scorecardresearch

ആദ്യമെത്തുക ജെയിംസ് ബോണ്ട്, പിന്നാലെ ജോജു- പൃഥ്വി ചിത്രം; തിയേറ്ററുകൾ തുറക്കുമ്പോൾ

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകൾ ബുധനാഴ്ച തുറക്കും

Cinema Theatres, Multiplexes, Kerala, Theatres, Lockdown, Theatre Owners, തിയേറ്റർ, തിയേറ്ററുകൾ, തിയേറ്ററുകൾ തുറക്കുന്നു, മൾട്ടിപ്ലെക്സ്, തിയേറ്റർ ഉടമകളുടെ യോഗം

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ തുറന്നുപ്രവർത്തിപ്പിക്കാനുള്ള അവസാനഘട്ട ജോലികളിലാണ് കേരളത്തിലെ തിയേറ്റർ ഉടമകൾ. തിയേറ്ററുകൾ അണുവിമുക്തമാക്കിയും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുമൊക്കെയാണ് അവസാനഘട്ട ജോലികൾ മുന്നോട്ടുപോവുന്നത്.

“തിയറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങൾ (എസ് ഒപി) കഴിഞ്ഞ തവണ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് തന്നെയാണ് ഇത്തവണയും മുന്നോട്ട് പോവുന്നത്. ഒപ്പം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി മാത്രമേ തിയേറ്ററുകൾ പ്രവർത്തിപ്പിക്കാവൂ എന്ന സർക്കാരിന്റെ പുതിയ നിർദ്ദേശം കൂടി പാലിച്ചുകൊണ്ടാവും തിയേറ്റുകൾ പ്രവർത്തിക്കുക,” ഇടപ്പള്ളി വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജർ ഷൈൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ബുധനാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം: ലെറ്റ് ദേർ ബി കാർണേജ്, മാർവൽ സ്റ്റുഡിയോ ചിത്രം ഷങ്ങ്-ചി ആൻഡ് ദി ലെഗന്റ് ഓഫ് ദ ടെൻ റിങ്ങ്സ് എന്നിവയാണ് ആദ്യമെത്തുക. ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ’ വ്യാഴാഴ്ച റിലീസിനെത്തും. മലയാളത്തിൽ നിന്നും ആദ്യം റിലീസിനെത്തുന്ന ചിത്രം ‘സ്റ്റാർ’ ആണ്,” ഷൈൻ കൂട്ടിച്ചേർത്തു.

ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ.

Read Here: നഗര ചത്വരങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുമ്പോൾ

2021 പ്രിൽ 23നാണ് കേരളത്തിലെ തിയേറ്ററുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാമതും അടക്കുന്നത്. തിയേറ്റർ ഉടമകളെയും ജോലിക്കാരെയും സംബന്ധിച്ച് ഏറെ പ്രയാസമേറിയ നാളുകളായിരുന്നു കഴിഞ്ഞുപോയത്. തിയേറ്റർ ജോലിക്കാരിൽ പലരും അതിജീവനാർത്ഥം മറ്റു ജോലികൾ ചെയ്തു തുടങ്ങി. “ജോലിക്കാരിൽ പലരും വേറെ ജോലിയ്ക്ക് ഒക്കെ പോയതിനാൽ വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്ത അവസ്ഥയുണ്ട്,” തിയേറ്ററുകൾ നേരിടുന്ന മറ്റൊരു പ്രശ്നം ഷൈൻ ചൂണ്ടികാട്ടി.

മിക്ക തിയേറ്ററുകളും സമാനമായ പ്രശ്നം നേരിടുന്നുണ്ട്. “തിയേറ്ററുകൾ അടഞ്ഞ് ജോലി നഷ്ടപ്പെട്ടപ്പോൾ ഒന്ന് രണ്ട് ഓപ്പറേറ്റർമാരൊക്കെ ഇലക്ട്രീഷ്യനായി പോയിട്ടുണ്ട്. സ്റ്റാഫുകളുടെ കുറവ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രശ്നമാണ്, തിയേറ്ററുകൾ പഴയപടി പ്രവർത്തിച്ചു തുടങ്ങുമ്പോൾ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ,” മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ കെ ഒ ജോസഫ് പറയുന്നു.

“തിയേറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി ഇന്നും നാളെയും മൂന്നു മണിക്കൂർ വച്ച് പ്രൊജക്റ്റുകൾ പ്രവർത്തിപ്പിച്ചു നോക്കുകയാണ്. രണ്ടു ഇംഗ്ലീഷ് ചിത്രങ്ങളും ജാക്കിചാൻ പടവുമാണ് ആദ്യം ദിനം പ്രദർശനത്തിനെത്തുക. വെള്ളിയാഴ്ച ആവുമ്പോഴേക്ക് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മൂന്നു പുതിയ ചിത്രങ്ങൾ കൂടി പ്രദർശനത്തിനെത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒക്ടോബർ 25 മുതൽ തിയേറ്ററുകൾ തുറക്കുമെന്ന് വാർത്തകൾ വന്നിരുന്നല്ലോ, ഇന്ന് തന്നെ നിരവധി പേരാണ് തിയേറ്റർ തുറന്നോ എന്ന് വിളിച്ച്​ അന്വേഷിച്ചത്. ഇത്തവണ കൂടുതൽ ആളുകൾ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ,” കെ ഒ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.

നല്ലൊരു ശതമാനം ആളുകളും വാക്സിൻ എടുത്തിട്ടുള്ളതിനാൽ ഇത്തവണ തിയേറ്ററിലേക്ക് ആളുകൾ വരുമെന്ന് തന്നെയാണ് തിയേറ്റർ ഉടമകളുടെ പ്രതീക്ഷ. നവംബർ 12ന് ദുൽഖർ ചിത്രം ‘കുറുപ്പ്’ കൂടി തിയേറ്ററിൽ എത്തുന്നതോടെ കുടുംബപ്രേക്ഷകരും തിയേറ്ററിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Read more: ദുൽഖറിന്റെ ‘കുറുപ്പ്’ നവംബർ 12ന് തിയേറ്ററിലേക്ക്

തിയറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ ഇത്തവണയും അനുവദിക്കുകയുള്ളൂ. എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവർക്ക് ഇടയിൽ ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.

എല്ലാ തിയറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുൻപ് തെർമൽ സ്ക്രീനിംഗ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കൂ.

ഇടവേളകളിൽ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Cinema halls multiplexes reopen from october 27 new release