ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും തന്റെ ശബ്ദം അനുകരിച്ച് ചർച്ച നടത്തുകയും ചെയ്ത ആൾക്കെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. താൻ ക്ലബ് ഹൗസിൽ ഇല്ലെന്ന് വ്യക്തമാക്കിയ പൃഥ്വിരാജ്, തന്റെ ശബ്ദം അനുകരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമാണെന്നും പറഞ്ഞിരുന്നു. പ്രസ്തുത വ്യക്തിയുടെ പേരുവിവരങ്ങളും പൃഥ്വി പുറത്തുവിട്ടിരുന്നു. പിന്നാലെ ക്ഷമ ചോദിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സൂരജ് എന്ന വ്യക്തി രംഗത്ത് എത്തുകയായിരുന്നു.
ആരെയും ഉപദ്രവിക്കാൻ വേണ്ടി ചെയ്തതല്ലെന്നും എന്നാൽ ചെയ്തത് തെറ്റാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് സൂരജ് കുറിച്ചത്.

സൂരജിന്റെ കത്തിന് പൃഥ്വിരാജും മറുപടി നൽകി. തെറ്റ് മനസ്സിലാക്കിയതിൽ സന്തോഷമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നതിന് താൻ എതിരാണെന്നുമാണ് പൃഥി കുറിക്കുന്നത്.
“പ്രിയ സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള കാര്യങ്ങൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ സംസാരിച്ചപ്പോൾ കേട്ടുനിന്ന 25000ൽ ഏറെ ആളുകളിൽ ഭൂരിപക്ഷവും അത് ഞാനാണെന്ന് വിശ്വസിച്ചിട്ടുണ്ടാവും. സിനിമയ്‍ക്കകത്തും പുറത്തുമുള്ള നിരവധിപേരുകൾ ഇതിനെ കുറിച്ച് ചോദിച്ച് എനിക്ക് സന്ദേശങ്ങൾ അയക്കുകയും വിളിക്കുകയും ചെയ്തു, അതിനാൽ ഉടനടി നിർത്തേണ്ടത് അത്യാവശ്യമായിരുന്നു. ചെയ്തത് തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി വിസ്മയപ്പെടുത്തുന്ന ഒരു കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് സിനിമാ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളവരാണ്. വലുതായി സ്വപ്‍നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പൃഥ്വി കുറിച്ചു.
Read more: ക്ലബ് ഹൗസിലെ അപരന്മാർ