അൻപത് കോടി ക്ലബ് എന്നൊക്കെ പറയുന്നത് മലയാളത്തെ പോലൊരു ചെറിയ സിനിമ വ്യവസായത്തെ സംബന്ധിച്ച് ഇപ്പോഴും വലിയൊരു നേട്ടവും വാർത്തയുമൊക്കെയാണ്. റിലീസ് ചെയ്ത് ഒരു മാസമാകും മുൻപേ ‘രോമാഞ്ചം’ അത്തരമൊരു നേട്ടത്തിലേത്തുമ്പോൾ അതിന്റെ വാണിജ്യ വിജയത്തിനൊപ്പം ശ്രദ്ധേയമാവുന്നത്, ഹാസ്യം എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട യോണറിന്റെ തുടർച്ചയാണ് ആ ചിത്രം എന്നതാണ്.
ഇവിടെ ഒരു കാലത്ത് ഏറ്റവുമധികം വിജയ സാധ്യതയുണ്ടായിരുന്ന ഹാസ്യചിത്രങ്ങൾ, ഇടയ്ക്ക് എപ്പോഴോ ഗതിമാറിയൊഴുകി പ്രേക്ഷകനിൽ നിന്നും അകലുകയായിരുന്നു. ഗൃഹാതുരത്വത്തിന്റെ മറുപേരായിരുന്നു മലയാളിക്ക് അത്തരം സിനിമകൾ. അവയുടെ വീണ്ടെടുപ്പാണ് ഒരുപക്ഷേ ഇപ്പോൾ മലയാള സിനിമക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ലൊരു മാറ്റം. ‘രോമാഞ്ച’വും കോവിഡാനന്തര കാലത്ത് വിജയം കൊയ്ത ‘ജാൻ എ മൻ’ ‘ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങളും കൂടി കണക്കിലെടുത്താൽ ഒരിക്കൽ കൈവിട്ടു പോയ ഹാസ്യ സിനിമകൾക്ക് ഇവിടെ പുതിയ സാധ്യതകൾ തെളിയുന്നതായി അനുമാനിക്കാം.
മൂന്ന് വ്യത്യസ്ത ഭൂമികളിൽ, മൂന്ന് വ്യത്യസ്ത വിഷയങ്ങൾ തീർത്തും വിഭിന്നമായി പറയുന്ന ‘രോമാഞ്ചം,’ ‘ജയ ജയ ജയ ഹേ,’ ‘ജാനേ മൻ’ എന്നീ സിനിമകൾക്ക് ഒരേയൊരു സാമ്യമേയുള്ളൂ – ഹാസ്യം. എല്ലാ വിഭാഗം കാണികളെയും തീയറ്ററുകളിലേക്ക് തിരിച്ചു കൊണ്ട് വരികയെന്ന ദൗത്യം കൂടി വളരെ ചെറിയ ക്യാൻവാസിൽ കഥ പറഞ്ഞ, സൂപ്പർ താര സാന്നിധ്യമില്ലാത്ത, പുതുമുഖ സംവിധായകരുടെ (‘ജയ ജയ ജയ ഹേ’ ഒഴികെ) ഈ സിനിമകൾ നിർവ്വഹിച്ചു.
ഹാസ്യത്തിന്റെ വീണ്ടെടുപ്പ്
ഹാസ്യത്തിന്റെ വീണ്ടെടുപ്പിനെ പറ്റി പറയുമ്പോൾ അതിന്റെ തുടക്കത്തെയും വലിയ തോതിലുള്ള വളർച്ചയെയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൊത്തം സിനിമാ ചരിത്രമെടുത്തു നോക്കിയാൽ ചാർളി ചാപ്ലിനും ലോറൽ ആൻഡ് ഹാർഡിയും മുതൽ ലോക സിനിമാ ഭൂപടത്തിൽ ക്ലാസ്സിക് കോമഡി സിനിമകൾക്ക് വലിയ സ്ഥാനമുണ്ട്. ഒരർത്ഥത്തിൽ സിനിമ പോലൊരു കലാരൂപത്തിന്റെയും ക്രാഫ്റ്റിന്റെയും വിനോദോപാധിയാകൽ എന്ന വലിയ സാധ്യതയെ ഏറ്റവുമധികം ഫലപ്രദമായി ഉപയോഗിച്ചത് ഹാസ്യ സിനിമകളാണ്.
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു കാലത്ത് ഏറ്റവുമധികം ആളുകളെ തീയറ്ററുകളിലേക്കും ഇപ്പോഴും ടെലിവിഷൻ സ്ക്രീനിലേക്കും ആകർഷിക്കുന്ന മലയാള ഹാസ്യ സിനിമകൾ. എൺപതുകളുടെ തുടക്കം മുതൽ രണ്ടായിരത്തിന്റെ ആദ്യ ഭാഗം വരെ ഏറ്റവുമധികം മാർക്കറ്റ് ഉണ്ടായിരുന്നത് ഇത്തരം സിനിമകൾക്കാണ്. മലയാള സിനിമയുടെ സുവർണകാലം എന്ന് പല തലമുറയിൽ പെട്ടവർ ആ കാലത്തെ വിളിച്ചു പോരുന്നു. തൊഴിലില്ലായ്മയും (‘നാടോടികാറ്റ്,’ ‘ടി പി ബാല ഗോപാലൻ എം എ,’ ‘റാംജി റാവു സ്പീക്കിങ്’) അഴിമതിയും (‘വെള്ളാനകളുടെ നാട്) മുതൽ മനഃശാസ്ത്ര വിശകലനം (‘മണിച്ചിത്രത്താഴ്,’ ‘വടക്കുനോക്കിയന്ത്രം’) വരെ മലയാള സിനിമ പറഞ്ഞിരുന്നത് ഹാസ്യം ചേർത്താണ്.
ഒരു കാലത്ത് മലയാള സിനിമയെ താങ്ങി നിന്നിരുന്ന യോണറിലുള്ള സിനിമകൾ എന്ത് കൊണ്ട് പിന്നീടൊരു കാലത്ത് പ്രതിഭകളുടെ സാന്നിധ്യതത്തിലും വൻ പരാജയമേറ്റ് വാങ്ങി തീയറ്ററുകളിൽ നിന്ന് അപ്രത്യക്ഷമായി എന്നതിന് പല സാമൂഹ്യ, രാഷ്ട്രീയ കാരണങ്ങളും കാണാൻ കഴിയും. പക്ഷേ ഏറ്റവും ‘ഒബ്‌വിയസ്’ ആയ ഒരു കാരണം അതിൽ വന്ന കലർപ്പായിരുന്നു. ദ്വയർത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം, റേപ്പ് ചെയുന്നത് വരെ ഹാസ്യമാക്കിയുള്ള അവതരണം ഒക്കെ നിരന്തരം ഇവിടെ ആവർത്തിക്കപ്പെട്ടു. ആദ്യ ഘട്ടത്തിൽ ‘മായാ മോഹിനി’ പോലുള്ള ചില സിനിമകൾ ഈ ഫോർമുലയുപയോഗിച്ച് വാണിജ്യ വിജയം നേടിയെങ്കിലും ഇതിന്റെ തുടർച്ചകൾ ആളുകളെ മടുപ്പിച്ചു. ഒരു വിഭാഗം പ്രേക്ഷകർ ഹാസ്യ സിനിമകളിൽ നിന്നും പതിയെ പതിയെ തീയറ്ററുകളിൽ നിന്നുമകന്നു. ഇതോടെ ഇത്തരം സിനിമകൾക്ക് മാർക്കറ്റില്ലെന്ന വാദവുമായി നിർമാതാക്കൾ കൂടി ഈ മേഖലയിൽ നിന്നകന്നു.
പ്രിയദർശൻ, സിദ്ധിക് ലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ജയറാം, മുകേഷ്, ജഗദീഷ്, സിദ്ധിക്ക്, ദിലീപ്, പപ്പു, മാള അരവിന്ദൻ, ഫിലോമിന, മീന, ഉർവശി, കല്പന തുടങ്ങി ഹാസ്യം സംവിധാനം ചെയ്യാനും തിരക്കഥയിലാക്കാനും ക്യാമറക്ക് മുന്നിലെത്തിക്കാനും ഒരുപാട് സിനിമ പ്രവർത്തകരുമുണ്ടായിരുന്നു.
രണ്ടു പതിറ്റാണ്ടോളം വർഷത്തോളം നീണ്ട ഹാസ്യം എന്ന വിജയ സാധ്യത രണ്ടായിരത്തിന്റെ ആദ്യ പകുതി മുതൽ പക്ഷേ മലയാള സിനിമയെ കൈവിട്ടു തുടങ്ങി. പിന്നീട് വന്ന സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെയുള്ള താരങ്ങളുണ്ടായിട്ടും ഹാസ്യ സിനിമകൾ ഇവിടെ വിജയിക്കാതായി. കുറച്ച് കൂടി ഗൗരവമായി നോക്കിയാൽ പരസ്യങ്ങൾക്കപ്പുറം ഒരു സിനിമയിലേക്ക് എല്ലാവരും ഒരുപോലെ ആകർഷിക്കപ്പെടുകയെന്നതും ഹാസ്യ സിനിമകളുടെ പതനത്തോടെ അവസാനിച്ചു. നവതരംഗ സിനിമകളും ഫീൽ ഗുഡ് സിനിമകളും സ്റ്റൈലിഷ് മാസ്സ് സിനിമകളും തീയറ്ററുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാതായി. ഒരു വിഭാഗത്തെ മാത്രം രസിപ്പിക്കുന്ന സിനിമകളെന്നിവ ബ്രാൻഡ് ചെയ്യപ്പെട്ടു. കുടുംബമൊഒന്നിച്ചുള്ള സിനിമ കാണലും കുട്ടികളുടെ സാനിധ്യവുമെല്ലാം മെല്ലെ മെല്ലെ തീയറ്ററുകളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി.
ഹാസ്യത്തെ മുറുകെ പിടിച്ച സംവിധായകരുടെയും തിരക്കഥകൃത്തുക്കളുടെയും നടീ നടന്മാരുടെയും അതേ യോണറിലുള്ള സിനിമകൾ പഴയ കാലത്തിന്റെ നിഴൽ മാത്രമായി പലപ്പോഴും മാറി. അവർ കാലത്തിനനുസരിച്ച് ‘അപ്ഡേറ്റെഡ്’ ആയില്ല എന്നും വേണമെങ്കിൽ പറയാം. മലയാളികൾ നിത്യ ജീവിതത്തിളുപയോഗിക്കുന്ന വാക്കുകൾ, പ്രയോഗങ്ങൾ ഒക്കെ നൽകിയവർ പിന്നെ അതേ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറു’കളായി മാറി. ഹാസ്യ സിനിമ പഴയ കാല സിനിമകളുടെ വികലാനുകരണങ്ങളല്ല വളരെയധികം ഗവേഷണ നിരീക്ഷണങ്ങൾ വേണ്ട ഒരു വിഭാഗമാണെന്ന് മനസിലായപ്പോൾ മലയാള സിനിമാ പ്രവർത്തകരും അത് ‘വിട്ടു പിടിക്കാൻ’ തുടങ്ങി. ഹാസ്യത്തിൽ വലിയ രീതിയിൽ കഴിവ് തെളിയിച്ച താരങ്ങൾ അഭിനയത്തിന്റെ മറ്റു സാധ്യതകൾ തേടി പോയതും ഇതിനോട് ചേർത്ത് വായിക്കാം.
‘ട്രെൻടിനൊപ്പം’ മറ്റു സിനിമകൾ നിർമിക്കുക എന്നത് മലയാള സിനിമയുടെ കാലങ്ങളായുള്ള സ്വഭാവമാണ്. റിയലിസ്റ്റിക്ക് സ്വഭാവമുള്ള സിനിമകൾ, അങ്ങനെയാവാൻ ശ്രമിക്കുന്ന സിനിമകൾ, ഒപ്പം വരുന്ന ഫീൽ ഗുഡ് സിനിമകൾ, ഇടക്ക് വരുന്ന മാസ്സ് സ്റ്റൈലിഷ് പടങ്ങൾ ഒക്കെയായി പിന്നെയിവിടത്തെ സ്ഥിരം കാഴ്ചകൾ. സാമൂഹ്യമായും രാഷ്ട്രീയമായും സിനിമ വായിക്കപ്പെടുന്നതും അങ്ങനെയൊരു കാലത്ത് അലക്ഷ്യമായി. ഒരു ഹാസ്യ സിനിമയെടുത്താൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളും വിമർശനങ്ങളുമൊക്കെ നിർമാതാക്കളെയും വിതരണക്കാരെയും സ്വാധീനിച്ചിട്ടുണ്ടാവണം. ദ്വായർത്ഥ പ്രയോഗങ്ങൾ, സ്ത്രീ വിരുദ്ധത, ദളിത് വിരുദ്ധത, വംശീയത ഒക്കെ വലിയ തോതിൽ ചർച്ചയാവുന്ന ഒരു കാലത്ത് ഇതൊന്നുമില്ലാത്ത ഹാസ്യം കാണിക്കുകയെന്നത് വെല്ലുവിളി തന്നെയായിരുന്നു. ഒപ്പം സൂക്ഷ്മതയില്ലാത്ത ഹാസ്യം സൃഷ്ടിക്കുന്ന ശ്മശാന മൂകത വലിയൊരു പാഠ പുസ്തകവുമായി.
തീയറ്ററുകളെ സിനിമ കാണാൻ ആശ്രയിക്കുന്നതിനെ കുറിച്ച് ആളുകളെ ആശയക്കുഴപ്പത്തിലായ കോവിഡ് കാലത്താണ് ‘ജാനേ മൻ’ പുറത്തിറങ്ങുന്നത്. ഓ ടി ടി റിലീസുകളിലേക്ക് നമ്മൾ സ്വയം മാറിയ കാലത്ത്, ത്രില്ലറുകളും റിയലിസ്റ്റിക്ക് സിനിമകളും ‘ഇൻ ട്രെൻഡ്’ ആണെന്ന് വിശ്വസിച്ച 2021ലാണ് നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ഈ സിനിമ വരുന്നത്. വലിയ താര സാന്നിധ്യമില്ലാത്ത ഈ സിനിമ വൻ വിജയമായി. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച ചെറുപ്പക്കാരുടെ ഒറ്റപ്പെടലും വിഷാദവുമാണ് സിനിമ പറഞ്ഞു വെക്കുന്നത്. സിനിമ വിജയിച്ചത് ആ വിഷയം പറയാനുപയോഗിച്ച യോണർ ഹാസ്യമാണ് എന്നത് കൊണ്ടാണ്. അപ്ഡേറ്റഡ് ആയ ഹാസ്യം തീയറ്ററുകളിലേക്കാളുകളെ കയറ്റി.
അടുത്ത വർഷത്തിലേക്ക് എത്തിയപ്പോൾ വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ ഇതിനേക്കാൾ വലിയ വിജയമായി. ഡോമസ്റ്റിക്ക് വയലൻസ്, വീട്ടിൽ നിന്ന് തുടങ്ങുന്ന പാസ്സീവ് അഗ്രെഷൻ തുടങ്ങി വലിയൊരു വിഭാഗത്തെ ചൊടിപ്പിക്കുന്ന, മറ്റൊരു വലിയ വിഭാഗത്തിനു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം തീയറ്ററിൽ ആളുകൾ കണ്ടത് വലിയ കയ്യടികളോടെയാണ്. സിറ്റുവേഷനൽ കോമഡികളെ പുതിയ രീതിയിൽ തിരിച്ചു കൊണ്ട് വന്ന സിനിമ കൂടിയായി അത്. മാർക്കറ്റിംഗ് സാധ്യതകൾ പഠിച്ചുപയോഗിച്ചെങ്കിലും അതിനപ്പുറം ‘മൌത്ത് പബ്ലിസിറ്റി’ ആ സിനിമയെ ഒരുപാട് കാലം തീയറ്ററുകളിൽ നിർത്തി.
ഹോറർ കോമഡി പോലുള്ള, ഒരുപാട് വെല്ലുവിളിയുയർത്തുന്ന ഒരു യോണർ ഭൂരിഭാഗം വരുന്ന പുതുമുഖങ്ങളെ വച്ച് പുതുമുഖ സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ഈ വർഷത്തെ ആദ്യത്തെ വിജയമായ ‘രോമാഞ്ചം.’ ഈ സിനിമയിലും ഹാസ്യമാണ് വിജയഫോർമുല. ടൈമിംഗ് വളരെ കൃത്യമായി ഉപയോഗിച്ച് സിനിമയെ ആദ്യാവസാനം രസിപ്പിച്ചു നിർത്തുക എന്നത് വലിയൊരു സാധ്യതയാണ്, കടമ്പയും. ‘രോമാഞ്ചം’ ആ സാധ്യതയെ ഉപയോഗിച്ചു തീയറ്ററുകളെ ഇപ്പോൾ സജീവമാക്കുന്നു. അപ്ഡേറ്റഡ് ആകുകയെന്ന ഹാസ്യത്തിന്റെ പ്രാഥമിക ധർമം ഇവിടെയും ഭംഗിയായി നടപ്പിലാവുന്നു. ഒരുപടി കൂടി കടന്ന് പ്രേക്ഷകർക്ക് ഫ്രാഞ്ചയ്സിയൊക്കെ പ്രതീക്ഷിക്കാവുന്ന നിലയിൽ ആ സിനിമ വളരുന്നു. സിനിമാ വ്യവസായത്തിന് അതുണ്ടാക്കുന്ന ‘മൈലേജ്’ വളരെ വലുതാണ്.
ഈ വിജയിച്ച ഹാസ്യ സിനിമകൾ ഏറ്റവും പൂർണതയുള്ളവയാവണം എന്നില്ല. ക്ലാസ്സിക്കുകൾ എന്ന് തന്നെ വിളിക്കാവുന്ന പല സിനിമകളും പിന്നീടുള്ള കാലത്ത് പല നിലയിൽ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കലയെന്ന നിലയിൽ വളരാൻ അതാവശ്യവുമാണ്. പക്ഷേ ഏതാണ്ട് ആദരാഞ്ജലി നേർന്നു നമ്മൾ മറന്ന് തുടങ്ങിയ തീയറ്ററുകളിലെ കൂട്ട ചിരികളെ ഇവ വീണ്ടും ഇൻ ട്രെൻഡ് ആക്കി മാറ്റുന്നു. എന്റർടൈൻമെന്റ് സിനിമയിലെ ഹ്യൂമർ എന്ന അതിശക്തമായ യോണറിനെ ഭംഗിയായി ഈ സിനിമകൾ മടക്കി കൊണ്ട് വന്നിട്ടുണ്ട്. തമാശയില്ലാതെ എന്ത് മലയാള സിനിമ എന്ന വലിയ കാഴ്ചപ്പാട് കൂടിയാണ് മടങ്ങി വരുന്നത് എന്നതും ആശ്വാസം.