Chup Release & Response: ദുൽഖർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്.
ദുൽഖർ നായകനാവുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ‘ചുപ്’. ദുൽഖറിന്റെ മുൻ ബോളിവുഡ് ചിത്രങ്ങളായ കാർവാൻ, ദ സോയ ഫാക്ടർ എന്നീ ചിത്രങ്ങൾക്ക് വലിയ ഓളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചിത്രം തിയേറ്ററിൽ എത്തും മുൻപു തന്നെ കാണാൻ അവസരം കിട്ടിയ പ്രേക്ഷകർക്ക് മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ചുള്ളത്. ഇതേ രീതിയിൽ തിയേറ്റർ റെസ്പോൺസും ലഭിച്ചാൽ, ഹിന്ദിയിലെ ദുൽഖറിന്റെ ആദ്യ ഹിറ്റാവാനും മുൻനിര നായകന്മാർക്കൊപ്പം തന്നെ ദുൽഖറിന്റെ പേര് ശ്രദ്ധിക്കപ്പെടാനും ചുപ് കാരണമാവും. ദുൽഖറിന്റെ ബോളിവുഡ് ഭാവി നിർണയിക്കുമോ ചുപ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.
അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയിൽ ഗംഗുഭായി കത്തിയവാഡി, ലാൽ സിംഗ് ചദ്ദ, ഷംഷേര പോലുള്ള ബോളിവുഡ് ചിത്രങ്ങളെയെല്ലാം ചുപ് പിറകിലാക്കി എന്നാണ് റിപ്പോർട്ട്.ഇതുവരെ 1,25,000 ടിക്കറ്റുകളാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ വിറ്റുപോയിരിക്കുന്നത്.
ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.ദുൽഖറിന്റെ അഭിനയം ദേശീയതലത്തിൽ ശ്രദ്ധ നേടാനും നിരൂപക പ്രശംസ നേടാനും കഴിയുമെന്നാണ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.
സീതാരാമത്തിൽ ഒടുക്കത്തെ റൊമാൻസ്, ചുപ്പിൽ നല്ല സൊയമ്പൻ സൈക്കോത്തരം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഡിക്യു? എന്നാണ് ആരാധകർ ദുൽഖറിനോട് ചോദിക്കുന്നത്.