scorecardresearch
Latest News

വേദിയിൽ വച്ച് അപമാനിച്ച രാഷ്ട്രീയ നേതാവിന് ചുട്ട മറുപടി നൽകി മഞ്ജു പത്രോസ്; വൈറലായി വീഡിയോ

ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു കയ്യടിക്കുകയാണ് സഹ താരങ്ങൾ

manju pathrose, serial actor, politician, sexism, gender equality, empowerment, women in leadership, manju pathrose latest news, manju pathrose videos
Manju Pathrose Gives Powerful Reply to Politician Who Disrespected Serial Actors

പൊതു ചടങ്ങിനിടെ വേദിയിൽ വച്ച് സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയനേതാവിന് അതേ വേദിയിൽ തന്നെ ചുട്ടമറുപടി നല്‍കി ശ്രദ്ധ നേടുകയാണ് നടി മഞ്‍ജു പത്രോസ്. പെരുമ്പിലാവില്‍ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയ്ക്ക് ഇടയിലാണ് സംഭവം നടന്നത്.

“സീരിയില്‍ നടികള്‍ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പില്‍ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കര്‍ഷകൻ വേദിയില്‍ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം,” മഞ്ജു പത്രോസ് രാഷ്ട്രീയ നേതാവിന് നൽകിയ മറുപടിയിങ്ങനെ.

മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോര്‍ സത്യയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. “അഭിമാനമായി മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീ യുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പരിപാടിയിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി.വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്മ കൈയ്യടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യാനീതിയാവാം! ആർക്കും സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ പൂർണ്ണ സ്വാതന്ത്ര്യമാണ്, എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്, അങ്ങേയറ്റം അപലപനീയവുമാണ്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ…. ആദരവ്,” കിഷോർ സത്യ കുറിച്ചു.

നടൻ സാജൻ സൂര്യയും മഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് ‘പെൺവെട്ടം’ എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ.ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം,” സാജൻ സൂര്യ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cinema serial actor manju pathrose viral reply to the politician watch video