കൊച്ചി: ഒരു സിനിമാ ചർച്ചാവേദി എന്നതിനപ്പുറം സർഗാത്മകമായ ഒരു ഫെയ്സ്ബുക്ക് ഇടമാണ് സിനിമാ പാരഡൈസോ ക്ലബ്ബ്. സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിപിസിയിലെ ചര്‍ച്ചകളും സിനിമാ സംബന്ധമായ പ്രവര്‍ത്തനങ്ങളും ഏറെ ആഘോഷിക്കപ്പെടാറുണ്ട്. ജനകീയമായ രീതിയില്‍ ഈ കൂട്ടായ്മ എര്‍പ്പെടുത്തിയ സിനിമാ അവാര്‍ഡുകളും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

സിഗ്‍നേച്ചര്‍ എന്ന പുതിയ അഭിമുഖ പരിപാടി ആരംഭിച്ചാണ് കൂട്ടായ്മ വീണ്ടും ചര്‍ച്ചയാവുന്നത്. മലയാളസിനിമയിലെ പ്രഗല്ഭരായ കലാകാരന്മാരെ,അവരുടെ സൃഷ്ടികളെ, നിലപാടുകളെ ഒക്കെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് സംവാദപരിപാടി ആരംഭിക്കുന്നതെന്ന് സിപിസി വ്യക്തമാക്കുന്നു.

പരിപാടിയിലെ ആദ്യത്തെ അതിഥികള്‍ മറ്റാരുമല്ല, ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന നാല് സിനിമാപ്രവര്‍ത്തകരാണ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യം പുഷ്കരന്‍, ബിജിബാല്‍ എന്നിവര്‍ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ആസ്വാദനത്തെ,ചര്‍ച്ചകളെ പുതിയ തലങ്ങളിലെത്തിക്കാനുള്ള സിനിമാപാരഡൈസൊ ക്ലബിന്റെ ശ്രമങ്ങള്‍ക്ക് എന്നും പിന്തുണയേകിയ സിനിമാസ്വാദകര്‍ക്കായി തങ്ങളീ കയ്യൊപ്പ് സമര്‍പ്പിക്കുന്നതായി സിപിസി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook