മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ്‌ ചിത്രങ്ങളില്‍ ഒന്നാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍, ജയസൂര്യ, കാവ്യ മാധവന്‍, രാധിക എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രം ലാല്‍ ജോസിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും കൂടിയായിരുന്നു. ക്യാമ്പസ്‌ കാലഘട്ടത്തെയും അതിന്റെ ഓര്‍മ്മകളില്‍ പിടയുന്ന ഒരുപറ്റം കൂട്ടുകാരേയുമാണ് ജെയിംസ്‌ ആല്‍ബെര്‍ട്ട് രചിച്ച തിരക്കഥയില്‍ ലാല്‍ ജോസ് സിനിമയാക്കിയത്. നൊസ്റ്റാള്‍ജിയ ഇഷ്ടപ്പെടുന്ന മലയാളി സസന്തോഷം അത് സ്വീകരിച്ചു എന്ന് മാത്രമല്ല, കേരളമൊട്ടാകെയുള്ള ക്യാമ്പസുകളില്‍ പഠിച്ചിറങ്ങിയ ബാച്ചുകളുടെ പുനഃസമാഗമത്തിനും ‘ക്ലാസ്മേറ്റ്സ്’ വഴിയൊരുക്കി.

 

കോട്ടയത്തെ സിഎംഎസ് കോളേജിലാണ് ‘ക്ലാസ്മേറ്റ്സ്’ ചിത്രീകരിച്ചത്. രാജീവ്‌ രവിയുടെ മനോഹരമായ ഫ്രെയിംമുകളില്‍ നിറഞ്ഞ സിഎംഎസിന്റെ ചാരുത ചിത്രം കണ്ടവരാരും തന്നെ മറക്കില്ല. മികച്ച വിദ്യാര്‍ഥികള്‍ പ്രശസ്തമാക്കിയ ആ കലാലയത്തിന്റെ ചരിത്രത്താളുകളില്‍ അങ്ങനെ ഒരു വിജയ ചിത്രം കൂടി ഭാഗമായി.

ആ ചിത്രത്തിന്റെ ഒരു ഓര്‍മ്മപുതുക്കലാണ് കഴിഞ്ഞ ദിവസം നടന്നത്. ‘ക്ലാസ്മേറ്റ്‌സില്‍’ കുസൃതിക്കാരനായ പയസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത് സുകുമാരന്‍ പുതിയ ചിത്രമായ ‘താക്കോലി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയത്ത്‌ സിഎംഎസ് കോളേജില്‍ എത്തിയപ്പോള്‍ ആയിരുന്നു അത്. കോളേജില്‍ നടന്ന ഒരു ചടങ്ങില്‍ ഇന്ദ്രജിത്ത് പങ്കെടുക്കുകയും ‘ക്ലാസ്മേറ്റ്‌സി’ലെ പ്രശസ്തമായ ‘കാറ്റാടി തണലും’ എന്ന ഗാനം ആലപിക്കുകയും ചെയ്തു എന്ന് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്ദ്രനൊപ്പം സിഎംഎസിലെ സദസ്സും പാട്ട് ഏറ്റുപാടിയപ്പോള്‍ അത് ‘ക്ലാസ്മേറ്റ്‌സി’ന്റെ ഏറ്റവും മനോഹരമായ ഒരു ഓര്‍മ്മപുതുക്കലായി മാറി.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ