സിനിമയെ പ്രണയിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന സിനിമാസ്വാദകര്‍. അവരുടെ സ്വപ്നങ്ങളിലും കാഴ്ചകളിലും സംസാരങ്ങളിലുമൊക്കെ നിറയുന്നത് അഭ്രലോകത്തിന്റെ വിശേഷങ്ങള്‍ തന്നെ. ലോകം ഒരു ബിന്ദുവിലേക്കു ചുരുങ്ങുന്ന വെര്‍ച്വല്‍ ലോകത്ത്, കുറേ സിനിമാപ്രേമികള്‍ ഒത്തുചേരുന്നൊരു പറുദ്ദീസയുണ്ട്. അതാണ് ‘സിനിമാ പാരഡൈസോ ക്ലബ്ബ്’ (സി പി സി) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം. പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത, സമൂഹത്തിന്റെ ഒരു പരിച്ഛേദം എന്നു തന്നെ പറയാവുന്ന ഒരു കൂട്ടം ആളുകള്‍ അവിടെ ഒത്തു ചേരുകയാണ്, സിനിമയുടെ പേരില്‍.
നാട്ടിന്‍പുറത്തെ പഴയ കലുങ്കുകളിലും ചായക്കടകളിലുമൊക്കെയിരുന്ന് സിനിമയും രാഷ്ട്രീയവുമാക്കെ ചര്‍ച്ച ചെയ്യുന്ന സഹൃദയത്വത്തോടെ ലോകത്തിന്റെ പല കോണുകളിലിരുന്ന് അവര്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. ഓരോ വര്‍ഷവും ഇറങ്ങുന്ന മലയാള സിനിമകളില്‍ നിന്ന് ജനകീയപരമായ വോട്ടിംഗ് രീതിയിലൂടെ അവര്‍ മികച്ച സിനിമകളെയും അഭിനേതാക്കളേയും കണ്ടെത്തി അവാര്‍ഡുകള്‍ നല്കുന്നു. വലിയ പ്രതിഫലത്തുക നല്കുന്ന, കോടികള്‍ ചെലവഴിച്ചൊരുക്കുന്ന മെഗാ അവാര്‍ഡ് നൈറ്റുകള്ക്കിടയിലും ജനപങ്കാളിത്തം കൊണ്ടും തനിമ കൊണ്ടും സിപിസി അവാര്‍ഡുകള്‍ വേറിട്ടു നില്ക്കുന്നു. ‘മലയാളത്തിന്റെ ഓസ്കാര്‍’ എന്നാണ് നടൻ ജയസൂര്യ ഈ പുരസ്കാരങ്ങളെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ അവാർഡ് എന്ന് സിപിസി സിനി അവാർഡിനെ കുറിച്ച് പറഞ്ഞത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും.
ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങളിലെ സജീവവും ശ്രദ്ധേയവുമായ സാന്നിധ്യമായ സിനിമാ പാരഡൈസോ ക്ലബ്ബിനെ കുറിച്ചും സിപിസി അവാര്‍ഡുകളെ കുറിച്ചും സിനിമാ പാരഡൈസോ ക്ലബ്ബിന്റെ നാള്‍വഴികളെ കുറിച്ചുമൊക്കെ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സിപിസി അഡ്മിന്മാരായ ജയ് വിഷ്ണുവും ശ്രീരാജ് എടക്കാടും അരുണ്‍ അശോകും.
സിനിമാ പാരഡൈസോ ക്ലബ്ബിനെക്കുറിച്ച് പറഞ്ഞു തുടങ്ങാം?
ജയ് വിഷ്ണു: ഓര്‍ക്കുട്ട് കാലത്തു നിന്നും ഫെയ്സ്ബുക്കിന്റെ പുതുലോകത്തിലേക്ക് ആളുകള്‍ സജീവമായി തുടങ്ങിയ കാലത്താണ് 2011 ല്‍ രാകേഷ് റോസ് എന്ന സുഹൃത്ത് ‘സിനിമാ പാരഡൈസോ ക്ലബ്ബ്’ എന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. സിനിമ ഇഷ്ടമുള്ളവര്‍ക്ക് ഒത്തു ചേരാനും സിനിമയെ കുറിച്ച് സംസാരിക്കാനുമൊക്കെയുള്ള ഒരു പ്ലാറ്റ്ഫോമാണ് സിപിസി. സിനിമ പാഷനായി കൊണ്ടു നടക്കുന്നവരും സിനിമയോട് താല്പ്പര്യമുള്ളവരുമൊക്കെ പതിയെ ഗ്രൂപ്പിലേക്ക് വന്നു തുടങ്ങിയപ്പോള്‍ ഗ്രൂപ്പ് വലുതായി തുടങ്ങി. ചര്‍ച്ചകള്‍, സംവാദങ്ങള്‍, വാര്‍ഷിക മീറ്റിംഗുകള്‍ എന്നിവയ്ക്ക് അപ്പുറം സിപിസിയുടെ പുതിയൊരു ചുവടുവെപ്പ് എന്നു പറയാവുന്നത്, അഞ്ചു വര്‍ഷം മുന്‍പ് ക്രൗഡ് ഫണ്ടിംഗിലൂടെ ഞങ്ങള്‍ ചെയ്തൊരു ഷോര്‍ട്ട്ഫിലിം ആയിരുന്നു. സിപിസി അംഗങ്ങള്‍ തന്നെയായിരുന്നു ആ ഷോര്‍ട്ട്ഫിലിമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. അന്നത്തെ ആ ഷോര്‍ട്ട്ഫിലിം ഡയറക്ടറുടെ പുതിയ സിനിമ ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. ബിലഹരിയുടെ ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രം. ഒരു സജീവ സിപിസി അംഗമാണ് ബിലഹരി.
വിഖ്യാതമായ ഇറ്റാലിയന്‍ ചലച്ചിത്രത്തിന്റെ പേര് സ്വീകരിക്കാന്‍ കാരണമെന്താണ്?
അരുണ്‍ അശോക്: മോര്ഗന് ഫ്രീമാനെയും മോഹന്‍ലാലിനെയും റൊബെര്‍ട്ടോ ബെനിഗ്നിയെയും ജഗതി ശ്രീകുമാറിനെയും ഫ്രാങ്ക് ഡറബോണ്ടിനേയും പത്മരാജനേയും കെജി ജോര്‍ജിനെയുമൊക്കെ സ്നേഹിക്കുന്ന, ലോക ക്ലാസിക്കുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാര്‍ക്കും ഒത്തു ചേരാനുള്ള ഒരിടമായാണ് സിനിമാ പാരഡൈസോ ക്ലബ്ബിനെ നോക്കി കാണുന്നത്. മൂന്നു പതിറ്റാണ്ടു മുന്പിറങ്ങിയ, സിനിമയുടെ കഥ പറയുന്ന ഒരു ഇറ്റാലിയന്‍ ചലച്ചിത്രത്തിന്റെ പേരാണ് ‘സിനിമാ പാരഡൈസോ’ എന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തീക്ഷ്ണതയില്‍ കഴിയുന്ന, ഇറ്റലിയിലെ ഒരു നഗരത്തിലെ വിനോദങ്ങളുടെ ആകത്തുകയായിരുന്നു സിനിമാ പാരഡൈസൊ എന്ന തിയേറ്റര്‍. സിനിമാ പാരഡൈസോ ക്ലബ്ബും സിനിമാസ്വാദകരുടെ ഒരു പറുദ്ദീസയാണ്.
എപ്പോള്‍ മുതലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്?
ജയ് വിഷ്ണു: സിപിസിയ്ക്ക് അടുത്ത ലെവലില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന ചിന്തയാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയാലോ എന്ന ആലോചനയായി മാറിയത്. നിലവില്‍ നമ്മള് കാണുന്ന പല അവാര്‍ഡ് ചടങ്ങുകളും ആളുകളുടെ ‘അവലൈബിലിറ്റി’ നോക്കി നിശ്ചയിക്കപ്പെടുന്നതാണ്. അതില്‍ നിന്നും മാറി ജനകീയമായ രീതിയില്‍, പോളിങ്ങിലൂടെ അവാര്‍ഡുകള്‍ നിര്‍ണയിക്കണം എന്നു തോന്നി. അങ്ങനെയാണ് 2015 ല്‍ ആദ്യമായി സിപിസി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ആ വര്‍ഷം ‘എന്നു നിന്റെ മൊയ്തീനി’ലെ അഭിനയത്തിന് പൃഥിരാജും പാര്‍വ്വതിയുമായിരുന്നു മികച്ച നടീനടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് പ്രഖ്യാപനം മാത്രമേ ആ വര്‍ഷം ഉണ്ടായിരുന്നുള്ളൂ. എങ്ങനെ നടത്തണം, നമ്മള് വിളിച്ചാല്‍ ആരൊക്കെ വന്ന് അവാര്‍ഡ് വാങ്ങിക്കും തുടങ്ങിയ ആശങ്കകള്‍ ഒക്കെ അന്നുണ്ടായിരുന്നു.
സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആണ് നമുക്ക് ധൈര്യമായി നടത്തി നോക്കാം എന്നൊരു നിര്‍ദ്ദേം മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെ 2016 ല്‍ ഇറങ്ങിയ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ 2017 ല്‍ ഒരു അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചു വിതരണം ചെയ്തു. വിനായകനും രജിഷയുമായിരുന്നു ആ വര്‍ഷം മികച്ച നടീനടന്മാര്ക്കുള്ള അവാര്‍ഡ് നേടിയത്. കഴിഞ്ഞ വര്‍ഷം 10000 പേരാണ് വോട്ടിംഗില്‍ പങ്കെടുത്തത്. ഈ വര്‍ഷം അത് 20000 പേരായി മാറി. ജനകീയ പിന്തുണ തന്നെയാണ് സിപിസിയ്ക്ക് മുന്നോട്ടു പോകാനുള്ള കരുത്തേകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷവും സിപിസി അവാര്‍ഡ് കൊടുത്തവര്‍ സ്റ്റേറ്റ് അവാര്‍ഡ് പട്ടികയിലും ഉണ്ടായിരുന്നു. സിപിസിയുടെ ജഡ്ജ്മെന്റ് തെറ്റുന്നില്ല എന്നത് ഞങ്ങള്‍ക്കും സന്തോഷും നല്കുന്ന കാര്യമാണ്.
അവാര്‍ഡ് കാറ്റഗറികളും പുരസ്കാരങ്ങളും എന്തൊക്കെയാണ്?
അരുണ്‍ അശോക്: പന്ത്രണ്ട് കാറ്റഗറികളാണ് സിപിസി അവാര്‍ഡിലുള്ളത്. പിന്നെ എല്ലാ വര്‍ഷവും ഒരു പ്രത്യേക ആദരവും നല്‍കും. ഇത്തവണ ത്യാഗരാജന് മാസ്റ്ററെയാണ് സിപിസി ആദരിക്കുന്നത്. ആദ്യത്തെ വര്‍ഷം സാധാരണ ട്രോഫിയായിരുന്നു നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിപിസി സ്വന്തമായി ഒരു മൊമന്റോ ഡിസൈന്‍ ചെയ്തെടുത്തു. ഈട്ടി തടിയില്‍ ബ്രോണ്‍സ് വെച്ച്, കൈകൊണ്ട് എഴുതിയ ലെറ്റേഴ്സ് ഒക്കെയുള്ള ഒരു മൊമന്റോ. കൂടെ ഒരു കാരിക്കേച്ചറും സമ്മാനിക്കും. എന്തു കൊണ്ടാണ് അവാര്‍ഡ് നല്‍കുന്നത് എന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു ജൂറി വെര്‍ഡിക്ടും അവാര്‍ഡിന്റെ ഭാഗമായി തയ്യാറാക്കാറുണ്ട്. അവാര്‍ഡിനെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളോടെയാണ് ഈ വെര്ഡിക്ട് തയ്യാറാക്കപ്പെടുന്നത്.
നിലവിലെ അവാര്‍ഡ് ചടങ്ങുകളുടെ കീഴ്വഴക്കങ്ങള് മാറ്റിയെടുക്കാനാണോ സിപിസി ശ്രമിക്കുന്നത്?
ശ്രീരാജ് എടക്കാട്: മനപൂര്‍വ്വം അങ്ങനെ ഒരു കീഴ് വഴക്കത്തെയും പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നില്ല. ഇനി ബോധപൂര്‍വ്വമല്ലാതെ അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ അവിടെയാണ് സിപിസിയുടെ വിജയം എന്നു പറയേണ്ടി വരും. ജനപങ്കാളിത്തത്തോടെ മുന്നോട്ട് പോവണം, സത്യസന്ധമായ വിധി നിര്ണയമുണ്ടാവണം. അര്‍ഹതപ്പെടുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കണം. ഇതൊക്കെയാണ് സിപിസി ആഗ്രഹിക്കുന്നത്. സിപിസിയുടെ ശ്രമങ്ങളും അതിനു വേണ്ടി തന്നെയാണ്.
അവാര്‍ഡ് ചടങ്ങ് പണച്ചെലവുള്ള കാര്യമല്ലേ? എങ്ങനെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്?
അരുണ്‍ അശോക്: ക്രൗഡ് ഫണ്ടിംഗ് വഴിയാണ് പണം കണ്ടെത്തുന്നത്. പിന്നെ അവാര്‍ഡിന്റെ കാര്യങ്ങളെല്ലാം ഗ്രൂപ്പില്‍ തന്നെയുള്ള അംഗങ്ങളാണ് ചെയ്യുന്നത്. സ്പോണ്‍സര്‍ഷിപ്പ് ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല, ഗ്രൂപ്പ് അംഗങ്ങള്‍ പിരിവ് എടുത്താണ് ചെയ്യുന്നത്.
ഗ്രൂപ്പിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
ജയ് വിഷ്ണു: ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട് നിലവില്‍. 23 അഡ്മിന്മാര് ആണ് ഗ്രൂപ്പിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തികൊണ്ടുപോവുന്നത്. വിവിധ ടൈം സോണിലുള്ളവര്‍ അഡ്മിന് പാനലിലുണ്ട്. അതുകൊണ്ട് 24 മണിക്കൂറും സിനിമാ പാരഡൈസോ ക്ലബ്ബ് സജീവമാണ്.
ശ്രീരാജ് എടക്കാട്: ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ സിപിസി അസോസിയേറ്റ് ചെയ്യുന്നു. സിനിമയെ കുറിച്ചുള്ള ഗൗരവകരമായ അഭിമുഖങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം ഫ്രീ സര്‍വ്വീസായി ചെയ്യുന്നതാണ്. ഞങ്ങളെല്ലാം പല മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. കയ്യിലെ പണം ചെലവാക്കിയൊക്കെയാണ് പലപ്പോഴും ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുന്നത്.