കൊച്ചി: ഏഴ് വയസ്സിനുള്ളില്‍ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ചുതീര്‍ത്ത മലയാളി ബാലന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം ‘ക്ലിന്റ്’ നാളെ തിയേറ്ററുകളില്‍. ആലപ്പുഴയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരികുമാറാണ്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം മുല്ലപ്പറന്പില്‍ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. രണ്ട് വയസ്സുമുതല്‍ ചിത്രരചന ആരംഭിച്ച കുട്ടി ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ശേഷിക്കേ കരള്‍ രോഗം ബാധിച്ച് മരിച്ചു. എന്നാല്‍ ഈ കാലയളവിനുള്ളില്‍ അവന്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ചുതീര്‍ത്തിരുന്നു. പെന്‍സിലും ക്രയോണ്‍സും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകള്‍. രണ്ടു വയസ്സിനുള്ളില്‍ മലയാളവും നാല് വയസ്സില്‍ ഇംഗ്ലീഷും പഠിച്ച അവന്‍ വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദര്‍ഭങ്ങളെ ചിത്രീകരിച്ചു. ഗണപതിയും അഭിമന്യുവും ഉത്സവവും എല്ലാം വരകളാല്‍ രേഖപ്പെടുത്തി.

ക്ലിന്റായി ചിത്രത്തില്‍ വേഷമിടുന്നത് തൃശ്ശൂരില്‍ നിന്നുള്ള അലോക് എന്ന കുട്ടിയാണ്. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ബേബി അക്ഷരയെത്തുന്നു. ക്ലിന്റിന്റെ അച്ഛന്‍ തോമസായി ഉണ്ണി മുകുന്ദനും അമ്മ ചിന്നമ്മായായി റിമ കല്ലിങ്കലുമാണ് അഭിനയിച്ചിരിക്കുന്നത്. ഏഴ് കുട്ടികളും ചിത്രത്തിന്റെ ഭാഗമായുണ്ട്. വിനയ് ഫോര്‍ട്ട് ക്ലിന്റിന് ഏറെ പ്രിയപ്പെട്ട ചിത്രകാരനായ അങ്കിള്‍ ആയെത്തുന്‌പോള്‍ മോനമ്മയെന്ന കഥാപാത്രമായി കെ.പി.എ.സി ലളിതയും വേഷമിടുന്നുണ്ട്. ഡോ വില്യം എന്ന കഥാപാത്രമായി ജോയ് മാത്യു എത്തുന്നു. രഞ്ജി പണിക്കര്‍, സലിം കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ