scorecardresearch

രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി

ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം

രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെത്തുടര്‍ന്ന് രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. “ജാതി,മതം,വിശ്വാസം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറം ഉയരുമ്പോഴാണ് ഒരു രാഷ്ട്രമായി നാം നിലകൊള്ളുക. ഐക്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നമ്മള്‍ നിരുത്സാഹപ്പെടുത്തണം” മമ്മൂട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

നടൻ ദുൽഖർ സൽമാനും നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. “മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” ദുൽഖർ തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞദിവസം സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

Read Also: എനിക്കു വയ്യ, ഈ മലയാളികളുടെ ഒരു കാര്യം; വൈറലായി എലിക്കുട്ടിയുടെ വീഡിയോ

വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് കുറിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Citizenship amendment bill actor mammootty respond