/indian-express-malayalam/media/media_files/uploads/2017/05/dqq.jpg)
കേരള സര്‍ക്കാരിന് പാലാ നിയോജകമണ്ഡലത്തോട് ശകലം വാത്സല്യം കൂടുതലാണ്. അങ്ങനെയൊരു വാത്സല്യമാണ് പാലാ മണ്ഡലത്തിലെ പ്രജയായ മാത്യുസാറിന് തന്‍റെ മകന്‍ അജിപ്പാനോടും ഉള്ളത്. അജിപ്പാന്‍ പാലക്കാരനാന്നേലും കേരളാ കോണ്‍ഗ്രസ്സുകാരനല്ല! അജിപ്പാന്‍ കാമുകനാണ്, കമ്യൂണിസ്റ്റാണ്, സി എം എസ്സിന്‍റെ സെന്റര്‍ ഫോര്‍വേഡാണ്, അത് വല്ലാത്തൊരു കോമ്പിനേഷനുമാണ്. എന്നാല്‍, അത് മാത്രമല്ല അജിപ്പാന്‍, ഒറ്റവാക്കില്‍ അജിപ്പാനെ അടയാളപ്പെടുത്തണമെങ്കില്‍ പറയാവുന്ന ഒരു കാര്യം അയാള്‍ അടിസ്ഥാനപരമായിട്ട് ഒരു സാഹസികനാണ് എന്നതാണ്.
ഭരണം കൈയ്യിലുണ്ടേലും ഇല്ലേലും പാലാ മണ്ഡലത്തില്‍ കിരീടം വെക്കാതെ ഭരിക്കുന്ന കോരസാറിന്‍റെ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അവന് എന്നാ ത്രില്ല് കിട്ടാനാ. ശകലം റോഡ് പിക്കറ്റിങ്ങും കല്ലേറും ലാത്തിചാര്‍ജ്ജും ഒക്കെ വേണേല്‍ ചുവപ്പേല്‍ വരണം. അങ്ങനെയാണ് കേരളാ കോണ്‍ഗ്രസ്സുകാരനായ മാത്യൂസാറിന്‍റെ വീട്ടുമുറ്റത്ത് ആദ്യമായി ‘ദേശാഭിമാനി’ വന്ന് വീഴാന്‍ തുടങ്ങിയത്. അങ്ങനെയിരിക്കുമ്പോള്‍ അജിപ്പാന്‍ ചിലപ്പോഴൊക്കെ പഠിച്ച കോളേജില്‍ ചെന്ന് ‘മണ്ണാറത്തൊടി ജയകൃഷ്ണന്‍’ കളിക്കും, അങ്ങനാ ഒരു പ്രണയത്തില്‍ കുടുങ്ങുന്നത്. അങ്ങനെ അസ്ഥിക്ക് പിടിച്ച പ്രണയമൊന്നുമല്ല, എന്നാലും ‘ഒന്നുമില്ലാതിരിക്കുന്നതിലും നല്ലതല്ലേ എന്തെങ്കിലും ഉണ്ടായിരിക്കുന്നതിലും നല്ലതല്ലേ’ എന്ന് പറയുന്നത് പോലൊരു പ്രണയം. എന്നാലീ പ്രണയത്തില്‍ തന്‍റെ സാഹസികതയ്ക്കൊരു സാധ്യത അജിപ്പാന്‍ കണ്ടെത്തുന്നുണ്ട്, തന്‍റെ കാമുകി ഒന്നും പറയാതെ അമേരിക്കയിലോട്ട് പറന്നുപോയി എന്നറിയുമ്പോള്‍. ഇവിടെ വെച്ചാണ് ‘C I A’ വിദേശക്കാഴ്ചകളും ബാഗില്‍ കുത്തി നിറച്ച് നമുക്ക് മുന്നിലൂടെ നടന്നു തുടങ്ങുന്നത്.
നരകത്തിന് അതിര്‍ത്തി വേലിയില്ല, സ്വര്‍ഗം അതിര്‍ത്തി തിരിച്ച് വേലി കെട്ടിയപ്പോള്‍ ബാക്കി വന്നതൊക്കെ തനിയെ നരകമായി മാറിയതാണ്. എന്ന് പറഞ്ഞത് പോലെയാണ് അമേരിക്കയിലും കാര്യങ്ങള്‍, അതിര്‍ത്തിയില്‍ കിടക്കുന്ന നിക്കരാഗ്വയും ഹോണ്ടുറാസും ഗ്വോട്ടിമാലയും ഒക്കെ ഒരു പഞ്ചായത്ത് മതിലിന്‍റെ പോലും അതിരില്ലാതെ ഒരേ അളവില്‍ ദാരിദ്ര്യം പങ്കുവെച്ച് പരന്നു കിടക്കുമ്പോള്‍ അമേരിക്കയുടെ ഇന്ദ്രന്‍ ട്രമ്പ് മെക്സിക്കോയെ മതില് പണിഞ്ഞ് അകറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു ഭൂമികയിലൂടെ യാത്ര ചെയ്താണ് അജിപ്പാന്‍ തന്‍റെ കാമുകിയിലേക്കെത്താന്‍ ശ്രമിക്കുന്നത്. യാത്രികനെ(യെ) അഭയാര്‍ഥിയില്‍ നിന്നും വേര്‍തിരിക്കുന്നത് അവന്‍റെ(ളുടെ) കൈയ്യിലുള്ള പണമോ മറ്റു ഭൗതിക സാഹചര്യങ്ങളോ അല്ല, മറിച്ച് അവന്‍ വരുന്ന രാജ്യത്തിന്‍റെ ലോകത്തിനു മുന്നിലുള്ള സാമൂഹിക / സാമ്പത്തിക സ്ഥിതി മാത്രമാണ്. ഒരു ശരാശരി ഇന്ത്യന്‍ സാഹചര്യം വെച്ച് താരതമ്യം ചെയ്താല്‍ മികച്ച ഭൗതിക സാഹചര്യങ്ങളുള്ള പാലായിലെ സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ നിന്ന് വരുമ്പോഴും ‘ലോകത്തിന്‍റെ പാലാ’യായ അമേരിക്കയിലോട്ട് അജിപ്പാന് അങ്ങനങ്ങ് കയറിചെല്ലാനൊക്കുന്നില്ല എന്നതാണ് അതിന്‍റെയൊരു ദൃഷ്ടാന്തം. സത്യമാണ്, പലപ്പോഴും അജിപ്പാന്‍ അടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ നടത്തുന്ന യാത്രയ്ക്ക് ഒരു ടിവി ഗെയിം ഷോയുടെ ഗൌരവമേ തോന്നുന്നുള്ളൂ. അങ്ങനെയൊരു കോമ്പ്രമൈസ് അവസാന രംഗത്തില്‍ ‘കേരളത്തിലെ ആമ്പിള്ളേരെ’ കുറിച്ചുള്ള പരാമര്‍ശത്തിലും ആരോപിക്കവുന്നതാണ്. എന്നാല്‍ അമല്‍ നീരദ് തന്‍റെ രാഷ്ട്രീയവും ഈ മാധ്യമത്തിലുള്ള മിടുക്കും എത്രയോ വട്ടം തെളിയിച്ചതാണെന്നിരിക്കെ ഇതൊക്കെയും ഈ സിനിമയ്ക്ക് കൂടുതല്‍ റീച്ച് ഉണ്ടാക്കിക്കൊടുക്കാന്‍ ബോധപൂര്‍വ്വം നടത്തിയ വിട്ടുവീഴ്ചകളായിരിക്കാം എന്നാണ് മനസ്സിലാക്കുന്നത്.
Read More: അമല്‍ നീരദിനും സഖാവ്, മൂലധനമായെത്തുമ്പോള്‍
അമല്‍ നീരദ് തന്നെ നിര്‍മ്മിക്കുകയും അമലും അന്‍വര്‍ റഷീദും കൂടി വിതരണത്തിനെടുക്കുകയും ചെയ്ത ഈ സിനിമയില്‍ നിന്നുള്ള ലാഭവും തീര്‍ച്ചയായും മലയാളം സിനിമാമേഖലയിലേക്ക് തന്നെ വരാനുള്ളതാണ് എന്ന് അമലിന്‍റെ ഇത്രയും നാളത്തെ സിനിമാനിര്‍മ്മാണ രീതികള്‍ വെച്ച് നിശ്ചയമായും പറയാന്‍ കഴിയും.
‘C. I. A.’ ഒരു ഗൗരവസിനിമ എന്നതിലുപരി നല്ല എന്റെര്‍റൈന്‍മെന്‍റ് വാല്യൂ ഉള്ള ഒരു അവധിക്കാല സിനിമയാണ്. ആഗോള പൗരനായ മലയാളിയുടെ സിനിമ അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ക്യാമറ തിരിച്ചുവെക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായെങ്കിലും പ്രമേയങ്ങള്‍ വിശ്വസനീയമായി പകര്‍ത്താന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. ‘ടേക്ക് ഓഫ്’ പോലെ തന്നെ ‘C. I. A.’യും അങ്ങനെ ചില ‘പുരൈട്ട്ച്ചി’കളെ (revolution) പുണര്‍ന്നു തുടങ്ങുന്ന നേരത്ത് അതിന്‍റെ നുറുങ്ങ് പരിമിതികള്‍ എടുത്ത് കാണിക്കുന്നതില്‍ വലിയ അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നില്ല.
ഈ സിനിമയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളില്‍ ഏറ്റവും മുന്തിയത് സോബിനും ദിലീഷ് പോത്തനും അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. സുജിത് ശങ്കര്‍ എന്ന അസാധ്യ റേഞ്ചുള്ള നടന്‍ ഈ സിനിമയിലും കൃത്യമായി ഉപയോഗിക്കപ്പെടാതെ കടന്നുപോയി. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ കഴിഞ്ഞ് ശരിക്കൊന്ന് ശ്വാസം വിടാനുള്ള തിരശ്ശീല സമയം പോലും മലയാള സിനിമ കൊടുക്കാതിരുന്ന ഈ നടനെ കുറിച്ച് തികഞ്ഞ ആശങ്കയുണ്ട്. ‘ആന്‍ മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിന് ശേഷം നടന്‍ സിദ്ദിക്ക് ‘C. I. A.’യില്‍ തെളിഞ്ഞൊന്നു മിന്നിയിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായവ്യത്യസങ്ങള്‍ക്ക് അതീതമായി പരസ്പരം സ്നേഹിക്കുന്ന അപ്പനും മോനും തമ്മിലുള്ള കെമിസ്ട്രി അസാധ്യമായി തന്നെ വര്‍ക്ക് ഔട്ട് ആയിട്ടുണ്ടെന്ന് പറയാതെ വയ്യ. തിയറ്റര്‍ കുലുങ്ങുന്നത് പോലുള്ള രണ്ടു കൈയ്യടികള്‍ സിനിമയ്ക്ക് ലഭിക്കുന്നത് സിദ്ദിക്ക് അവതരിപ്പിക്കുന്ന മാത്യൂസ് ആടുതോമാച്ചായനെ പരാമര്‍ശിക്കുന്ന പോലീസ് സ്റ്റേഷന്‍ രംഗത്തിനും അജിപ്പാനുമായി അദ്ദേഹം നടത്തുന്ന വൈകാരികമായ ഫോണ്‍ സംഭാഷണത്തിനുമാണ്. വൈകാരിക രംഗങ്ങളിലും നായകത്വം വെളിവാക്കുന്ന ഇടങ്ങളിലും ദുല്‍ക്കര്‍ കാണിക്കുന്ന കൈയ്യടക്കം കാണുമ്പോള്‍ ‘C. I. A.’ ഒരുവേള അദ്ദേഹത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുള്ള പട്ടാഭിഷേകമാണെന്ന് വരെ തോന്നിപോകുന്നുണ്ട്.
രാത്രികളില്‍ നിറഞ്ഞ് സ്വപ്നം കാണുന്ന അജിപ്പാന്‍ തന്‍റെ സ്വപ്നജാഗരങ്ങളില്‍ വിപ്ലവപ്രസ്ഥാനത്തിന്‍റെ നേതാക്കളുമായിട്ട് നടത്തുന്ന സംഭാഷണങ്ങള്‍ പ്രാഞ്ചിയേട്ടനും പുണ്യാളനും തമ്മിലുള്ള സംസാരത്തിന്‍റെ അത്രേം കളറായില്ലെങ്കിലും മുഷിപ്പിച്ചില്ല. എന്നല്ല, കാള്‍ മാര്‍ക്സിന്‍റെ ചിരിയും പ്രണയവും സ്റ്റാലിന്‍റെ അരസികത്വും ഒക്കെ നേര്‍ത്ത പരിഹാസങ്ങളായി വന്ന് വീഴുന്നത് കാണാന്‍ രസമുണ്ട്. അതുകൊണ്ടൊക്കെ തന്നെ നിക്കരാഗ്വന്‍ പാര്‍ട്ടി ഓഫീസില്‍ ഇരുന്ന് നിക്കരാഗ്വന്‍ സഖാവ് പാലാ ലോക്കല്‍ സെക്ക്രട്ടറിയുടെ “This comrade is our comrade” എന്ന വരികള്‍ വായിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴക്കമുള്ള ശബ്ദത്തില്‍ ഒരാള്‍ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്, “ഓന്‍ നമ്മടെ ആളാ” എന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.