താമര പോലെ വിടര്‍ന്ന കണ്ണുകള്‍, വശ്യമായ ചിരി, അനുസരണയില്ലാത്ത കുട്ടിയെപോലെ അലസമായി കിടക്കുന്ന തലമുടി, പ്രസരിപ്പാര്‍ന്ന മുഖം, ഇംഗ്ലീഷും മലയാളവും ഇടകലര്‍ന്ന സംസാരം… സിഐഎ-കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ആദ്യ ചിത്രത്തിലൂടെ ദുല്‍ഖറിന്റെ നായികയായെത്തി മലയാളിയുടെ ഹൃദയം കീഴടക്കാന്‍ കാര്‍ത്തിക മുരളീധരന് ഇതെല്ലാം ധാരാളമായിരുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സി.കെ.മുരളീധരന്റെ മകളായ കാര്‍ത്തികയ്ക്ക് സിനിമ ഒരു കൈയ്യകലെ തന്നെയുണ്ടായിരുന്നു.
പക്ഷേ താന്‍ ഏറ്റവും അധികം ആരാധിക്കുന്ന ദുല്‍ഖറിന്റെ നായികയാകാന്‍ കഴിഞ്ഞതും മലയാളത്തില്‍ തന്നെ ആദ്യ ചിത്രം ചെയ്യാനായതുമെല്ലാം ഭാഗ്യം കൊണ്ടാണെന്ന് കാര്‍ത്തിക കരുതുന്നു. സിഐഎയിലെ സാറാ മേരി കുര്യനിലേക്കുളള വഴിയും തന്റെ ഇഷ്ടങ്ങളും വിശേഷങ്ങളും ഐഇ മലയാളത്തോട് പങ്കുവയ്ക്കുകയാണ് കാര്‍ത്തിക…
എങ്ങനെയാണ് സിഐഎയിലെ സാറാ മേരി കുര്യനാകുന്നത്?
നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ അച്ഛനെ അഭിമുഖം ചെയ്യാന്‍ കേരളത്തില്‍ നിന്നു എത്തിയ പത്രപ്രവര്‍ത്തകര്‍ എന്നോട് വെറുതേ ചോദിച്ചു, അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന്. ദുല്‍ഖറിന്റെ നായികയായിട്ടാണെങ്കില്‍ ചെയ്യാം എന്ന് വെറുതേ പറഞ്ഞു. ഷാരൂഖിന്റെ കൂടെയോ ബ്രാഡ് പിറ്റിന്റെ കൂടെയോ അഭിനയിക്കണം എന്നൊക്കെ വെറുതേ പറയില്ലേ.. അതുപോലെയായിരുന്നു അതും. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്ന് വെറുതേ പറഞ്ഞ വാക്ക് സത്യമായി.
കോളജില്‍ ഡിഗ്രി ആദ്യ വര്‍ഷം കഴിഞ്ഞ് വീട്ടില്‍ പോകാനിരിക്കുമ്പോഴാണ് അച്ഛന്‍ വിളിച്ചു മലയാളം ചിത്രത്തിലേക്ക് ഒരു നായികയെ വേണമെന്ന് പറയുന്നത്. ഞങ്ങളുടെ ഒരു കുടുംബസുഹൃത്താണ് അച്ഛനോട് ഇക്കാര്യം പറഞ്ഞതും എന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തതും. ഞാന്‍ തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് അച്ഛന്‍ പറയുന്നത് അമല്‍ നീരദ്-ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലേക്കാണെന്ന്.
പിറ്റേന്നു തന്നെ കൊച്ചിക്കും അവിടെ നിന്ന് പാലായിലും പോയി സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. വേറെ പെണ്‍കുട്ടികളും സ്‌ക്രീന്‍ ടെസ്റ്റിന് എത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു, ദുല്‍ഖറിന്റെ നായിക ഞാനാണെന്ന് അറിയിച്ചുകൊണ്ട്. ഭയങ്കര എക്‌സൈറ്റഡായിരുന്നു അത് കേട്ടപ്പോള്‍.
ചിത്രത്തില്‍ മലയാളം പറയാന്‍ ബുദ്ധിമുട്ടിയോ?
ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. അതുകൊണ്ട് മലയാളം അത്ര നന്നായി വഴങ്ങില്ല. എന്നുവച്ച് പറയാനും വായിക്കാനുമെല്ലാം അറിയില്ലെന്നല്ല കേട്ടോ. സിഐഎയില്‍ സാറ ഒരു എന്‍ആര്‍ഐ ആണ്. അതുകൊണ്ടുതന്നെ എന്റെ ഭാഗ്യത്തിന് സാറയ്ക്കും മലയാളം അത്ര വഴങ്ങുമായിരുന്നില്ല. അതാണ് ഞാനും സാറയും തമ്മിലുളള ഏക സാമ്യം.
ഞാന്‍ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെ പറഞ്ഞാല്‍ മതിയെന്നാണ് അമല്‍ സാര്‍ പറഞ്ഞത്. പക്ഷേ ഭാവിയില്‍ അത് പറ്റില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് മലയാളം നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കുകയാണ് ഇപ്പോള്‍. അതിനുളള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
വീട്ടില്‍ ഹിന്ദി, ഇംഗ്ലീഷ്, മലയാളം എല്ലാം സംസാരിക്കും. പക്ഷേ ചെറുപ്പത്തില്‍ അച്ഛന്‍ എന്നെ മലയാളം പഠിപ്പിക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ ഓടിയിട്ടുണ്ട് ! അന്ന് അതിന്റെ അര്‍ഥം മനസ്സിലായില്ല. അന്നേ പഠിക്കാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.
അച്ഛന്‍ ബോളിവുഡിലെ തിരക്കുളള ഛായാഗ്രഹകനായിട്ടും എന്തുകൊണ്ടാണ് മലയാളത്തില്‍ ആദ്യം അഭിനയിക്കാമെന്ന് കരുതിയത് ?
ബോളിവുഡിൽ എല്ലാം ശ്രദ്ധിച്ച് മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ. പക്ഷേ മലയാളം മറ്റ് ഭാഷകളില്‍ നിന്നു വ്യത്യസ്തമാണ്. കൂടാതെ ഇത്രയും നല്ല ഒരു ടീമിന്റെ ഭാഗമാകുന്നത് തന്നെ വലിയ കാര്യമാണ്. മലയാളത്തിലെ സിനിമകളിലെല്ലാം നല്ല ഫോക്കസ് ഉണ്ട്. സ്‌ക്രിപ്റ്റ്, വിഷ്വല്‍സ്, സംവിധാനം എന്താണെങ്കിലും മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട്. നായകനെ മാത്രം നോക്കിയല്ല ഇവിടെ ആളുകള്‍ സിനിമയ്ക്ക് പോകുന്നത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇവിടെയുളളവര്‍ക്ക് അറിയാം.
അത്ര നല്ല മിടുക്കുളള പ്രേക്ഷകരാണ് മലയാളികള്‍. എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്നും മലയാളികള്‍ക്കറിയാം. സിനിമ ഒരു കലയാണ്. അതിനെ ഇവിടെയുളളവര്‍ നന്നായി ബഹുമാനിക്കുന്നുണ്ട്. ആദ്യത്തെ ചിത്രം മലയാളത്തിലായതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്.
ഏറ്റവും ഇഷ്ടമുളള നടന്റെ കൂടെ ആദ്യ ചിത്രം. ദുല്‍ഖറിനൊപ്പമുളള അനുഭവം ?
ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. എനിക്ക് സംസാരിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിനാണ് ആദ്യം കണ്ടത്. അന്ന് ഒരു ഹായ് മാത്രം പറഞ്ഞ് ഞാന്‍ മാറിനിന്നു. പിന്നീട് ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ എന്നെ സംസാരിപ്പിക്കാന്‍ വേണ്ടി ദുല്‍ഖര്‍ തന്നെ അടുത്തുവന്ന് കുറേ സംസാരിച്ചു. എന്നെ കംഫര്‍ട്ടബിള്‍ ആക്കാന്‍ വേണ്ടി ഒരുപാട് സഹായിച്ചു. ദുല്‍ഖറിനൊപ്പം തുടങ്ങാനായതില്‍ സന്തോഷമുണ്ട്.
ഷൂട്ടിങ്ങിനിടയില്‍ മറക്കാനാവാത്ത അനുഭവം?
അവസാനത്തെ ഷെഡ്യൂള്‍ യുഎസിലെ ടെക്‌സസിലായിരുന്നു. അവിടെ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആ സമയത്ത്. തണുത്ത് മരവിച്ചു പോകുന്ന അവസ്ഥ. എന്റെ ഡ്രസ് തന്നെ ഭയങ്കര ഹെവിയായിരുന്നു. അതിന്റെ കൂടെ തണുപ്പ് കൂടിയായപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത പോലെ. സിനിമയില്‍ തണുപ്പ് കാണിക്കാനും കഴിയില്ല. ആറു മണിക്കൂറോളം ആ സീന്‍ എടുക്കേണ്ടിയിരുന്നു. അതെല്ലാം കഴിഞ്ഞപ്പോഴേക്കും താടിയൊന്നും അനക്കാനാവാത്ത അവസ്ഥയായി. ഒരിക്കലും മറക്കില്ല ആ തണുപ്പും ആ സീനും.
സിനിമ പാഷനായിരുന്നോ ?
സിനിമ സെറ്റിലെല്ലാം അച്ഛന്റെ കൂടെ ഞാന്‍ പോയിട്ടുണ്ട്. അന്നു മുതലേ സിനിമയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു പക്ഷേ ആഗ്രഹിച്ചത്. കള്‍ചറല്‍ ആര്‍ട്‌സും ഡാന്‍സും നാടകവുമെല്ലാമാണ് ഞാന്‍ പഠിച്ചതും പഠിക്കുന്നതും. അതുകൊണ്ട് തന്നെ എഴുത്തും നിര്‍മാണവും സെറ്റ് ഡിസൈനിങ്ങും സ്‌ക്രിപ്റ്റിങ്ങുമെല്ലാമായി മുന്നോട്ട് പോകാനാണ് ആഗ്രഹിച്ചത്. ഭാവിയില്‍ സംവിധാനവും മോഹിച്ചിട്ടുണ്ട്. കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമെന്ന് കരുതിയിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.
നാടക പഠനം തിരഞ്ഞെടുത്തത് അതുകൊണ്ടാണോ?
ഇപ്പോള്‍ ബെംഗളൂരുവില്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍, ക്രിയേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് കണ്ടംപ്രറി ആര്‍ട് പ്രാക്ടീസസ് എന്ന വിഷയത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഇനി രണ്ടു വര്‍ഷം കൂടിയുണ്ട്. അവിടെ കലാ സംവിധാനവും ഇന്‍സ്റ്റലേഷനും എല്ലാം ചെയ്യാറുണ്ട്. കഴിഞ്ഞ കൊച്ചി ബിനാലെയ്ക്കു വേണ്ടി ഞങ്ങളുടെ കോളജില്‍ നിന്ന് ഇന്‍സ്റ്റലേഷന്‍ ചെയ്യാനായി എത്തിയവരില്‍ ഞാനുമുണ്ടായിരുന്നു.
ബെംഗളൂരുവില്‍ സൃഷ്ടിയുമായി സഹകരിച്ച് നടത്തുന്ന നാടകങ്ങളില്‍ പങ്കാളിയാകാറുണ്ട്. തിയേറ്റര്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കലയാണ്. ഗ്രീക്ക് തിയേറ്റര്‍ കുറേ ചെയ്തിട്ടുണ്ട്. സ്‌കൂളിലും കോളജിലുമെല്ലാം നാടകങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. മ്യൂസിക്കല്‍ തിയേറ്ററും അവതരിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ തിയേറ്റര്‍ രംഗത്ത് സജീവമാണ്. നൃത്തവും അഞ്ചു വയസ്സു മുതല്‍ അഭ്യസിക്കുന്നുണ്ട്. ഒരു ദിവസം 15 മണിക്കൂര്‍ വരെ നൃത്തം അഭ്യസിച്ചിരുന്നു. അത്ര പാഷനായിരുന്നു. ഒഡീസി നൃത്തം നാല് വര്‍ഷം അഭ്യസിച്ചിരുന്നു. ജാസ് പഠിച്ചിരുന്നു, പിന്നീടത് പഠിപ്പിക്കുകയും ചെയ്തിരുന്നു.
സിനിമ കണ്ടിട്ട് അച്ഛന്റെ അഭിപ്രായം?
അച്ഛനാണ് എന്റെ ഏറ്റവും വലിയ നിരൂപകന്‍. ചിലത് പോരെന്നും ചില ഭാഗങ്ങളില്‍ കുഴപ്പമില്ലെന്നും പറഞ്ഞു. ഇനിയും പഠിക്കാനും നന്നാക്കാനുമുണ്ടെന്നാണ് അച്ഛന്റെ ഉപദേശം. അതിനാണ് ഞാനും ശ്രമിക്കുന്നത്. ചിത്രത്തിലെ എന്റെ അഭിനയം തുടക്കത്തിനൊത്തുളള പരിശ്രമമുണ്ടെന്നും അച്ഛന്‍ പറഞ്ഞു.
സിനിമയില്‍ അനിയനാണല്ലോ സീനിയര്‍?
സിനിമയില്‍ അനിയന്‍ ആകാശ് എന്നെക്കാളും സീനിയറാണ്. സ്‌കൂള്‍ ബസ് എന്ന ചിത്രത്തില്‍ അവന്‍ അഭിനയിച്ചിട്ടുണ്ട്. അവന്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും സിനിമയിലേക്ക് പിച്ചവച്ചു വരുന്നതേയുളളൂ. അമ്മ മീനയും അച്ഛനും എല്ലാ പിന്തുണയും തരുന്നുണ്ട്.
സ്വദേശം?
അച്ഛനും അമ്മയും കോട്ടയം ജില്ലക്കാരാണ്. എനിക്ക് ആറ് മാസമുളളപ്പോള്‍ മുംബൈയ്ക്ക് കൊണ്ടുപോയതാണ്. പിന്നെ വെക്കേഷനു മാത്രമേ നാട്ടില്‍ വരാറുളളൂ.
ഇനി സിനിമ തന്നെ ജീവിതം?
പുതിയ പ്രോജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. പക്ഷേ അതിനിടയ്ക്ക് എന്റെ പഠനവും കൊണ്ടുപോകണം. മാസ്റ്റര്‍ ഡിഗ്രി എടുക്കണം. രണ്ടും കലയാണ്. അതുകൊണ്ടു തന്നെ ഒന്നിച്ചു കൊണ്ടുപോകണം. പുതിയ ചില സ്‌ക്രിപ്റ്റുകള്‍ വായിക്കുന്നുണ്ട്. ഒന്നും തീരുമാനമായിട്ടില്ല.