തിരക്കുകൾക്കിടയിലും ഒത്തുച്ചേരാനും സ്നേഹം പങ്കുവയ്ക്കാനും മറക്കാത്ത, സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു കൂട്ടായ്മയാണ് ‘ക്ലാസ്സ് ഓഫ് എയിറ്റീസ്’. എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയാണ് ഇത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത് ഇടയ്ക്കിടെയുള്ള ഇവരുടെ ഒത്തുചേരലുകൾക്കാണ്. ഇടയ്ക്കിടയ്ക്ക് ഗെറ്റ് റ്റുഗദറുകൾ സംഘടിപ്പിക്കാനും ഒത്തുകൂടാനുമൊക്കെ ഈ താരങ്ങൾ സമയം കണ്ടെത്തുക പതിവാണ്.
തന്റെ പ്രിയകൂട്ടുകാർക്കൊപ്പം വീണ്ടും ഒത്തുചേർന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം. റഹ്മാൻ, സരിത, ഖുശ്ബു, രാധിക ശരത് കുമാർ, പൂർണിമ ഭാഗ്യരാജ് എന്നിവരെയും സുഹാസിനിയ്ക്ക് ഒപ്പം കാണാം.
2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു.
കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്.