കാറല്‍മാര്‍ക്സിന്റെ ജന്മദിനമായ മെയ് അഞ്ചിന് ( 199 ആം ജന്മദിനം ) ‘കോമ്രേഡ് ഇന്‍ അമേരിക്ക’ എന്ന സിനിമ റിലീസാകുമ്പോള്‍ ‘ചുവപ്പ്’ എന്ന വികാരത്തിന് അതില്‍ പ്രസക്തിയുണ്ടാവില്ല എന്നു വിചാരിക്കാന്‍ വയ്യ. ആ വികാരത്തെ ഫ്രെയിമുകളിലൂടെ നിര്‍വ്വചിക്കും മുമ്പ് അമല്‍ നീരദ് എന്ന സംവിധായകന് എടുത്തു പറയുന്നുണ്ട്, യഥാര്‍ത്ഥ ജീവിതമാണ് ഈ കഥയുടെ അടിസ്ഥാനം എന്ന് . ആ ഒരു പ്രസ്താവനയെ മുന്‍നിര്‍ത്തി ഈ സിനിമയെ കാണാന്‍ നിര്‍ബന്ധിക്കുന്നത് അമല്‍ തന്നെയാണ്. കോമ്രേഡ് എന്ന മൂവിക്ക് സറ്റയറാവാനും പൊളിറ്റിക്കല്‍ – റൊമാന്റിക് കോമഡിയാവാനുമൊക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. ജീവിതവും ചിലപ്പോള്‍ സറ്റയറും കോമഡിയുമൊക്കെയാണല്ലോ.
ഇതില്‍ പച്ച ജീവിതമുണ്ട് എന്നു സംവിധായകന് തന്നെ അടിവരയിട്ട് പറയുമ്പോള്‍ പ്രേക്ഷകര്‍ സിനിമയില്‍ ജീവിതം തിരയുന്നത് സ്വാഭാവികം. ആ തിരച്ചിലാണ് നമ്മെ നിരാശയിലേക്ക് തള്ളിവിടുന്നത്; ആ നിരാശ തന്നെയാണ് അസ്വാഭാവികതകളുടെ പരമ്പരയായി ഈ സിനിമയെ വായിക്കാന്‍ തോന്നിപ്പിക്കുന്നതും. (പ്രതീക്ഷിപ്പിക്കാതിരുന്നാല് ഒരു പക്ഷേ നിരാശയ്ക്ക് വക ഉണ്ടാകുമായിരുന്നില്ല !)
സഖാവ് അജിയുടെ പ്രണയപ്പെണ്ണ് , അവളുടെ ഇടമായ അമേരിക്കയിലേക്ക് തിരികെ പറക്കുന്നതോടെ അവന് രാജ്യാതിര്‍ത്തികളിലെ നിയമങ്ങള്‍ പാടേ ലംഘിച്ചും, അതിര്‍ത്തികളൊക്കെയും നുഴഞ്ഞു കടന്നും അവളെ പിന്തുടരുകയും ‘കൂട്ടിവയ്ക്കാന്‍ യാതൊന്നുമില്ലാത്ത വിപ്ളവകാരിയ്ക്ക് മാത്രം ഈ ലോകത്ത് സാധിക്കുന്ന അതിമനോഹര പ്രണയത്തിന്റെ മൂലധനത്തിനുടമ’ യാകാന്‍ പാടു പെടുകയും ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണീ സിനിമ.
സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ ചില ‘പാലാ – രാഷ്ട്രീയ’ സംഭവ വികാസങ്ങളിലേക്ക് കൂപ്പുകുത്തിയാണ് സിനിമ തുടങ്ങുന്നത് . ‘സീസറും ഭാര്യയും’ എന്ന പരാമര്‍ശത്തിന്റെ ഉള്ളുകള്ളികളറിയാതെ ‘സീസറാരാ, അയാളുടെ ഭാര്യ എന്നാ വിചാരിക്കും, അവരിതിലെന്നാത്തിനാ വന്നത്’ എന്ന മട്ടില്‍ മൂക്കത്ത് വിരല്‍ വച്ച് സംശയിക്കുന്ന സമകാലിക മണ്ടത്തരങ്ങള്‍ വരെ പാലാ ഈണത്തില്‍ കേള്‍പ്പിച്ചും കാണിച്ചും തുടക്കം കുറിക്കുന്ന സിനിമ, സാറാ മേരി കുര്യന് എന്ന അമേരിക്കക്കാരി സുന്ദരിയുടെ ഓര്‍മ്മയും പേറിയ പാസ്പോര്‍ട്ട് അജി മാത്യുവിന്റെ കൈയിലെത്തുന്നതോടെ ഒരു പ്രണയാവേശതതള്ളിച്ച മാത്രമാവുന്നു. പള്ളി തെമ്മാടിക്കുഴി വിധിച്ച ഒരുത്തന് സര്‍വ്വാത്മനാ നിന്ന് കുഴിവെട്ടുന്ന അജിയുടെ അടുത്തു നിന്ന് മരിച്ചയാളുടെ കുട്ടി കരയുന്നത് കാണിക്കുന്ന രംഗത്തിലേക്കാണ്, അജിയുടെ പെണ്ണ് രായ്ക്കുരാമാനം അമേരിക്കയിലേക്ക് നാട് കടത്തപ്പെട്ടതിന്റെ വാര്‍ത്ത വരുന്നത്. അതോടെ കുഴിവെട്ട് നില്ക്കുന്നു. കരയുന്ന കുട്ടി പിന്നെയും കരഞ്ഞുകൊണ്ട് ‘കുഴി’ എന്നേര്മ്മിപ്പിക്കുമ്പോള് തന്റെ അവസ്ഥയോടുള്ള ഹൃദയം തകര്‍ന്ന പ്രതികരണമായി മാത്രം അജി കുഴിവെട്ടലിലേക്ക് ആഞ്ഞാഞ്ഞ് മുഴുകുകയാണ് പിന്നീട്. ആ കുട്ടിയുടെ കണ്ണീരിലെ ഉപ്പ് നായകന് മറന്ന് പോയതിലെ പരിഹാസ്യത, സിനിമയെത്തന്നെ പരിഹസിക്കുന്നതായാണ് അനുഭവിക്കാനായത്.
ഉള്ളുരുക്കങ്ങള്‍ ഉള്ളുറപ്പുകളിലേക്കുനയിച്ച പഴയകാല കമ്യൂണിസ്റ്റുകളും പഴയകാല കോണ്‍ഗ്രസുകാരും വംശനാശം നേരിടുന്ന ഇക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനം ഒരു വന്തമാശയാണ് എന്നറിയാതെയല്ല; ആള്‍ക്കൂട്ടത്തെ സംബന്ധിച്ച നോവുകള്‍ കടക്കാനുള്ള ഒരേയൊരു പാലമായി പാര്‍ട്ടിയെ കണ്ടിരുന്ന ഒരു പഴയ തലമുറക്കാരന് പോലും ഈ സിനിമയിലെ ഒറ്റ ഫ്രെയിമിലും പേരിന് പോലും വന്നു പോകുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ‘ഞാന്‍ മറന്ന പ്രിയ വഴികള്‍’ എന്നൊക്കെ റഫീക്ക് അഹമ്മദ് കുറിച്ചു വച്ചതും ഈ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥ… !
ഫൊട്ടോ ഫ്രെയിമുകളില്‍ നിന്നിറങ്ങി വന്ന് ഇ എം എസ് ലൈബ്രറിയില്‍ ഇരിക്കുന്ന ചെഗുവേരയപ്പന്, മാര്ക്സപ്പന്, ലെനിനപ്പന് എന്നിവര്‍ പോലും ‘ഏറ്റവും നല്ല വിപ്ളവകാരിക്കാണ് എറ്റവും നല്ല കമിതാവാകാന് കഴിയുക’ എന്ന ചിന്തയ്ക്കപ്പുറം പോകുന്നുമില്ല . (അവരുടെ മനുഷ്യത്വത്തിനും, മലയാളം പറച്ചിലിനും, ചിരിക്കും കടപ്പാട് പ്രാഞ്ചിയേട്ടന്റെ പുണ്യാളനോടാവാതെ തരമില്ല!)
ചെഗുവേര തുടങ്ങിയവര്‍ ചിരിച്ചോട്ടെ, അവരും പ്രണയലേഖനങ്ങള്‍ എഴുതുന്നവരായിരുന്നോട്ടെ. അവരും മനുഷ്യരായിരുന്നല്ലോ. പക്ഷേ ‘പ്രണയവും മൂലധനവും’ എന്ന തലക്കെട്ടില്‍ നിന്ന് മൂലധനം മാഞ്ഞു പോയി പ്രണയം മാത്രമായാലുള്ള പരിതാപകരവും പരിഹാസ്യവുമായ ജീവിതാവസ്ഥയിലേക്ക് കോമ്രേഡ് ചെഗുവേരയും ലെനിനും മാര്‍ക്സും ചുരുങ്ങിപ്പോയിരിക്കുന്നു ഈ സിനിമയില്‍ എന്നത് സങ്കടകരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമായി യേശുവിനെ വാഴ്ത്തി ‘ഇനിയൊന്നങ്ങനെയുണ്ടാവുമോ വിമലീകരണപാതയില്’ എന്ന സംശയത്തിന്റെ പള്ളിയന്തരീക്ഷത്തിനോട് കമ്യൂണിസത്തെ ചേര്‍ത്തുവച്ച്, ഉച്ചയൂണ് കൊണ്ടു വന്നവന് ഉച്ചയൂണ് കൊണ്ടു വരാത്തവന് അത് പകുത്തു നല്‍കുന്നതാണ് കമ്യൂണിസം എന്ന് പ്രണയിനിയോട് നിര്‍വ്വചിക്കുന്ന അജി മാത്യുവിലൂടെയാണ് സിനിമ പോകുന്നത്.
കേരളാ കോണ്ഗ്രസുകാരന് അച്ഛനും (സിദ്ദിഖ്), കമ്യൂണിസ്റ്റുകാരന് മകനും (അജി മാത്യുവായി ദുല്‍ഖര്‍ സല്മാന്) ഇഷ്ടത്തോടെ വാഴുന്നയിടം. ‘ഇവിടെ എല്ലാവരുടെയും ഇഷ്ടങ്ങള്ക്കിടമുണ്ടെന്ന്’ മകന്റെ ഇഷ്ടക്കാരിയോടു പറയുന്ന അച്ഛന്റെ വാക്കുകളും പ്രവര്‍ത്തികളും നോട്ടങ്ങളും തമാശകളും ചമ്മലുകളും സിദ്ദിഖ് ഭദ്രമാക്കി.
പാലാ ക്രിസ്ത്യാനിയായുള്ള ദുല്‍ക്കറിന്റെ രൂപമാറ്റത്തിലെ ഓരോ പാലാ ഈണവും, ‘എന്റെ കര്‍ത്താവീശോ മിശിഹായേ, എന്നാ തെളക്കമാ തെളങ്ങിയേ’ എന്നു വേണേപ്പറയാം. സി ആർ ഓമനക്കുട്ടന് – അമല്‍ ബന്ധത്തിന്റെ (യഥാര്‍ത്ഥജീവിതത്തിലെ അച്ഛനും മകനും) ചാരുതയോ സ്വച്ഛതയോ തന്നെയാവണം ആ കഥാപാത്രങ്ങളുടെ പ്രചോദനവും ശക്തിയും.
അജിയുടെ അച്ഛന്, കോരാ മന്ത്രിയുടെ പിണിയാള്‍. മകന് അജി, കോരയുടെ ‘മണി’ യിടപാടുകള്ക്കെതിരെ കൊടിപിടിക്കുന്നവന്‍. ഓളങ്ങള്‍ കണ്ടു ഭയപ്പെടാത്ത മന്ത്രി. ‘ഇനി രാജി വയ്ക്കുന്നതാ നല്ലത് ‘എന്ന് മാത്യൂസ് പറയുമ്പോള്‍ രാജിക്കത്തെഴുതിക്കൊടുക്കുയും ‘മന്ത്രിയായിരുന്ന് മരിച്ചാല്‍ മനോരമയില്‍ എട്ടുകോളം ന്യൂസ്, അല്ലേല്‍ ചരമ കോളത്തിലൊരു വാര്‍ത്ത, ഏതാ നല്ലത് ‘എന്ന് ചോദിച്ച് രാജിക്കത്ത് മാത്യൂസിനെക്കൊണ്ട് തന്നെ കീറിക്കളയിക്കുകയും ചെയ്യുന്ന മന്ത്രിയായി അമലിന്റെ അച്ഛന് പ്രൊഫസര്‍ സി ആര് ഓമനക്കുട്ടന് തിളങ്ങി. ‘കുളിമുറിയിലെ കുളിക്കിടയില്പ്പോലും അനുയായികളുമായി സംസാരിച്ചും ചര്‍ച്ച നടത്തിയും പാര്‍ട്ടിയെ വളര്‍ത്തും’ എന്ന കേട്ടുകേള്‍വിയെ, നെറ്റിയിലേക്കു ചപ്രചിപ്ര എന്നു വീണു കിടക്കുന്ന നരച്ചതലമുടിയുമായി വന്നും വര്‍ണ്ണ്യത്തിലാശങ്ക പകര്‍ന്നും ഓമനക്കുട്ടന് സാര്‍ ഭദ്രമാക്കി.
‘സ്വന്തം ഉടുതുണിപോലെ’ അജിക്ക് രണ്ടു കോമ്രേഡ് കൂട്ടുകാരുള്ളത് ദിലീഷ് പോത്തന്റെയും സൗബിൻ ഷാഹിർന്റെയും കൈകളില്‍ ഭദ്രമായി. അവരുടെ തമാശകളും സിദ്ദിഖിന്റെ അഭിനയ മികവും കോളേജില്‍ കടുത്ത പാര്ട്ടിക്കാരനായിരുന്നിട്ട് പൊലീസില്‍ ചേര്‍ന്നപ്പോള്‍ നിലപാടുകളില്‍ മാറ്റം വന്ന ഓഫീസറെ അവതരിപ്പിക്കുന്ന സുജിത് ശങ്കറിന്റെ കൂര്ത്തഭാവങ്ങളും (ഇ എം എസിന്റെ ചെറുമകന്) എടുത്തെടുത്തു പറയേണ്ടതാണ്.
ആക്ഷന്‍ ഹീറോ ബിജുവിലെയും ടേക്ക് ഓഫിലേയും ഇപ്പോള്‍ കോമ്രേഡിലൂടെയും അമ്മ വേഷങ്ങളുടെ വ്യത്യസ്തതയില്‍ പാർവ്വതി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇനി അതിൽ നിന്നും മാറി മറ്റ് റോളുകളിലേക്ക് എത്താനുള്ള ഉത്തരവാദിത്വം പാര്‍വ്വതിക്കും, അവ നൽകാനുളള ഉത്തരവാദിത്വം കഥാകൃത്തുക്കൾക്കും സംവിധായകർക്കുമുണ്ട്. കാര്‍ത്തികാ മുരളിയുടെ സാറാ, തനിക്കു ചെയ്യാനുള്ളത് ഭംഗിയായി ചെയ്തു.
കഥകള്‍ വായിച്ചും കണ്ടും പരിചയമുള്ള ഏതൊരാള്‍ക്കും മുന്‍കൂട്ടി വായിച്ചെടുക്കാന്‍ കഴിയുന്നിടത്തുവച്ച് കോമ്രേഡിന്റെ പ്രണയകഥ പറച്ചില് നീരാവിയായിപ്പോകുന്നുണ്ട്. എളുപ്പം വായിച്ചെടുക്കാന്‍ പറ്റുന്ന രണ്ടാം പകുതിക്കഥ, ഇഴഞ്ഞും വലിഞ്ഞും മുന്നോട്ട് പോകുന്നതിനൊപ്പം സഞ്ചരിക്കേണ്ടി വരുന്നതിലെ ക്ഷീണം സിനിമക്കും ക്ഷീണമായിത്തീര്ന്നേക്കാം.
സ്ത്രീകള്‍ എന്നാല്‍ രാഷ്ട്രീയഅജ്ഞാനികള് എന്ന ഒരു ധ്വനി വന്ന് പോകുന്നുണ്ട് ചിലയിടങ്ങളില്‍. അജിയുടെ അമ്മയ്ക്കും, ആണുങ്ങളുമായി ഇടപെടേണ്ടി വരുമ്പോള്‍, നെറ്റി ചുളിക്കലിനപ്പുറത്തുള്ള ഒരു നിലപാട് എടുക്കാന്‍ സാധിക്കുന്നില്ല.
മെക്സിക്കന്‍ -അമേരിക്കന്‍ ബോര്‍ഡര്‍ നിയമാനുസൃതമല്ലാതെ കടന്ന്, യുണെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ പല പല വൈകാരിക കാരണങ്ങള്‍ കൊണ്ട് അഭയം തേടേണ്ടി വരുന്നവരുടെ ചിറകറ്റസഞ്ചാരങ്ങളില് പ്രേക്ഷകരെ കൂട്ടു ചേര്‍ക്കാന്‍ കോമ്രേഡിനാവുന്നില്ല. മരുഭൂമീം, കള്ളിമുള്ച്ചെടീം, അലച്ചിലും, കരച്ചിലും, വെടിശബ്ദവും, പിടച്ചിലും, ചത്തുതുറിച്ച കണ്ണും, കഴുകനും, കദനപ്പറച്ചിലുകളും കാണിച്ചാല്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സിനിമയാകുമോ? മെക്സിക്കോ കടന്ന് അമേരിക്കയിലെത്താൻ പെടാപ്പാട് പെടുന്ന മനുഷ്യരെ കണ്ടിട്ടും അവരാരും മനസ്സിലൊരു മുറിപ്പാട് പോലും അവശേഷിപ്പിക്കാതെ പോയത്, അവരുടെ ഉള്ളുരുകുന്നത് നമുക്ക് അനുഭവപ്പെടാത്തത്, എന്ത് കൊണ്ടായിരിക്കാം?
വാക്കുകളുടെ പുസ്തകമോ, ദൃശ്യങ്ങളുടെ ബിസിനസ്സോ അല്ല സിനിമ. വാക്കും ദൃശ്യവും ചേര്‍ന്ന് ഉള്ളിലേക്കുള്ള വഴി കൊത്തുന്നതാണ് സിനിമയുടെ ഭാഷ. ഇവിടെ, ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തേക്കൊട്ടെത്തിയുമില്ല എന്ന മട്ടില്‍ കോമ്രേഡ് അഭയാര്ത്ഥിയാവാനൊരുങ്ങുന്നു.
സമീറാ സനീഷ് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്താലും, എഡിറ്റിങ് പ്രതാപ്ര് രവീന്ദ്രന് ചെയ്താലും, ഗാന വരികള്‍ റഫീക് അഹമ്മദ് ചെയ്താലും, സിനിമാറ്റോഗ്രഫി രണദിവെ ചെയ്താലും, മ്യൂസിക് ഗോപീസുന്ദര്‍ ചെയ്താലും, ഷിബിന്‍ ഫ്രാന്‍സിസ് കഥയെഴുതിയാലും, പ്രശസ്ത സിനിമകളുടെ ഛായാഗ്രാഹകനായ സി കെ മുരളീധരന്റെ മകളായ കാര്‍ത്തിക നായികയായാലും, പാലക്കാരനായി ദുല്‍ക്കര്‍ കസറിയാലും, വൈക്കം വിജയലക്ഷ്മിയും ദുല്‍ക്കറും പാടിയാലും, വയലാറിന്റെ ബലികുടീരങ്ങളെ എടുത്തു ചേര്‍ത്താലും, പറയേണ്ടത് പ്രണയത്തെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ അഭയാര്ത്ഥികളെക്കുറിച്ചോ എന്ന് സിനിമയ്ക്ക് നിശ്ചയമില്ലാതെ വന്നാല്‍ അതെല്ലാം നിര്‍ജ്ജീവമാകും.
മൂന്നും ഒന്നിച്ചും കൈകാര്യം ചെയ്യാവുന്നതുമാണ്, ഓരോന്നിനുമുള്ള വികാരവീതം വയ്ക്കലുകള്‍ കൃത്യമാവണം എന്നു മാത്രം. പല ദിശകളിലേക്ക് ചിതറിയൊഴുകുന്ന പുഴ പോലെ പോകുന്ന കഥയെ പിടിച്ചു നിര്‍ത്തുന്നതില്‍ അല്പം കൂടി ശ്രദ്ധയാവാമായിരുന്നു. ബൊളിവിയന്‍ ഡയറിയെന്നോ ജെനിയ്ക്ക് മാര്‍ക്സ് എഴുതിയ പ്രണയ ലേഖനമെന്നോ ഇടയ്ക്കിടെ പറഞ്ഞാല്‍ മാത്രം വരയ്ക്കാന്‍ പറ്റുന്നതല്ല പാര്‍ട്ടിയും പ്രണയവും. ചോപ്പുടുപ്പുകള്, ചോപ്പു കൊടികള്‍, ചോപ്പുരക്തം എന്നിവയൊന്നും കൊണ്ട് ഈ ‘സഖാവ്’ സിനിമ മടുപ്പിച്ചില്ല എന്നതൊരു പ്ളസ് പോയന്റായി പറയാതെ വയ്യ.
കല്യാണി