scorecardresearch

വികാര നിര്‍ഭരരായി ഐശ്വര്യയും ജോജുവും; സിപിസി അവാര്‍ഡുകള്‍ വിതരണം ചെയ്തു

“എന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും പറഞ്ഞു വിട്ടിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് തന്നെ പറഞ്ഞു വിട്ടതാണ്”

Aishwarya,Joju, cinema paradiso club

കൊച്ചി: സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിന്റെ 2018ലെ സിപിസി സിനി അവാര്‍ഡ്‌സ് വിതരണം ചെയ്തു. കലൂരെ ഐഎംഎ ഹാളില്‍ രാവിലെ പതിനൊന്നരയോടെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു വിജയികള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. മികച്ച നടനുള്ള പുരസ്‌കാരം ജോസഫ് എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്ജും മികച്ച നടിക്കുള്ള പുരസ്‌കാരം വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷ്മിയും കരസ്ഥമാക്കി.

സിപിസി സിനി അവാര്‍ഡ്‌സ് തുടങ്ങിയ വര്‍ഷം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജിഷ വിജയനാണ് ഐശ്വര്യയ്ക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാം ഏറ്റുവാങ്ങി പ്രേക്ഷകരോട് സംസാരിക്കാന്‍ മൈക്ക് വാങ്ങിയെങ്കിലും വികാര നിര്‍ഭരയായി ഐശ്വര്യയ്ക്ക് സംസാരിക്കാന്‍ സാധിച്ചില്ല. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ഐശ്വര്യ സ്‌റ്റേജില്‍ നിന്നും തിരിച്ചിറങ്ങുകയായിരുന്നു.

View this post on Instagram

#cpccineawards2018

A post shared by Sarath Raj (@i_sarathraj) on

നടനും നിര്‍മ്മാതാവും സിനിമാ പാരഡീസോ ക്ലബ്ബിന്റെ സജീവ അംഗവുമായ വിജയ് ബാബുവാണ് ജോജു ജോര്‍ജ്ജിന് പുരസ്‌കാരം നല്‍കിയത്. സംസാരിക്കാനായി മൈക്കെടുത്ത ജോജുവിനും തുടക്കത്തില്‍ സംസാരിക്കാന്‍ സാധിച്ചില്ല.

‘ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസമാണ്. കൂട്ടുകാരോടൊക്കെ സംസാരിക്കുമ്പോള്‍ എന്തെടാ ഏതെടാ എന്നൊക്കെ പറയുമെങ്കിലും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു,’ എന്നു പറഞ്ഞുകൊണ്ട് സംസാരിക്കാനാകാതെ ജോജു മൈക്ക് വിജയ് ബാബുവിന് കൈമാറി.

മറ്റെല്ലാ അവാര്‍ഡുകളും താന്‍ ചിരിച്ചു കളിച്ചുകൊണ്ടാണ് വാങ്ങിയത് എന്നാല്‍ സിപിസി നല്‍കുന്ന പുരസ്‌കാരം വാങ്ങുന്നത് അങ്ങനെയല്ലെന്ന് ജോജു പറഞ്ഞു.

‘വളരെ നല്ലൊരു സംസ്‌കാരമാണ് സിപിസി സിനിമയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ പുരസ്‌കാരം ഇതിന് മുമ്പ് വാങ്ങിയത് ഫഹദ് ഫാസിലും വിനായകനുമൊക്കെയാണ്. അത് ഇത്തവണ എന്റെ കൈയ്യില്‍ ഇരിക്കുന്നു. 25 വര്‍ഷമായി ഞാന്‍ സിനിമയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും പറഞ്ഞു വിട്ടിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് തന്നെ പറഞ്ഞു വിട്ടതാണ്,’ തനിക്കീ പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ മുന്നിലിരിക്കുന്ന എല്ലാ സിനിമാ മോഹികള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന് ജോജു പറഞ്ഞു.

സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവന കണക്കിലെടുത്ത് സിനിമാ പാരഡീസോ ക്ലബ്ബ് ആദരിച്ചു. 62 വർഷമായി അദ്ദേഹം സിനിമാ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ‘സംഘട്ടനം ത്യാഗരാജൻ’ എന്ന് ടൈറ്റിൽ കാർഡിൽ കണ്ടു വളർന്ന മലയാളികളുടെ സിനിമാ കാഴ്ചകളുടെ ഏറ്റവും വലിയ നൊസ്റ്റാൾജിയ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾ.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. ലിജോയ്ക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് ആയിരുന്നു.

ഈ മ യൗവിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിനായകനും സഹനടിക്കുള്ള പുരസ്‌കാരം പൗളി വത്സനും നേടി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയെ തനതായ അഭിനയ ശൈലിയിലൂടെ മികവുറ്റതാക്കിയ സാവിത്ര ശ്രീധരനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കറിയയ്ക്കും മുഹസിന്‍ പെരാരിക്കുമാണ്. സുഡാനി ഫ്രെം നൈജീരിയ, ഈ മ യൗ എന്നീ സിനിമകളിലൂടെ ഷൈജു ഖാലിദ് മികച്ച ഛായാഗ്രഹകനുളള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍-നൗഫല്‍ അബ്ദുളള, മികച്ച പശ്ചാത്തല സംഗീതം- പ്രശാന്ത് പിളള, മികച്ച ഒര്‍ജിനല്‍ സോങ്- രണം ടൈറ്റില്‍ ട്രാക്ക്, മികച്ച സൗണ്ട് ഡിസൈനിങ്- രംഗനാഥ് രവി.

വിനായകന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സാവിത്രി ശ്രീധരന്‍, സക്കരിയ എന്നിവര്‍ക്ക് അവാര്‍ഡ് ഏറ്റുവാങ്ങാനായി എത്താന്‍ സാധിച്ചില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cinema paradiso club cpc cine awards 2018 aishwarya lekshmi joju george