തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ അജയന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ അനശ്വര സംവിധായകനായി മാറിയ അജയന്‍ മറ്റൊരു സിനിമ എടുക്കാതിരുന്നത് മലയാളത്തിന്റെ നഷ്ടമാണെന്ന് സന്തോഷ് ശിവന്‍ ഇന്‍ഡ്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. പെരുന്തച്ചന്‍ എന്ന ചിത്രം അജയന് മികച്ച നവാഗത സംവിധായകനുളള ദേശീയ പുരസ്കാരം നേടിക്കൊടുത്തപ്പോള്‍ സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്കാരവും നേടിക്കൊടുത്തിരുന്നു.

എന്നാല്‍ മലയാളത്തിലെ മികവുറ്റ ഈ ചിത്രത്തിന് ശേഷം താന്‍ അജയനെ പിന്നെ കണ്ടിട്ടില്ലെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. ‘ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റേതായി മറ്റൊരു സിനിമ ഉണ്ടാകാതിരുന്നത് മലയാളത്തിന്റെ നഷ്ടമാണ്. ചിത്രത്തില്‍ അഭിനയിച്ച തമിഴ് നടന്‍ പ്രശാന്തുമായി അദ്ദേഹത്തെ കുറിച്ച് ഞാന്‍ ഈയടുത്ത് സംസാരിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ച് മാത്രമല്ല മോനിഷയെ കുറിച്ചും സംസാരിച്ചിരുന്നു. ഏറെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്ന് കേട്ടത്,’ സന്തോഷ് ശിവന്‍ പറഞ്ഞു. 1991ല്‍ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് മോനിഷ കാറപകടത്തില്‍ മരിക്കുന്നത്. 1992 ഡിസംബര്‍ 5ന് മോനിഷ മരിച്ചതിന്റെ 26ാം വാര്‍ഷികം കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ഇപ്പുറമാണ് അജയന്റെ വിയോഗം.

ഹൃദയ സ്തംഭനം മൂലം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അജയന്റെ അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നാടകപ്രവർത്തകനും സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽഭാസിയുടെയും അമ്മിണി അമ്മയുടെയും മകനാണ്.

ഡോക്യുമെന്ററിയിലൂടെയാണ് അജയൻ സിനിമാ രംഗത്തേക്ക് വരുന്നത്. പെരുന്തച്ചൻ സിനിമയാണ് അജയൻ എന്ന സംവിധായകനെ പ്രശസ്തനാക്കിയത്. 1990 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ സിനിമ അവതരണ മികവുകൊണ്ട് ആഗോളതലത്തിൽ തന്നെ നിരൂപക പ്രശംസ നേടിയ ഒന്നാണ്. തിലകൻ ആയിരുന്നു ചിത്രത്തിൽ പെരുന്തച്ചന്റെ വേഷത്തിലെത്തിയത്.

മികച്ച നവാഗത സംവിധായകനുളള ഇന്ദിര ഗാന്ധി അവാർഡ്, മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നിരവധി പുരസ്കാരം നേടിയ ചിത്രമാണ് പെരുന്തച്ചൻ. ലൊക്കാർനോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ലിയോപാഡ് അവാർഡിന് പെരുന്തച്ചൻ സിനിമ നോമിനേറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook