1980 കളില്‍ ഉയര്‍ന്നു വന്ന തെന്നിന്ത്യന്‍ താരങ്ങള്‍ വീണ്ടും ഒത്തു ചേര്‍ന്നു. ക്ലാസ് ഓഫ് 80 എന്ന് പേരുള്ള ഈ സൗഹൃദകൂട്ടായ്മ ഇത് എട്ടാം വര്‍ഷമാണ് സംഗമിക്കുന്നത്. ചെന്നൈയിലാണ് ഒക്ടോബര്‍ 17ന് ഇവര്‍ ഒത്തുചേര്‍ന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് താരങ്ങള്‍ സമയം ചെലവഴിച്ചത്.

താരങ്ങളുടെ ഡ്രസ് കളറിന് മാച്ച് ചെയ്യുന്ന പര്‍പ്പിള്‍ നിറത്തിലായിരുന്നു റിസോര്‍ട്ടിലെ വേദിയും അലങ്കരിച്ചിരുന്നത്. പൂക്കള്‍ തുടങ്ങി കസേര വരെ എല്ലാം പര്‍പ്പിള്‍ കളറിലായിരുന്നു. വൈകിട്ട് ഏഴു മണിയോടെയാണ് താരങ്ങള്‍ ഓരോരുത്തരായി എത്തി തുടങ്ങിയത്. പാട്ടും ഡാന്‍സും മറ്റ് കലാപരിപാടികളുമായി താരങ്ങള്‍ ഒത്തുകൂടല്‍ ആഘോഷമാക്കി. നായകന്മാരും നായികമാരും രണ്ട് ടീമുകളായി തിരിഞ്ഞ് മത്സരപരിപാടികളും നടന്നു.

2009ല്‍ ലിസിയും സുഹാസിനിയും ചേര്‍ന്നാണ് ഇത്തരമൊരു സൗഹൃദകൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. എണ്‍പതുകളുടെ കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുവെച്ച് താരങ്ങളായി മാറിയവരാണ് ഒത്തുചേരലില്‍ പങ്കെടുക്കുക. എവര്‍ഗ്രീന്‍ 80സ് എന്നായിരുന്നു ആദ്യം ഈ പരിപാടിയുടെ പേര്.

ഒരു രാത്രി പുലരുവോളം താരങ്ങള്‍ക്കു വേണ്ടി മാത്രമുള്ള താരനിശ. തികഞ്ഞ സ്വകാര്യത നിലനില്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും പ്രവേശനമില്ല. ഓരോ പതിപ്പിലും വ്യത്യസ്തമായ ഡ്രെസ് കോഡിലായിരിക്കും താരങ്ങള്‍ എത്തുന്നത്. ചടങ്ങില്‍ താരങ്ങള്‍ അവരുടെ സിനിമാ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും വിവിധ പരിപാടികളും അവതരിപ്പിക്കുകയും ചെയ്യും.

2014ല്‍ മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു താരസംഗമം നടന്നത്. സിനിമാമേഖലയില്‍ പലതരത്തിലുള്ള പിണക്കങ്ങളും ശത്രുതയും മറ്റും നിലനില്‍ക്കുമ്പോള്‍ ഇത്തരമൊരു കൂട്ടായ്മ തികച്ചും മാതൃകയാകുകയാണ്.

ചെന്നൈയില്‍ ഈസ്റ്റ്‌കോസ്റ്റ് റോഡിലുള്ള കടല്‍ത്തീരത്തിന് അഭിമുഖമായുള്ള മോഹന്‍ലാലിന്റെ ബംഗ്ലാവിലായിരുന്നു ഇവരുടെ ഒത്തുകൂടല്‍. തമിഴ്, തെലുങ്ക്, കന്നട, മലയാള സിനിമയിലെ 32 പ്രശസ്ത നടീനടന്‍മാര്‍ അന്ന് പരിപാടിയില്‍ പങ്കെടുത്തു.

രമേശ് അരവിന്ദ്, സുമന്‍, അംബരീഷ്, ജയറാം, രമ്യ കൃഷ്ണന്‍, രേവതി, സരിത, അംബിക, നാദിയ, ലിസ്, പ്രിയദര്‍ശന്‍, മോഹന്‍ തുടങ്ങി 80കളിലെ പ്രമുരായ സിനിമാ പ്രവര്‍ത്തകര്‍ 2014ല്‍ മോഹന്‍ലാലിന്റെ ആതിഥ്യം സ്വീകരിച്ചെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ