/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/07/Oppenheimer.jpg)
Oppenheimer
ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ഓപ്പൺഹൈമർ' നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഓപ്പൺഹൈമറിന്റെ വരവിനെ ആഘോഷമാക്കുകയാണ് നോളൻ ഫാൻസും. വമ്പൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആദ്യദിനം ലോകമെമ്പാടും 10 കോടിയിലേറെ ആളുകൾ ചിത്രം കാണുമെന്നും പ്രെഡിക്ഷൻ റിപ്പോർട്ടുകൾ പറയുന്നു.
ബുക്ക് മൈ ഷോ ആപ്പുവഴി മാത്രം ഇന്ത്യയിൽ 3 ലക്ഷം ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയെന്നും അതിൽ 42 ശതമാനം ടിക്കറ്റുകളും ഐമാക്സിനു വേണ്ടിയാണെന്നും പറയുകയാണ് ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാല.
എന്തായാലും, കേരളത്തിലും ഓപ്പൺ ഹൈമർ തരംഗം പ്രകടമായി കാണാം. കേരളത്തിലെ തിയേറ്ററുകളിലും അഡ്വാൻസ് ബുക്കിംഗിൽ വൻ മുന്നേറ്റമാണ്. "അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റൊഴിക്കപ്പെടുന്നത്. തിരുവനന്തപുരം ഐമാക്സിലെ ആദ്യഷോയുടെ ടിക്കറ്റുകൾ എല്ലാം ഇതിനകം തന്നെ വിറ്റുപോയി. ആദ്യദിനം അഞ്ചു ഷോകളാണ് ഉള്ളത്. എല്ലാ ഷോയ്ക്കും വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു ടിക്കറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. കൊച്ചി പിവിആറിലെ അവസ്ഥയും വ്യത്യസ്തമല്ല," പിവിആർ പ്രതിനിധികൾ പറയുന്നു.
300,000 tickets sold for #Oppenheimer on @bookmyshow in India 🇮🇳
— Ramesh Bala (@rameshlaus) July 18, 2023
About 42% of this tickets are for #IMAX
54,000 tickets are sold on @bookmyshow for #BarbieMovie in India 🇮🇳
8% have bought for both - #Barbenheimer
ഐമാക്സ് ഫിലിം ക്യാമറകളും 65 എംഎം ലാർജ് ഫോർമാറ്റ് ഫിലിമും ഉപയോഗിച്ചാണ് ഓപ്പൺഹൈമർ ചിത്രീകരിച്ചത്. അതിനാൽ തന്നെ ചിത്രം ഗംഭീരമായ IMAX അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം, സാങ്കേതിക മികവ് പുലർത്തുന്ന എക്കാലത്തെയും ദൈർഘ്യമേറിയ IMAX സിനിമയെന്ന രീതിയിൽ കൂടിയാണ് ശ്രദ്ധ നേടുന്നത്.
ഓപ്പൺ ഹൈമറിനു മുന്നോടിയായി ഒരു നോളൻ ഫിലിം ഫെസ്റ്റിവൽ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് പിവിആർ കൊച്ചി. നോളന്റെ പ്രശസ്ത ചിത്രങ്ങളായ ദി ഡാർക്ക് നൈറ്റ്, ഇൻസെപ്ഷൻ എന്നിവ റി-റിലീസ് ചെയ്തു. രണ്ടു ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും പിവിആർ പ്രതിനിധികൾ പറയുന്നു.
കേരളത്തിൽ എപ്പോഴും നോളൻ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയുണ്ടെന്നാണ് ഇടപ്പള്ളി വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജരായ ഷൈൻ പറയുന്നത്. "മറ്റു ഹോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ക്രിസ്റ്റഫർ നോളന്റെ ചിത്രങ്ങൾക്ക് പ്രത്യേകം ഫാൻ ബേസ് ഉണ്ട്. ഓപ്പൺഹൈമറിനും വലിയ രീതിയിൽ അഡ്വാൻസ് ബുക്കിംഗ് നടക്കുന്നുണ്ട്. ബോക്സ് ഓഫീസിന് ഉണർവ്വു നൽകും ഓപ്പൺഹൈമർ എന്നാണ് പ്രതീക്ഷ." വനിത- വിനീത തിയേറ്ററുകളിൽ മാത്രം ചിത്രത്തിന് ആദ്യദിനം 8 ഷോകൾ ഉണ്ട്. കൊച്ചിയിൽ വിവിധ തിയേറ്ററുകളിലായി ആദ്യദിനം 87 ഓളം ചിത്രങ്ങളാണ് ചാർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ആറ്റം ബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായി ആറ്റംബോബു കണ്ടുപിടിച്ചതും രണ്ടാ ലോകമഹായുദ്ധവുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നും റിപ്പോർട്ടുകളുണ്ട്. സിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺ ഹൈമർ ആയി എത്തുന്നത്. ഓപ്പൺഹൈമറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത പ്രഖ്യാപിക്കപ്പെട്ടതു മുതൽ ചിത്രം ആഗോളതലത്തിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്‌ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ്, ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്‌ലെക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഓപ്പൺഹൈമറും ഭഗവദ് ഗീതയും
അടുത്തിടെ,സുചരിത ത്യാഗിയുമായുള്ള അഭിമുഖത്തിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറുടെ വേഷം ചെയ്യുന്നതിനുമുമ്പ് താൻ ഭഗവദ്ഗീത വായിച്ചതായി സിലിയൻ വെളിപ്പെടുത്തിയിരുന്നു. 1945-ൽ ലോകത്തിലെ ആദ്യത്തെ അണുബോംബ് വിജയകരമായി പരീക്ഷിച്ചതിന് തൊട്ടുപിന്നാലെ താൻ ഭഗവദ് ഗീതയിൽ നിന്നുള്ള ഒരു ഉദ്ധരണിയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന ഓപ്പൺഹൈമറുടെ വാക്കുകൾ പ്രസിദ്ധമാണ്. പരീക്ഷണം വിജയകരമായി അവസാനിച്ചപ്പോൾ, സംസ്കൃത വിദ്യാർത്ഥി കൂടിയായ ഓപ്പൺഹൈമർ ചിന്തിച്ചതിങ്ങനെ, “ഇപ്പോൾ ഞാൻ മരണമായി തീർന്നിരിക്കുന്നു, ലോകങ്ങളെ നശിപ്പിക്കുന്നവൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.