മലയാളസിനിമയെ പ്രതിഭയുടെ സൂര്യസ്പർശം കൊണ്ട് പ്രകാശിപ്പിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രൻ വിട പറയുമ്പോൾ അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾക്കു മുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിലായിരുന്ന ലെനിൻ രാജേന്ദ്രൻ ഇന്നലെ രാത്രിയാണ് അന്തരിച്ചത്.

ലെനിൻ രാജേന്ദ്രൻ വിട പറയുമ്പോഴും അദ്ദേഹം ചെയ്ത സിനിമകൾ അസ്തമിക്കാതെ നിൽക്കുമെന്നാണ് മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യർ അനുസ്മരിക്കുന്നത്.” അദ്ദേഹം വിട പറയുമ്പോഴും ചെയ്ത സിനിമകൾ അസ്തമിക്കാതെ നിൽക്കുന്നു. മീനമാസത്തിലെ സൂര്യനും സ്വാതി തിരുനാളും പോലുള്ള സൃഷ്ടികൾ കാലത്തെ അസൂയപ്പെടുത്തുന്നവയും അതിജീവിക്കുന്നവയുമാണ്. ഒരുമിച്ച് സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം പലവട്ടം പരസ്പരം പങ്കുവെച്ചിട്ടുള്ളതാണ്. പക്ഷേ അതിന് അവസരമുണ്ടായില്ല. മലയാളികളുടെ പ്രിയ സംവിധായകന് ആദരാഞ്ജലി,” മഞ്ജുവാര്യർ കുറിക്കുന്നു.

തന്റെ സിനിമയിലേക്കുള്ള ചുവടുവെയ്പ്പിന് ശുഭാരംഭം കുറിച്ച ലെനിൻ രാജേന്ദ്രനെ ഓർക്കുകയാണ് ഗായിക രശ്മി സതീഷ്. “എന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് ലെനിൻ സാറിന്റെ മകരമഞ്ഞ് എന്ന സിനിമയിൽ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്ററ് ആയിട്ടായിരുന്നു. അന്നുമുതൽ മുൻതലമുറക്കാരിൽ പ്രായഭേദമന്യേ തമാശ പറയാനും എതിർപ്പുകൾ പങ്കുവയ്ക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും ഒരു തടസ്സവുമില്ലാതെ ഇടം തന്നിരുന്ന മനുഷ്യനായിരുന്നു എനിക്ക് ലെനിൻ സർ. ഒരു മകരമഞ്ഞ് കാലത്തുതന്നെ സാർ പുതിയ ലോകത്തേക്ക് പോയി,” രശ്മി അനുസ്മരിക്കുന്നു.

മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയുമെല്ലാം ലെനിൻ രാജേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു.

എൺപതുകളിലെ നവസിനിമയുടെ വക്താക്കളിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്‍മാനായിരുന്നു. 1981ല്‍ ‘വേനല്‍’ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മികച്ച സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. 1982ലെ ‘ചില്ല്’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ. ‘പ്രേം നസീറിനെ കാണ്മാനില്ല’ (1983), ‘മീനമാസത്തിലെ സൂര്യൻ’ (1985), ‘മഴക്കാല മേഘം’ (1985), ‘സ്വാതി തിരുന്നാൾ’ (1987), ‘ദൈവത്തിന്റെ വികൃതികൾ’ (1992), ‘മഴ’ (2000) തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങലും അദ്ദേഹം ഒരുക്കി. 2016ല്‍ പുറത്തിറങ്ങിയ ‘ഇടവപ്പാതി’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന ചിത്രം മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുളള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. 1996ല്‍ ‘കുലം’ എന്ന ചിത്രത്തിന്‌ മികച്ച ജനപ്രിയ, കലാമൂല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

Read more: ലെനിന്‍ രാജേന്ദ്രന്റെ സിനിമാ ലോകം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook