‘ഹാപ്പി വെഡ്ഡിങ്’ എന്ന സർപ്രൈസ് ഹിറ്റിന് ശേഷം ഒമർ ലുലു ഒരുക്കിയ ചിത്രമാണ് ‘ചങ്ക്സ്’. ഗണപതി, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. ഈ നാലു സുഹൃത്തുക്കളുടെ കഥയാണ് ചങ്ക്സ് പറയുന്നത്. ഹണി റോസ് ആണ് ചിത്രത്തിലെ ഫീമെയ്ൽ ലീഡ്. ‘മലയാളസിനിമ വീണ്ടും ക്യാംപസിലേക്ക്’ എന്ന വിശേഷണവുമായിട്ടാണ് ചങ്ക്സ് തീയറ്ററുകളിലേക്ക് എത്തിയത്.

ആണ്‍കുട്ടികള്‍ അടക്കി വാഴുന്ന മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ആദ്യമായി ഒരു പെണ്‍കുട്ടിയെത്തുന്നു, റിയ. അവളെ മെക്ക് റാണിയായി പ്രഖ്യാപിച്ച് സൗഹൃദവലയത്തിലേക്ക് ചേര്‍ക്കുന്ന നാല്‍വര്‍സംഘം. റിയയുടെ കടന്നുവരവ് ആ കാമ്പസിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് ചിത്രം രസകരമായി പറഞ്ഞുവയ്ക്കുന്നു. ചിത്രത്തിന് ബോക്സോഫീസിൽ മോശമല്ലാത്ത പ്രതികരണവും ലഭിക്കുന്നുണ്ട്.

റിലീസ് ദിവസം മുതൽ ‘ചങ്ക്സ്’ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ചിത്രത്തിൽ ലൈംഗികതയുടേയും ദ്വയാർത്ഥ പ്രയോഗങ്ങളുടേയും അതിപ്രസരമാണെന്നായാരുന്നു പ്രധാന ആരോപണം. ഇതിനെതിരെ ചിത്രത്തിന്റെ സംവിധാകൻ തന്നെ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ചങ്ക്സിനെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ ‘ഹേയ് കിളിപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രംഗങ്ങൾ മറ്റൊരു സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ഇവർ ആരോപിക്കുന്നത്. ബാലു വർഗീസും ഹണി റോസും ഗോവക്ക് ട്രിപ്പ് പോകുന്നതാണ് പാട്ടിൽ കാണിക്കുന്നത്. ‘അൻജാന അൻജാനി’ എന്ന ഹിന്ദി ചിത്രത്തിലെ ‘ഹെയ്റാത്ത്’ എന്ന ഗാനത്തിലും സമാന രംഗങ്ങളാണെന്നാണ് കണ്ടെത്തൽ. ഹിന്ദി പാട്ടിൽ രൻബീർ കപൂറും പ്രിയങ്കാ ചോപ്രയുമാണ് ട്രിപ്പ് പോകുന്നതെന്നത് മാത്രമാണ് വ്യത്യാസമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കടപ്പാട്: ഐസിയു

അതേസമയം, ഒരേ പ്രമേയമാകുന്പോൾ ഇത്തരം സാമ്യതകൾ സ്വാഭാവികമാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും രണ്ട് വീഡിയോയും കണ്ട് വായനക്കാർ തന്നെ തീരുമാനിക്കൂ, കോപ്പിയടിയാണോ അതോ സാമ്യത മാത്രമാണോ എന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ