തനുശ്രീ ദത്ത ആഗ്രഹിക്കുന്നുവെങ്കിൽ തനുശ്രീ- നാനാ പടേക്കർ ലൈംഗിക ആരോപണ കേസ് പുനപരിശോധിക്കാൻ തയ്യാറെന്ന് ബോളിവുഡ് താരസംഘടനയായ സിന്റാ വ്യക്തമാക്കി.

2008 ലാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് തനുശ്രീ താരസംഘടനയായ സിന്റായ്ക്ക് പരാതി നൽകുന്നത്. ‘ഹോൺ ഓകെ പ്ലീസി’ന്റെ ലൊക്കേഷനിൽ ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടെ നാനാ പടേക്കർ തന്നോട് അപമര്യാദയായി പെരുമാറി എന്ന തനുശ്രീയുടെ പരാതിയിൽ അന്ന് സിന്റ നിലപാട് എടുത്തിരുന്നില്ല. പത്തു വർഷങ്ങൾക്ക് ശേഷം സംഭവം വീണ്ടും വിവാദമായപ്പോൾ, അന്നത്തെ സിന്റയുടെ നിലപാടിൽ ഇപ്പോഴത്തെ സിന്റാ ഭാരവാഹികൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നു വർഷം വരെയുള്ള പരാതികൾ മാത്രമേ സംഘടനാ നിയമപ്രകാരം സിന്റയ്ക്ക് അന്വേഷിക്കാനാവൂ എന്ന പരിമിതിയും എടുത്തു പറഞ്ഞിരുന്നു.

” കേസ് പുനർ അന്വേഷിക്കണമെന്ന് തനുശ്രീ ആവശ്യപ്പെടുകയാണെങ്കിൽ സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ ഇതുവരെ ഔദ്യോഗികമായി തനുശ്രീ ഞങ്ങളോട് സംസാരിച്ചിട്ടില്ല. തനുശ്രീയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഈ വിഷയത്തിൽ കൃത്യമായൊരു മറുപടി തനുശ്രീ ഇതുവരെ തന്നിട്ടില്ല,” സിന്റായുടെ സീനിയർ ജോയിന്റ് സെക്രട്ടറി അമിത് ബെഹ്ൽ പിടിഐ യോട് പറഞ്ഞു.

“ഈ വിഷയത്തിൽ നാനായുടെ ഭാഗവും ഞങ്ങൾക്ക് കേൾക്കണം.​അതിനായി നാനായുമായി സംസാരിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്,” ബെഹ്ൽ കൂട്ടിച്ചേർത്തു. സിന്റാ മെമ്പർമാരുടെ അവകാശങ്ങളും അഭിമാനവും അന്തസ്സും സംരക്ഷിക്കാനാണ് സംഘടന നിലകൊള്ളുന്നതെന്നും അമിത് ബെഹ്ൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook