കാത്തിരിപ്പിന് വിരാമം. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കെയർ ഓഫ് സൈറ ബാനുവിന്റെ ടീസർ പുറത്തിറങ്ങി. മഞ്‌ജു വാര്യരും ഷെയ്ൻനിഗവുമാണ് 35 സെക്കന്റ് ദൈർഘ്യമുളള ടീസറിലുളളത്. ഡബ്സ്മാഷ് ചെയ്യുന്ന മഞ്‌ജുവും അതിന് ഫുൾ സപ്പോർട്ടുമായി കൂടെയുളള ഷെയ്നുമാണ് ടീസറിലുളളത്.

മഞ്ജു വാര്യരും അമല അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കെയർ ഓഫ് സൈറാബാനു. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികന്മാരായ മഞ്ജുവും അമലയും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കിസ്‌മത്തിലൂടെ ശ്രദ്ധേയനായ ഷെയ്ൻ നിഗം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൈറ ബാനുവെന്ന പോസ്റ്റ് വുമണായാണ് മഞ്‌ജു വാര്യർ ചിത്രത്തിലെത്തുന്നത്. സൈറ ബാനുവിന്റെ മകനായ നിയമ വിദ്യാർത്ഥിയായി ഷെയ്‌ൻ നിഗവുമെത്തുന്നു. അമല അക്കിനേനിയാകട്ടെ ആനി ജോൺ തറവാടിയെന്ന വക്കീലായാണെത്തുന്നത്. അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് കെയർ ഓഫ് സൈറ ബാനു പറയുന്നത്.

പതിനാറ് വർഷത്തിന് ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രമാണ് കെയർ ഓഫ് സൈറ ബാനു. കുറുമ്പുകാരിയായ പെൺകുട്ടിയായെത്തിയ അമലയുടെ എന്റെ സൂര്യപുത്രിയിലെ (1991) കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഉളളടക്ക (1991) മാണ് അമല അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

മലയാളത്തിന്റെ രണ്ട് പ്രിയ നാായികന്മാർ ഒന്നിക്കുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആ പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടിയിരിക്കയാണ് ചിത്രത്തിന്റെ ടീസർ.

ആന്റണി സോണിയാണ് കെയർ ഓഫ് സൈറ ബാനു സംവിധാനം ചെയ്യുന്നത്. ആർ.ജെ.ഷാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഇറോസ് ഇന്റർനാഷണൽ, മാക്ക്ട്രോ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മാർച്ചിൽ ചിത്രം തിയേറ്ററിലെത്തും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ