ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോട് കൂടി കാലാവശേഷമായിപ്പോകുന്ന ‘സെല്ലുലോയിഡ്’ ഫിലിം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയില്‍ ‘ഫിലിം ഹെറിട്ടേജ് ഫൌണ്ടേഷന്‍’ സംഘടിപ്പിച്ച ‘റീഫ്രെയിമിംഗ് ദി ഫ്യൂച്ചര്‍ ഓഫ് ഫിലിം’ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനെ കണ്ട സന്തോഷം പങ്കു വച്ച് കമലഹാസന്‍.
“ക്രിസ്റ്റഫര്‍ നോളനെ കണ്ടു. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ‘ഡണ്‍കിര്‍ക്ക്’ കണ്ടതിന് ഞാന്‍ മാപ്പ് പറഞ്ഞു. എന്നിട്ട് ‘ഹേ റാമി’ന്‍റെ ഡിജിറ്റല്‍ പതിപ്പ് അദ്ദേഹത്തിന് കാണാന്‍ കൊടുത്തു. ക്രിസ്റ്റഫര്‍ നോളന്‍ ‘പാപനാശം’ എന്ന ചിത്രം കണ്ടു എന്നത് എന്നെ അത്ഭുതപ്പെടുത്തി.”, ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന് താഴെ കമല്‍ കുറിച്ചു.
ജീത്തു ജോസഫ് സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദൃശ്യ’ത്തിന്‍റെ തമിഴ് റീമേക്ക് ആണ് കമല്‍ നായകനായ ‘പാപനാശം’. ജീത്തു ജോസഫ് തന്നെയാണ് ഈ സംവിധാനം ചെയ്തത്. നോളനെപ്പോലെ പ്രതിഭാശാലിയായ ഒരു സംവിധായകന്‍ ഒറിജിനല്‍ ചിത്രം കാണാതെ പോയതില്‍ പല തരത്തില്‍ ഉള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.
‘പാപനാശം’ നെറ്റ്ഫ്ലിക്സ് പോലെയുള്ള ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സിനിമാ പ്ലാറ്റ്ഫോമില്‍ ലഭ്യമായതായിരിക്കാം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ ഈ ചിത്രം പെടാന്‍ കാരണമെന്ന് പറയുന്നവരുണ്ട്. ഈ റീമേക്ക് ചിത്രം കാണുന്നതിനു പകരം ഇതിന്‍റെ ഒറിജിനല്‍ ചിത്രമോ, കമലഹാസന്‍റെ തന്നെ മറ്റു ചിത്രങ്ങളായ ‘നായകന്‍’, അന്‍പേ ശിവം’, ‘ഗുണ’ തുടങ്ങിയവ കാണാമായിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നവരുണ്ട്.
ഫിലിം പ്രിസര്‍വേഷനിസ്റ്റ് ശിവേന്ദ്ര ദുങ്കര്‍പൂറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ‘റീഫ്രെയിമിംഗ് ഫ്യൂച്ചര്‍’ എന്ന പരിപാടിയില്‍ ക്യാമറമാന്മാരായ സന്തോഷ് ശിവന്‍, രവി കെ ചന്ദ്രന്‍, സുദീപ് ചാറ്റര്‍ജി എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരും സംസാരിക്കും.
ഹോളിവുഡിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ മുന്‍പന്തിയിലാണ് ക്രിസ്റ്റഫര്‍ നോളന്‍റെ സ്ഥാനം. ഓരോ ചിത്രം കഴിയുമ്പോഴും കൂടുതല്‍ ഉയരങ്ങളിലേക്കാണ് അദ്ദേഹത്തിന്‍റെ പ്രയാണം. നോളന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ ‘ഡണ്‍കിര്‍ക്കും’ മുമ്പത്തെ സിനിമകളേക്കാള്‍ മികച്ച അഭിപ്രായം നേടിയാണ് പ്രദര്‍ശനം തുടരുന്നത്. കുടുംബസമേതം മുംബൈയില്‍ എത്തിയ നോളന്‍റെ സാന്നിധ്യത്തില്‍ ‘ഡണ്‍ക്കിര്‍ക്ക്’ ഇന്ന് മുംബൈയില്‍ പ്രദര്‍ശിപ്പിക്കും.
1940ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നതാണ് പ്രമേയം. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.
1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ‘ഫോളോയിംഗി’ലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. സ്വതസ്സിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളൻ പ്രസിദ്ധനാണ്.
തത്വശാസ്ത്രം, സാമൂഹികം, ആദർശം, മാനവിക സദാചാരം, കാലത്തിന്‍റെ നിർമ്മിതി, മനുഷ്യന്‍റെ വ്യക്തിത്വം, ഓർമ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും നോളന്‍റെത്. മെറ്റാഫിക്ഷൻ മൂലകങ്ങൾ, കാലവും സമയവും, അഹം മാത്രവാദം, അരേഖീയമായ കഥാകഥനം, ദൃശ്യഭാഷയും ആഖ്യാനവും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവ നോളൻ ചിത്രങ്ങളിൽ കാണാനാവും.