചു നിൽക്കേണ്ട സമയം…

പ്രാർത്ഥനകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ….
മർത്ത്യസേവനത്തേക്കാൾ ഭാസുരമല്ല…
വാശികൾ, തർക്കങ്ങൾ, കക്ഷിഭേദങ്ങൾ
വിശ്വസങ്കടത്തിനു മുന്നിൽ ഭൂഷണമല്ല….

മതജാതി വിചാരങ്ങൾ മറകൊള്ളുവിൻ,
മറിക്കടക്കാൻ ഇതൊന്നെ ശാസ്ത്രവിവേകം,”

അർത്ഥസമ്പന്നമായ വരികൾക്ക് പാട്ടിലൂടെ ജീവൻ നൽകുകയാണ് എസ്പിബി.

Read more:

സർക്കാരിന്റയും ആരോഗ്യവകുപ്പിന്റെയും കൊറോണ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി സിനിമാലോകവും ഉണ്ട്. കൊറോണായുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഹ്രസ്വചിത്രങ്ങൾ ഫെഫ്ക്കയും പുറത്തിറക്കിയിരുന്നു. ഒരു മിനിട്ടിനു താഴെ ദൈർഘ്യമുള്ള ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് ഫെഫ്ക ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത്. ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ ഐഎഎമ്മും (Indian Ad Film Makers) ചേർന്നാണ് ഹ്രസ്വചിത്രങ്ങൾ ഒരുക്കിയത്.

ആരോഗ്യവകുപ്പ്‌ നിർദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ്‌ ഈ ചിത്രങ്ങൾ നിർമ്മിച്ചത്‌. അമാനുഷിക കാര്യങ്ങളല്ല, മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് സൂപ്പർ ഹീറോ എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത്.

9 സാധാരണ കഥാപാത്രങ്ങൾ, 9 അസാധാരണ സന്ദർഭങ്ങൾ, ഒറ്റ വില്ലൻ- കൊറോണ എന്നാണ് ഈ ഹ്രസ്വചിത്ര സീരിസിനെ കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. വണ്ടർ വുമൺ സാറ, സൂപ്പർ ഹീറോ സുനി, സൂപ്പർമാൻ സദാനന്ദൻ, വണ്ടർ വുമൺ വനജ, വണ്ടർ വുമൺ വിദ്യ, സൂപ്പർ മാൻ ഷാജി, സൂപ്പർമാൻ സുബൈർ, സൂപ്പർഹീറോ ആന്റണി, അൺനോൺ ഹീറോസ് എന്നിങ്ങനെ ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് ഈ സീരിസിൽ ഉള്ളത്. മഞ്ജുവാര്യർ, മുത്തുമണി, രജിഷ വിജയൻ, കുഞ്ചൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, മുത്തുമണി, രേഷ്മ രാജൻ, സിദ്ദാർത്ഥ് ശിവ, സോഹൻ സീനുലാൽ, ഡാവിഞ്ചി എന്നിവരാണ് ഹ്രസ്വചിത്ര സീരീസിൽ സഹകരിച്ച താരങ്ങൾ. ബി ഉണ്ണികൃഷ്ണനും രഞ്ജി പണിക്കറുമാണ് ഈ സീരിസിന്റെ പ്രൊജക്റ്റ് ഹെഡ്. സിജോയ് വർഗീസ്, ഷെൽട്ടൺ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എന്നിവർ ചേർന്ന് കൺസെപ്റ്റും ക്രിയേറ്റീവ് ഡയറക്ഷനും ഒരുക്കിയിരിക്കുന്നത്.

Read more: നിങ്ങളാണ് സൂപ്പർ ഹീറോസ്; കൊറോണ ബോധവത്കരണചിത്രങ്ങളുമായി ഫെഫ്ക്കയും താരങ്ങളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook