/indian-express-malayalam/media/media_files/uploads/2018/08/rajani-2.0.jpg)
ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം 2.0യുടെ ക്ലൈമാക്‌സിനെക്കുറിച്ച് എ.ആര്‍.റഹ്മാന്റെ വെളിപ്പെടുത്തല്‍. അവിശ്വസനീയമാം വിധമാണ് ശങ്കര്‍ ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് റഹ്മാന്‍ പറയുന്നു. സിഎന്‍എന്‍-ഐബിഎന്നിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ ഇങ്ങനെയൊരു ചിത്രം അണിയിച്ചൊരുക്കാന്‍ ശങ്കറിനു മാത്രമേ കഴിയൂവെന്നും റഹ്മാന്‍ പറയുന്നു. തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറയുന്നു.
നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിട്ടി എന്ന റോബോട്ടായും ഡോ.വസീകരനായുമാണ് രജനി ചിത്രത്തില്‍ എത്തുക. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ആമി ജാക്സനാണ് നായിക. സയന്റിഫിക് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രമാണ് '2.0'. ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുപയോഗിച്ചിട്ടുളളത്.
കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.