കൊറോണായുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കി ഫെഫ്ക്ക. ഒരു മിനിട്ടിനു താഴെ ദൈർഘ്യമുള്ള ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് തയ്യാറാക്കിയിട്ടുണ്ട്‌. ഫെഫ്ക്കയും പരസ്യചിത്രസംവിധായകരുടെ കൂട്ടായ്മയായ ഐഎഎമ്മും (Indian Ad Film Makers) ചേർന്നാണ് ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ആരോഗ്യവകുപ്പ്‌ നിർദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ്‌ ഈ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്‌. ‘വണ്ടർവുമൺ വനജ’ എന്നു പേരിട്ടിരിക്കുന്ന ആദ്യ ചിത്രം മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, നിവിൻപോളി തുടങ്ങിയ താരങ്ങൾ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തു. മഞ്ജുവാര്യരും മുത്തുമണിയുമാണ് ഈ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അമാനുഷിക കാര്യങ്ങളല്ല, മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് സൂപ്പർ ഹീറോ എന്ന സന്ദേശമാണ് ഹ്രസ്വചിത്രം മുന്നോട്ട് വയ്ക്കുന്നത്.

9 സാധാരണ കഥാപാത്രങ്ങൾ, 9 അസാധാരണ സന്ദർഭങ്ങൾ, ഒറ്റ വില്ലൻ- കൊറോണ എന്നാണ് ഈ ഹ്രസ്വചിത്ര സീരിസിനെ കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. വണ്ടർ വുമൺ സാറ, സൂപ്പർ ഹീറോ സുനി, സൂപ്പർമാൻ സദാനന്ദൻ, വണ്ടർ വുമൺ വനജ, വണ്ടർ വുമൺ വിദ്യ, സൂപ്പർ മാൻ ഷാജി, സൂപ്പർമാൻ സുബൈർ, സൂപ്പർഹീറോ ആന്റണി, അൺനോൺ ഹീറോസ് എന്നിങ്ങനെ ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് ഈ സീരിസിൽ ഉള്ളത്. രജിഷ വിജയൻ, കുഞ്ചൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, മുത്തുമണി, രേഷ്മ രാജൻ, സിദ്ദാർത്ഥ് ശിവ, സോഹൻ സീനുലാൽ, ഡാവിഞ്ചി എന്നിവരാണ് അഭിനേതാക്കൾ. ബി ഉണ്ണികൃഷ്ണനും രഞ്ജി പണിക്കറുമാണ് ഈ സീരിസിന്റെ പ്രൊജക്റ്റ് ഹെഡ്. സിജോയ് വർഗീസ്, ഷെൽട്ടൺ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എന്നിവർ ചേർന്ന് കൺസെപ്റ്റും ക്രിയേറ്റീവ് ഡയറക്ഷനും ഒരുക്കിയിരിക്കുന്നത്.

Read more: അല്ലിക്ക് ആഭരണമെടുക്കാൻ ഇപ്പോൾ പോവേണ്ട, ഗംഗയേയും പറഞ്ഞ് മനസ്സിലാക്കി കേരളപൊലീസ്; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook