തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ സിനിമാടിക്കറ്റ് നിരക്ക് കൂടും. ഇന്നു മുതല്‍ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ച ഉത്തരവ് പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി.
ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 63/2019 നമ്പരായാണ് ഉത്തരവ് ഇറങ്ങിയത്.
ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്കുന്ന കേരള ലോക്കല്‍ അതോറിറ്റീസ് എന്റര്‍ടെയ്മെന്റ് ടാക്സ് ആക്ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല.
സിനിമാടിക്കറ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് ഇരുപത്തെട്ടില്‍നിന്ന് പതിനെട്ടിലേക്ക് കുറച്ച സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല് 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള വ്യവസ്ഥകള്‍ 2019ലെ കേരള ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിനോദ നികുതി വര്‍ധിപ്പിക്കുമ്പോള്‍ അത് സിനിമാമേഖലയെയും ബാധിക്കും. നികുതി വര്‍ധിപ്പിച്ചതിനെതിരെ സിനിമാതാരങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയില്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സംവിധായകന് ബി ഉണ്ണികൃഷ്ണന്, സിനിമ സംഘടനയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
നിലവില്‍ 100 രൂപയ്ക്ക് താഴെയുള്ള ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനവും മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. എന്നാല്‍ ഇനി സിനിമ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് 28 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ഇത് സിനിമ മേഖലക്ക് തിരിച്ചടിയാകുമെന്നായിരുന്നു സംഘടനാപ്രതിനിധികളുടെ വാദം.