കൊച്ചി: ഏഴ് വയസ്സിനുള്ളിൽ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ചുതീർത്ത മലയാളി ബാലന്റെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രം “ക്ലിന്റ്” ഫെബ്രുവരി മൂന്ന് മുതൽ ചിത്രീകരണം തുടങ്ങും. ആലപ്പുഴയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്. ചിത്രത്തിന്റെ പൂജയും കാമറയുടെ സ്വിച്ച് ഓൺ കർമ്മവും എറണാകുളം ഗോകുലം കൺവൻഷൻ സെന്ററിൽ നടന്നു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം മുല്ലപ്പറന്പിൽ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച കുട്ടി ഏഴ് വയസ്സ് തികയാൻ ഒരു മാസം ശേഷിക്കേ കരൾ രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഈ കാലയളവിനുള്ളിൽ അവൻ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ചുതീർത്തിരുന്നു. പെൻസിലും ക്രയോൺസും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകൾ. രണ്ടു വയസ്സിനുള്ളിൽ മലയാളവും നാല് വയസ്സിൽ ഇംഗ്ലീഷും പഠിച്ച അവൻ വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദർഭങ്ങളെ ചിത്രീകരിച്ചു. ഗണപതിയും അഭിമന്യുവും ഉത്സവവും എല്ലാം വരകളാൽ രേഖപ്പെടുത്തി.

“ക്ലിന്റ്, സമൂഹത്തിന് മികച്ച സന്ദേശമാകുമെന്ന് ഉറപ്പുണ്ടെ”ന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. “ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉത്തരേന്ത്യക്കാർ മാത്രമാണ് നായകന്മാരായി വാഴ്ത്തപ്പെടുന്നത്. എന്നാൽ പഴശ്ശിരാജയുടെ പങ്ക് സിനിമയ്‌ക്ക് ശേഷമാണ് ആളുകൾ മനസ്സിലാക്കിയത്. അതേ നിലയിൽ ക്ലിന്റ് എന്ന ബാലൻ ആരായിരുന്നുവെന്ന് സിനിമയിലൂടെ കേരളം മനസ്സിലാക്കു”മെന്ന് അദ്ദേഹം പറഞ്ഞു.

നടൻ മധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. മധു അന്പാട്ട് കാമറ സ്വിച്ച് ഓൺ ചെയ്തു. ചടങ്ങിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ, സംവിധായകരായ ലെനിൻ രാജേന്ദ്രൻ, ടി.വി.ചന്ദ്രൻ, പി.ടി.കുഞ്ഞുമുഹമ്മദ്, സിബി മലയിൽ തുടങ്ങിയവർ സംബന്ധിച്ചു.
clint, Malayalam Mvie,, Madhu, Harikumar,
ക്ലിന്റായി ചിത്രത്തിൽ വേഷമിടുന്നത് തൃശ്ശൂരിൽ നിന്നുള്ള അലോക് എന്ന കുട്ടിയാണ്. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ബേബി അക്ഷരയെത്തുന്നു. ക്ലിന്റിന്റെ അച്ഛൻ തോമസായി ഉണ്ണി മുകുന്ദനും അമ്മ ചിന്നമ്മായായി റിമ കല്ലിങ്കലും വേഷമിടും. ഏഴ് കുട്ടികളും ചിത്രത്തിന്റെ ഭാഗമായുണ്ട്. വിനയ് ഫോർട്ട് ക്ലിന്റിന് ഏറെ പ്രിയപ്പെട്ട ചിത്രകാരനായ അങ്കിൾ ആയെത്തുന്പോൾ മോനമ്മയെന്ന കഥാപാത്രമായി കെ.പി.എ.സി ലളിതയും വേഷമിടുന്നുണ്ട്. ഡോ വില്യം എന്ന കഥാപാത്രമായി ജോയ് മാത്യു എത്തുന്നു. രഞ്ജി പണിക്കർ, സലിം കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മധു അന്പാട്ട് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്. ഇളയരാജ സംഗീതം പകർന്ന ഗാനങ്ങളുടെ രചന പ്രഭാവർമയാണ്. തിരക്കഥയും സംഭാഷണവും സംയുക്തമായി നിർവ്വഹിച്ചത് ഹരികുമാറും, കെ.വി മോഹൻകുമാറുമാണ്. കലാ സംവിധാനം നേമം പുഷ്പരാജും, ചമയം പട്ടണം റഷീദും കൈകാര്യം ചെയ്യും.
“മൂന്ന് വർഷമായി സിനിമയുടെ ആലോചനകളിലായിരുന്നു”വെന്ന് സംവിധായകൻ ഹരികുമാർ പറഞ്ഞു. ലോകം അറിയേണ്ട മഹാപ്രതിഭയുടെ ജീവിതം ആസ്വാദ്യകരമായ ചിത്രമാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ