Corona Papers OTT: പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്.’ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്രീ ഗണേഷാണ്.
കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ എസ് ഐ ആയി ജോയിൻ ചെയ്യാനെത്തുകയാണ് രാഹുൽ (ഷെയ്ൻ നിഗം). രാഹുലിന്റെ ആദ്യത്തെ പോസ്റ്റിംഗ് ആണ്. ജോയിൻ ചെയ്ത് ഏതാനും ദിവസങ്ങൾക്കകം രാഹുലിന്റെ പിസ്റ്റൾ മോഷണം പോവുന്നു. അതോടെ രാഹുൽ സസ്പെൻഷനിലുമാവുന്നു. തോക്ക് വീണ്ടെടുത്ത് സർവ്വീസിൽ തിരിച്ചു കയറാനുള്ള രാഹുലിന്റെ ശ്രമങ്ങളും അതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങളുമൊക്കെയായി സസ്പെൻസ് സമ്മാനിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ടു പോക്ക്.
തമിഴിൽ ഏറെ ശ്രദ്ധ നേടിയ ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ‘കൊറോണ പേപ്പേഴ്സ്’. എന്നാൽ പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളിലെല്ലാം ഏറെ മാറ്റങ്ങൾ വരുത്തിയാണ് പ്രിയദർശൻ കൊറോണ പേപ്പേഴ്സ് ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 6ന് റിലീസിനെത്തിയ ചിത്രം ഒടിടിയിലെത്തുകയാണ്. മെയ് 5 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ഛായാഗ്രഹണം ദിവാകർ മണി, എഡിറ്റിങ്ങ് എം എസ് അയ്യപ്പൻ നായർ എന്നിവർ നിർവഹിക്കുന്നു. സിദ്ദിഖ്, ജീൻ ലാൽ, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, മണിയൻപിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണൻ, ഹന്ന റെജി കോശി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.