/indian-express-malayalam/media/media_files/uploads/2023/06/kollam-sudhi.jpg)
Entertainment Desk/IE Malayalam
മിമിക്രി ലോകത്തു നിന്ന് സിനിമയിലെത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുണ്ടാകും കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഇന്ന് രാവിലെയാണ് കലാലോകത്തോട് വിട പറഞ്ഞ് യാത്രയായത്.
തിങ്കളാഴ്ച്ച പുലർച്ചെ 4.30 ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് നടന്ന വാഹനാപകടത്തിലാണ് സുധി മരണപ്പെട്ടത്. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധിയുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. സുധിയെ ഓർമിച്ചു കൊണ്ടുള്ള കുറിപ്പുകൾ പ്രിയപ്പെട്ടവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
"എന്റെ സുധി ചേട്ടാ …എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ?സ്വന്തം ചേട്ടനായിരുന്നു …ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു" എന്നാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര കുറിച്ചത്. ലക്ഷ്മി അവതാരകയായി എത്തുന്ന സ്റ്റാർ മാജിക്ക് ഷോയിലെ നിത്യ സാന്നിധ്യമാണ് സുധി.
താരങ്ങളായ ജുവൽ മേരി, ദേവീ ചന്ദന, അശ്വതി ശ്രീകാന്ത്, അജു വർഗ്ഗീസ്, ശാലിനി നായർ, സൂരജ് തേലക്കാട്, അമൃത നായർ, വിനയ് ഫോർട്ട്, അഞ്ജലി, ടൊവിനോ തോമസ്, അനുമോൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ച് ചിത്രം പങ്കുവച്ചിട്ടുണ്ട്.
"അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ !!
മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും" എന്നാണ് നടി ശ്രീവിദ്യ മുല്ലച്ചേരി കുറിച്ചത്. സ്റ്റാർ മാജിക്കിലെ താരങ്ങളിലൊരാളാണ് ശ്രീവിദ്യ.
"ചെയ്യാൻ വേഷങ്ങൾ ഒരുപാട് ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി," നടൻ നോബി മാർക്കോസിന്റെ വാക്കുകളിങ്ങനെ. സുധിയ്‌ക്കൊപ്പം അനവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് നോബി.
താരങ്ങളായ വീണ നായർ, മഞ്ജു സുനിച്ചൻ എന്നിവരുടെ ചിത്രം പങ്കുവച്ച് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുധി സിനിമാ രംഗത്തേക്ക് എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ ആയിരുന്നു ആദ്യ സിനിമ. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും സ്ഥിരം സാന്നിധ്യമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us