ദുൽഖർ സൽമാൻ-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന കോമറേഡ് ഇൻ അമേരിക്കയുടെ ടീസറെത്തി. ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പഞ്ച് ഡയലോഗ് പറഞ്ഞ് കലിപ്പ് ലുക്കിൽ മുണ്ട് മടക്കി കുത്തിയുടുത്ത് നടന്നു പോവുന്ന ദുൽഖറാണ് ടീസറിലുളളത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ദുൽഖർ സൽമാനാണ് ടീസർ പുറത്ത് വിട്ടത്.
ഞങ്ങൾക്കുളളതെല്ലാം നൽകിയുളള സിനിമയുടെ ഒരു കുഞ്ഞു ടീസർ എന്നു പറഞ്ഞാണ് ആരാധകർക്കായി ദുൽഖർ ടീസർ പങ്കുവച്ചിരിക്കുന്നത്. പാലാക്കാരനായ എസ്എഫ്ഐക്കാരൻ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.സുജിത്ത് ശങ്കറാണ് ടീസറിലെ മറ്റൊരു താരം.
അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. അമലിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം.അമൽ നിരദ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.വിഷുവിന് ചിത്രം തിയേറ്ററിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് റിലീസ് മെയ് അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ദുൽഖറും അമൽ നീരദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സിഐഎ. ഇതിന് മുൻപ് അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചിരുന്നു. അഞ്ച് സുന്ദരികൾ എന്ന ചലച്ചിത്രത്തിലെ കുളളന്റെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലായിരുന്നു അത്. കുളളന്റെ ഭാര്യയിൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു ദുൽഖർ എത്തിയത്.