ദേശീയ പൗരത്വ ഭേദഗതി നിയം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര പുരസ്കാര ചടങ്ങിൽ നിന്നും ‘സുഡാനി ഫ്രം നൈജീരിയ’ ടീം വിട്ടു നിൽക്കുമെന്ന് സംവിധായകൻ സക്കരിയ മുഹമ്മദ്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സക്കരിയ ഇക്കാര്യം വ്യക്തമാക്കിയത്.

“പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും,”സക്കരിയ കുറിച്ചു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരമാണ് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

സൗബിൻ സാഹിർ ആദ്യമായി നായകനായെത്തിയ സിനിമകൂടി ആയിരുന്നു സുഡാനി ഫ്രം നൈജീരിയ. മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. കരസ്ഥമാക്കി. മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ, മികച്ച സ്വഭാവനടിമാർ എന്നിങ്ങനെ അഞ്ച് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ നേടി. സമീർ താഹിറും ഷൈജു ഖാലിദും ആണ് സിനിമയുടെ നിർമ്മാതാക്കൾ. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. റെക്സ് വിജയനും ഷഹബാസ് അമനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.

Read More: National Film Awards 2019 Highlights: ദേശീയ ചലച്ചിത്ര പുരസ്കാരം: ‘സുഡാനി ഫ്രം നൈജീരിയ’ മികച്ച മലയാള ചിത്രം

മലപ്പുറത്തിന്റെ ജീവിതവും കാൽപ്പന്ത് സ്നേഹവും പറഞ്ഞ ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ’. മലപ്പുറത്തെ ഫുട്ബോൾ പ്രേമിയായ മജീദും അയാളുടെ ഫുട്ബോൾ ക്ലബ്ബിൽ കളിക്കാനെത്തിയ നൈജീരിയക്കാരനായ കളിക്കാരനും തമ്മിലുള്ള സൗഹൃദവും സ്നേഹവും ആത്മബന്ധവുമൊക്കെ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്. സെവന്‍സിന്റെ നാടായ മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ ടീമിന്റെ മാനേജറായ മജീദ് റഹ്മാൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിച്ചത്. പ്ലസ് ടു തോറ്റ് സ്ഥിരവരുമാനമൊന്നുമില്ലാത്ത മജീദും അയാളുടെ ടീം അംഗങ്ങളും അവര്‍ക്കിടയിലെ സ്‌നേഹവും അത്രയേറെ സൗന്ദര്യത്തോടെ തന്നെ ചിത്രം പകർത്തിയിരുന്നു.

സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനാണ് ഈ ടീമിന്റെ താരം. നൈജീരിയയില്‍ നിന്നാണെങ്കിലും സാമുവല്‍ ഇവര്‍ക്ക് സുഡാനിയാണ്. ഭാഷ അഭിനയത്തിന് ഒരു തടസമല്ലെന്ന് ഇയാള്‍ തെളിയിച്ചു. സ്‌നേഹത്തോടെ ആ നാട്ടുകാര്‍ അയാളെ സുഡു എന്നു വിളിക്കുന്നു. അപ്രതീക്ഷിതമായി സുഡുവിന് പരിക്കേല്‍ക്കുകയും കളിക്കാന്‍ പറ്റാതാകുകയും ചെയ്യുന്നു. പരിചരിക്കാന്‍ ആരുമില്ലാതായ സാമുവലിനെ മജീദ് സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുന്നു.

Read More: ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് പത്മരാജൻ പുരസ്കാരം

തുടക്കത്തില്‍ നാടും നാട്ടുകാരും ഭാഷയുമെല്ലാം സാമുവലിന് അപരിചിതമായിരുന്നെങ്കിലും, പതിയെ അയാളും അവരില്‍ ഒരാളാകുന്നു. സൗബിന്റെ ഉമ്മയായ ജമീലയും അയല്‍വാസിയായ ബീവിത്തയും, സാമുവലിനെ കാണാന്‍ വരുന്ന ഓരോ നാട്ടുകാരും അയാളോട് മലയാളത്തില്‍ സംസാരിക്കുകയും അയാള്‍ ഇംഗ്ലീഷില്‍ മറുപടി പറയുകയും ചെയ്യുന്നു. അവര്‍ക്കിടയിലെ ഭാഷ സ്‌നേഹമായി മാറുന്നു. മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചാനുഭവമാണ് ‘സുഡാനി ഫ്രം നൈജീരിയ’ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook