കൊച്ചി: “ക്ലിന്റും ഞാനും തമ്മിലെന്താണ് വ്യത്യാസം?”, സംഗീത ചക്രവർത്തി ഇളയരാജയുടെ ആ ഒരറ്റ ചോദ്യത്തിൽ അമ്പരന്ന് പോയി സദസ്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കാതെ നിറങ്ങളുടെ മായിക ലോകം തീർത്ത് ഏഴ് വയസിനുള്ളിൽ മുപ്പതിനായിരം ചിത്രങ്ങൾ വരച്ച് തീർത്ത ക്ലിന്റെന്ന ബാലനെ കുറിച്ചായിരുന്നു ഇളയരാജയുടെ ചോദ്യം.

“സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് ഞാൻ സംഗീത ലോകത്ത് എത്തിയത്. ഇന്നൊരുപക്ഷേ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ക്ലിന്റ് വിശ്വപ്രസിദ്ധനായ ചിത്രകാരനായി മാറിയേനെ”, ഇളയരാജ പറഞ്ഞുനിർത്തി. ഏഴ് വയസ്സിനുള്ളിൽ ലോകത്തിന് ഇന്നും അഴിച്ചെടുക്കാനാകാത്ത സമസ്യയായി മാറിയ മലയാളി ബാലന്റെ ജീവിതത്തെ കുറിച്ചായിരുന്നു സദസ് ആ നിമിഷത്തിൽ ഓർത്തിരുന്നത്.

മലയാളത്തിന് ഒരുപിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച ഹരികുമാറിന്റെ സംവിധാന മികവിലൊരുങ്ങിയ ചിത്രം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ റിലീസിനെത്തും. സംവിധാന രംഗത്ത് തന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയാണെന്ന തുല്യം ചാർത്തിയാണ് ക്ലിന്റിന്റെ ജീവിതകഥയെ ഹരികുമാർ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ചത്.

ഗോകുലം കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായ സദസിന് മുന്നിലാണ് ക്ലിന്റിന്റെ ഓഡിയോ പ്രകാശനം ചെയ്തത്. സിനിമയിലെ പാട്ടുകൾക്കെല്ലാം സംഗീതം നൽകിയ ഇളയരാജയ്ക്ക് ഓഡിയോ സിഡി കൈമാറിയത് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ്.

കമ്പോള സിനിമകളുടെ കാലത്ത് കലാമൂല്യമുള്ള സിനിമകൾക്കായി ചലച്ചിത്ര പ്രവർത്തകർ മുന്നോട്ട് വരുന്നത് സന്തോഷം നൽകുന്നുവെന്ന് എംഎ ബേബി അഭിപ്രായപ്പെട്ടു. “ചെറിയ പ്രായത്തിനുള്ളിൽ ചരിത്രത്തിലിടം നേടിയ ക്ലിന്റിന്റെ ജീവിതകഥയ്ക്ക് ഇളയരാജ സംഗീതം നൽകുന്നത് ചരിത്രത്തിലെ തിളക്കമാർന്ന കാര്യമാണ്” എന്നും ബേബി അഭിപ്രായപ്പെട്ടു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം മുല്ലപ്പറന്പിൽ തോമസ് ജോസഫിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച കുട്ടി ഏഴ് വയസ്സ് തികയാൻ ഒരു മാസം ശേഷിക്കേ കരൾ രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഈ കാലയളവിനുള്ളിൽ അവൻ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ചുതീർത്തിരുന്നു. പെൻസിലും ക്രയോൺസും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകൾ. രണ്ടു വയസ്സിനുള്ളിൽ മലയാളവും നാല് വയസ്സിൽ ഇംഗ്ലീഷും പഠിച്ച അവൻ വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദർഭങ്ങളെ ചിത്രീകരിച്ചു. ഗണപതിയും അഭിമന്യുവും ഉത്സവവും എല്ലാം വരകളാൽ രേഖപ്പെടുത്തി.

ചടങ്ങിൽ സിനിമയുടെ നിർമ്മാതാവ് ഗോകുലം ഗോപാലൻ, പ്രഭാവർമ, തിരക്കഥ രചിച്ച കെ.വി.മോഹൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ക്ലിന്റായി ചിത്രത്തിൽ വേഷമിട്ട മാസ്റ്റർ അലോക്, അടുത്ത കൂട്ടുകാരിയായി വേഷമിട്ട ബേബി അക്ഷര, ക്ലിന്റിന്റെ അച്ഛൻ തോമസ് ജോസഫായി എത്തുന്ന ഉണ്ണി മുകുന്ദൻ, ക്ലിന്റുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്ന ചിത്രകാരനായ അങ്കിളായി വേഷമിട്ട വിനയ് ഫോർട്ടുമടക്കം നിരവധി പേരാണ് ചടങ്ങിൽ സംബന്ധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ