ഏറ്റവും വിരസമായ തനിയെ ഇരിപ്പു നേരങ്ങളിൽ നിന്നാകും ചിലപ്പോൾ രസകമായ ആശയങ്ങൾ പിറക്കുന്നത്. വെറുതെ ഇരുന്നപ്പോൾ ദിവകൃഷ്ണ വിജയകുമാർ എന്ന സിനിമാസ്വാദകന് തോന്നിയ ചില ചിന്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇപ്പോഴത്തെ സിനിമകൾ തൊണ്ണൂറുകളിലോ എൺപതുകളിലോ എഴുപതുകളിലോ ഒക്കെ വന്നിരുന്നെങ്കിൽ ആരാവും അതിൽ നായകന്മാരായി എത്തുക? അതുപോലെ, അന്നത്തെ ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണെങ്കിൽ ആരാവും അതിലെ നായകൻ? ഇത്തരം ആലോചനകൾ തിരുവനന്തപുരം സ്വദേശി ദിവകൃഷ്ണയെ കൊണ്ടെത്തിച്ചത് രസകരമായൊരു ഫോട്ടോസീരീസിലാണ്.
ഏറെ ജനപ്രീതിനേടിയ ചിത്രങ്ങളിലെ നായകൻമാരെ മാറ്റികൊണ്ട് ഒരു പോസ്റ്റർ സീരിസ് തന്നെ ഒരുക്കിയിരിക്കുകയാണ് ദിവകൃഷ്ണ വിജയകുമാർ എന്ന ഈ യുവാവ്. “ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു രണ്ട് ദിവസമായി. സിനിമ കാണൽ ഒന്നും നടക്കാത്ത അവസ്ഥ. അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഫോണിൽ പിക്സ്ആർട്ട് ആപ്പ് ഉപയോഗിച്ച് ചെയ്ത കുറച്ചു പോസ്റ്ററുകളാണ്. ഇപ്പോഴത്തെ സിനിമകൾ 90s ൽ വന്നിരുന്നെങ്കിലോ, 90s ലെ ചില സിനിമകൾ ഇപ്പോൾ വന്നിരുന്നെങ്കിലോ എന്നൊക്കെയുള്ള ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞു ഉണ്ടായതാണ്,” വേറിട്ട ഈ പോസ്റ്റർ സീരിസിനെ കുറിച്ച് ദിവകൃഷ്ണ പറയുന്നതിങ്ങനെ.
ജോമോന്റെ സുവിശേഷം പണ്ട് സത്യൻ അന്തിക്കാട് ചെയ്താൽ മിക്കവാറും അതിൽ ജയറാമും നായകൻ എന്നു തോന്നി. അച്ഛനും മകനും തമ്മിലുള്ളൊരു ഹൃദയബന്ധം പറയുന്നുണ്ടല്ലോ ആ ചിത്രം. അതാണ് അങ്ങനെയൊരു പോസ്റ്റർ കൊടുത്തത്. ‘പിൻഗാമി’യിലെ മോഹൻലാലിന്റെ സ്കിൽ കിട്ടിയപ്പോൾ പെട്ടെന്ന് ‘ഡ്രൈവിംഗ് ലൈസൻസി’ന്റെ പോസ്റ്റർ ആണ് ഓർമ വന്നത്. ‘ഉണ്ട’യും ‘മഹേഷിന്റെ പ്രതികാര’വുമാണ് കൂട്ടത്തിൽ വേറെ ലെവൽ കാസ്റ്റിംഗ് എന്നാണ് പോസ്റ്ററുകൾ കണ്ട സുഹൃത്തുക്കൾ പറഞ്ഞത്. അതപ്പോൾ എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ലോക്ക് ഡൗണിലെ വെറുതെയിരിപ്പിൽ തോന്നിയ ഒരു ആശയമാണ്,” ചിരിയോടെ ദിവാകൃഷ്ണ പറയുന്നു.
സിനിമാമോഹവും ഷോർട്ട് ഫിലിം സംവിധാനവുമൊക്കെയായി നടക്കുന്ന ചെറുപ്പക്കാരനാണ് ദിവകൃഷ്ണ. ‘നീയെൻ സ്വർഗസൗന്ദര്യമേ’ എന്ന പേരിലൊരു ഷോർട്ട്ഫിലിമും അടുത്തിടെ ദിവകൃഷ്ണയുടേതായി പുറത്തുവന്നിരുന്നു. ദിവകൃഷ്ണയും സംഘവും മറ്റൊരു ഷോർട്ട്ഫിലിമിന്റെ തിരക്കുകളുമായി ഇരിക്കെയാണ് ലോക്ക് ഡൗൺ എത്തുന്നത്. സിനിമ കാണലാണ് ലോക്ക്ഡൗൺ കാലത്തും ദിവകൃഷ്ണയുടെ പ്രധാന ഹോബി.
Read more: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?