Latest News

അഭ്രപാളികളില്‍ വീണ്ടും അച്ഛന്‍ തെളിയുമ്പോള്‍: എം ജെ രാധാകൃഷ്ണന്റെ ഓർമയിൽ മകൻ യദു

എം ജെ എന്ന് സിനിമാലോകം സ്നേഹപൂര്‍വ്വം വിളിക്കുന്ന എം ജെ രാധാകൃഷ്ണന്‍റെ അവസാന ചിത്രം ‘വെയില്‍മരങ്ങള്‍’ ഇന്ന് റിലീസിനെത്തുമ്പോൾ, ഛായാഗ്രഹണത്തില്‍ ഗുരു കൂടിയായ അച്ഛനെ അനുസ്മരിക്കുകയാണ് മകനും ഛായാഗ്രഹകനുമായ യദു

Veyilmarangal, Veyilmarangal release, Veyilmarangal movie review, Veyilmarangal review, Veyilmarangal rating, m j radhakrishnan, m j radhakrishnan cinematographer, m j radhakrishnan death, m j radhakrishnan films, വെയില്‍മരങ്ങള്‍, എം ജെ രാധാകൃഷ്ണന്‍

ഷാങ്ങ്ഹായ് ചലച്ചിത്ര മേള ഉൾപ്പെടെ പല രാജ്യാന്തര മേളകളിലും പ്രേക്ഷക-നിരൂപക പ്രശംസ നേടിയ, ഡോ. ബിജു ചിത്രം  ‘വെയില്‍മരങ്ങള്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം മണ്മറഞ്ഞ ഛായാഗ്രഹകന്‍ എം ജെ രാധാകൃഷ്ണന്‍റെ അവസാന ചിത്രം കൂടിയാണ്. കഥയും കഥാപാത്രവും മാത്രമല്ല തന്‍റെ കാഴ്ച ബോധ്യങ്ങളെയും കൂടിയാണ് അര്‍ത്ഥവത്തായ ഫ്രെയിമുകളിലൂടെ അദ്ദേഹം അനുവാചകനില്‍ എത്തിച്ചിരുന്നത്. ‘ഓള്’ ചിത്രത്തിന് ലഭിച്ച മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം വാങ്ങാന്‍ കാത്തുനില്‍ക്കാതെ 2019 ജൂലൈ 12ന് എം ജെ രാധാകൃഷ്ണന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.

‘വെയില്‍മരങ്ങള്‍’ ഇന്ന് റിലീസിനെത്തുമ്പോൾ, എം ജെ എന്ന് സിനിമാലോകം സ്നേഹപൂര്‍വ്വം വിളിക്കുന്ന എം ജെ രാധാകൃഷ്ണനെ സ്മരിക്കുകയാണ് മകനും ഛായാഗ്രഹകനുമായ യദു രാധാകൃഷ്ണന്‍.

“ഛായാഗ്രഹണ കലയിൽ ഒരുപാടു നിയമങ്ങളുണ്ട്, അതൊന്നും നീ പാലിക്കണം എന്നില്ല, നിന്റെ ഹൃദയത്തെ കേൾക്കൂ എന്നതാണ് എനിക്ക് അച്ഛന്‍ തന്ന പ്രധാന ഉപദേശം,”അച്ഛൻ അകാലത്തില്‍ വിരാമമിട്ട ഛായാഗ്രഹ വഴിയുടെ തുടക്കത്തിൽ നിൽക്കുന്ന യദു ഓര്‍ത്തു. ‘വെയില്‍മരങ്ങ’ളില്‍ സഹസംവിധായകനായി, അച്ഛന്റെ സിനിമാ ജീവിതത്തിലെ അവസാന കർത്തവ്യത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് യദു ഛായാഗ്രഹണത്തിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചത്.

“ക്യാമറയുടെ മേഖലയിലേക്ക് വരാന്‍ എനിക്ക് താത്പര്യം ഉണ്ടാകാന്‍ കാരണവും അച്ഛന്‍ തന്നെയാണ്. ‘വെയില്‍മരങ്ങള്‍ക്ക്’ മുന്‍പേ ‘പെയിന്റിംഗ് ലൈഫ്,’ ‘സൗണ്ട് ഓഫ് സൈലെന്‍സ്,’ ‘കാട് പൂക്കുന്ന നേരം,’ ‘വലിയ ചിറകുള്ള പക്ഷികള്‍,’ ‘പേരറിയാത്തവര്‍,’ ‘ആകാശത്തിന്‍റെ നിറം,’ ‘വീട്ടിലേക്കുള്ള വഴി,’ തുടങ്ങിയ ഡോ. ബിജു ചിത്രങ്ങള്‍ക്കെല്ലാം ക്യാമറ ചലിപ്പിച്ചത് അച്ഛന്‍ ആയിരുന്നു. പെട്ടന്ന് അച്ഛന്‍ പോയപ്പോള്‍ അദ്ദേഹം ചെയ്യാനിരുന്ന ഡോ. ബിജുവിന്‍റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന ചിത്രം ഞാന്‍ ചെയ്യാം എന്നായി.”

ഡോക്ടര്‍ ബിജുവിന്‍റെ ചിത്രങ്ങളിൽ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി ജോലി ചെയ്യാനുള്ള ഒരു ഇടം എപ്പോഴും ഉണ്ടായിരുന്നു എന്നും അത് തന്‍റെ അച്ഛൻ നന്നായി ആസ്വദിച്ചിരുന്നു എന്നും യദു ഓര്‍ക്കുന്നു.

Image may contain: 2 people, people standing, camera and outdoor
ഡോ. ബിജു, യദു

നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭാരം പേറുന്ന ‘വെയില്‍മരങ്ങള്‍’

ചരിത്രപരമായ നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭാരം പേറേണ്ടി വരുന്ന ദളിത് ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രമാണ്‌ ‘വെയില്‍മരങ്ങള്‍.’ കേരളത്തിലെ പ്രളയ കെടുതിയിൽ നിന്നും പലായനം ചെയ്തു ഹിമാചൽ പ്രദേശിലേക്ക് ചേക്കേറേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ പറിച്ചു നടലിന്റെ വേദന കാഴ്ചയിൽ കൊണ്ടു വരുന്നതിൽ എം ജെ എന്ന സിനിമാട്ടോഗ്രാഫറുടെ പങ്കു ചെറുതല്ല.

“ശരിക്കും തകർത്തു മഴ പെയ്യുന്ന ഒരു രാത്രിയിൽ ഇന്ദ്രൻസേട്ടന്റെ കഥാപാത്രം ഒരു വഞ്ചിയിൽ, ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ തുഴഞ്ഞു നീങ്ങുന്ന ഒരു രംഗമുണ്ട്, കോരിച്ചൊരിയുന്ന മഴ പെയ്യുന്ന ഒരു ഇരുണ്ട രാത്രിയിൽ ഒരു കുഞ്ഞു വെളിച്ചം മേലെ നീങ്ങി പോവുന്ന ഒരു ദൃശ്യം. ‘വെയില്‍മരങ്ങളില്‍’ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഷോട്ട് ആണത്.” മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആ കാഴ്ചയെ യദു വിവരിച്ചതിങ്ങനെ.

ഏഴു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള എം ജെ രാധാകൃഷ്ണന് 2018 ലെ ദേശീയ പുരസ്കാരവും ലഭിച്ചു. പക്ഷേ ആ പുരസ്‌കാരം ഏറ്റു വാങ്ങാൻ അദ്ദേഹത്തിനു സാധിച്ചില്ല.

“അമ്മയാണ് അവാര്‍ഡ്‌ വാങ്ങാൻ ഡൽഹിയിൽ പോയത്, അച്ഛൻ അത് വാങ്ങുന്നത് കാണാനായിരുന്നു കൂടുതൽ ഇഷ്ടം,” നോവോടെ യദു പറഞ്ഞു നിര്‍ത്തി.

ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ‘ഔട്ട്‌സ്റ്റാന്‍ഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റിന്’ അര്‍ഹമായ ‘വെയില്‍മരങ്ങളിലെ’ അഭിനയത്തിന് ഇന്ദ്രന്‍സിനു സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. പ്രകാശ് ബാരെ, സരിത കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Read Here: മലയാളത്തിന്റെ അഭിമാനം; ഇന്ദ്രന്‍സിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Cinematographer yadu remembers father m j radhakrishnan last film veyilmarangal

Next Story
ഫഹദേ, മോനേ… നീ ഹീറോയാടാ… ഹീറോ: സംവിധായകന്‍ ഭദ്രന്‍ഫഹദ് ഫാസില്‍, fahad fazil, സംവിധായകന്‍ ഭദ്രന്‍, director bhadran, ട്രാന്‍സ് സിനിമ trance cinema, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express