2017 ലെ വിവാദ കലണ്ടറിന്റെ ചില സുപ്രധാന പേജുകൾ സംഭാവന ചെയ്തിരിക്കുന്നത് സിനിമ രംഗമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സിനിമ രംഗം. പീഡനം മുതൽ വഞ്ചന വരെ. പ്രതിഷേധം മുതൽ നിരോധനം വരെ. ത്രില്ലർ കഥകളുടെ എല്ലാ ചേരുവയോടും കൂടി തന്നെ.

മലയാള സിനിമ രംഗത്തു നിന്നുള്ള വിവാദ വാർത്തകളിലെ നായകൻ ദിലീപായിരുന്നു. ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തയിൽ മലയാളി സമൂഹം അക്ഷരാർത്ഥത്തിൽ ഞെട്ടി. ഒരു പ്രമുഖ നടിയെ ബലാൽസംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി എന്നതായിരുന്നു ദിലീപിന് മേൽ ആരോപിക്കപ്പെട്ട കുറ്റം. ജാമ്യം ലഭിക്കുന്നതിന് മുൻപ് രണ്ടു മാസത്തോളം ദിലീപ് ജയിലിലായിരുന്നു.

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അദ്ദേഹം അഭിനയിച്ച രാമലീല എന്ന ചിത്രത്തിന് ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു; ചിത്രത്തിന്റെ റിലീസിന് മുൻപ് പല ഭാഗത്തു നിന്നും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ മുറവിളികൾ ഉയർന്നു. ചിത്രം സ്വീകരിക്കുന്നതിനെതിരെ ധാർമികതയുടെ പ്രശ്നവും പലരും ചൂണ്ടിക്കാട്ടി.

ഐഎഫ്എഫ്ഐയിൽ മികച്ച അഭിനേത്രിക്കുളള അവാർഡ് നേടി ദിവസങ്ങൾക്കുളളിൽ നടി പാർവതി ഓൺലൈൻ ട്രോളിങ്ങിനും സൂപ്പർ സ്റ്റാറിന്രെ ഫാൻസിന്രെയും സിനിമാ മേഖലയിലെ ഒരു വിഭാഗത്തിന്രെയും അധിക്ഷേപങ്ങൾക്കും ഉപദേശങ്ങൾക്കും ക്രൂരമായി ഇരയായ വർഷം കൂടിയാണ് 2017. മമ്മൂട്ടി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി പാർവതി ഫിലിം ഫെസ്റ്റിവൽ വേദിയിൽ രംഗത്തു വന്നിരുന്നു. ഗീതു മോഹൻദാസും ഈ വിഷയത്തിൽ പാർവതിയെ പിന്തുണച്ചു. “ഗീതു ആന്റിയും പാർവതി ആന്രിയും ആരുടെ പിറന്നാൾ ദിനം അറിയിക്കുകയാണെങ്കിൽ കസബ എന്ന സിനിമ ഹൗസ് ഫുള്ളായി താൻ പ്രദർശിപ്പിക്കാൻ തയാറാണെന്നു കസബയുടെ നിർമാതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. താൻ കലാകാരന്മാരെ കുറിച്ചല്ല പറഞ്ഞത് മറിച്ച് സിനിമകളിലെ സ്ത്രീ വിരുദ്ധതയെ കുറിച്ചാണ് സംസാരിച്ചതെന്ന നിലപാടിൽ പാർവതി ഉറച്ചു നിന്നു

ബാഹുബലി രണ്ടാം ഭാഗം റിലീസ് ആയ വേളയിൽ നടൻ സത്യരാജിന്രെ ഒമ്പത് വർഷം പഴക്കമുള്ള വിഡിയോ വിവാദത്തിനു തിരി കൊളുത്തി. തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി വിഷയത്തിൽ അദ്ദേഹം അന്ന് നടത്തിയ പരാമർശം ബാഹുബലി കർണാടകയിൽ റിലീസ് ആകുന്നതിനെതിരെ ചില സംഘടനകളെ രംഗത്തു വരാൻ പ്രേരിപ്പിച്ചു. സത്യരാജ് ക്ഷമ പറഞ്ഞതിന്‌ ശേഷവും പ്രതിഷേധം തുടർന്നെങ്കിലും ചിത്രം അവിടെ റിലീസ് ആവുകയും വൻ വിജയം കൈവരിക്കുകയും ചെയ്തു.

വിജയ് അഭിനയിച്ച മെർസൽ റിലീസിന് മുൻപും ശേഷവും ഒരുപാട് വിവാദത്തിൽ അകപ്പെട്ട സിനിമയാണ്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദീപാവലിക്ക് റിലീസ് ചെയ്യാൻ ചിത്രത്തിന് തടസ്സം നേരിട്ടു. റിലീസിന് ശേഷവും ചിത്രം ജിഎസ്ടി പ്രശ്നത്തെ കുറിച്ചുളള സംഭാഷണം സിനിമയിൽ വന്നതിനെ തുടർന്ന് വിവാദ ചുഴിയിൽ പെട്ടു. നടൻ വിജയ്‌ക്കെതിരെ ബിജെപി നേതാക്കൾ പ്രചാരണം നടത്തി. ബിജെപിയുടെ തമിഴ്‌നാട് ഘടകമാണ് എതിർപ്പുമായി രംഗത്തെത്തിയത്. ചിത്രം നിരോധിക്കാൻ ആവശ്യപ്പെട്ടു. ചാനലുകളുടെ പ്രധാന ചർച്ചാ വിഷയം പോലും മെർസൽ ആയിരുന്നു. കോടതി പിന്നീട് ഇടപെടുകയും ചിത്രം നിരോധിക്കണം എന്ന ഹർജി തള്ളുകയും ചെയ്തു. വിജയ്‌നെതിരെ ആക്രമണം നടക്കുമ്പോൾ ഇന്റർനെറ്റിലാണ് താൻ മെർസൽ കണ്ടത് എന്ന് പറഞ്ഞ ബിജെപി നേതാവിനെതിരെ വിശാൽ രംഗത്തുവന്നു.

രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു നടികൾ പൊതു വേദിയിൽ വച്ച് അപമാനം ഏൽക്കേണ്ടി വന്നു. സായി ദക്ഷണ എന്ന നടിക്ക് വേദിയിലേക്ക് ക്ഷണിക്കാൻ മറന്നു പോയതിന്റെ പേരിൽ ടി.രാജേന്ദ്രന്റെ രോഷം ഏറ്റുവാങ്ങേണ്ടി വന്നു. മറ്റൊന്ന് എഡിറ്റർ ലെനിൻ നടി അമല പോളിനെ വേദിയിൽ വച്ച് അപമാനിച്ച സംഭവമാണ്. തിരുട്ടു പയലുമായി ബന്ധപെട്ടു അമല നൽകിയ അഭിമുഖത്തെ പരാമർശിച്ചാണ് ലെനിൻ വേദിയിൽ സംസാരിച്ചത്.

തമിഴ് നിർമാതാവ് മൈക്കിൾ രായപ്പൻ നടൻ ചിമ്പുവിനെതിരേ പ്രൊഡ്യൂസഴ്സ് കൗൺസിലിനെ സമീപിച്ചത് വിവാദമായി. തന്റെ അൻപാനവൻ, അസറാതവൻ അടങ്കാതവൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് പറഞ്ഞ സമയത്തു എത്തിയില്ല എന്നാരോപിച്ചാണ് അദ്ദേഹം കൗൺസിലിനെ സമീപിച്ചത്. സഹകരിക്കാത്തതു മൂലം ചിത്രം പൂർത്തിയാക്കാൻ താൻ തെരുവിലിറങ്ങേണ്ടി വന്നുവെന്നു അദ്ദേഹം പരാതിയിൽ പറഞ്ഞു. ഇത് മറ്റു സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്ന് ചിമ്പുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നതിൽ വരെ ചെന്നെത്തി. ചിമ്പു പിന്നീട് മാപ്പ് പറഞ്ഞു.

നാഗ ചൈതന്യ-രാകുൽ പ്രീത് എന്നിവർ അഭിനയിച്ച തെലുങ്ക് ചിത്രത്തിന്റെ വാർത്ത സമ്മേളന വേദിയിൽ വച്ച് നടൻ ചലപതി റാവു സ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിനു ഇടയാക്കി. സ്ത്രീകൾ രമിക്കാൻ മാത്രം ഉള്ളവരാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം. നടൻ നാഗാർജുന പിന്നീട് മാപ്പപേക്ഷിച് പ്രസ്താവനയിറക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ