scorecardresearch
Latest News

ഹോളിവുഡ് വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കുടുംബസമേതം ഇന്ത്യയില്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ന് രാവിലെയോടെ മുംബൈയില്‍ എത്തിയത്

ഹോളിവുഡ് വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കുടുംബസമേതം ഇന്ത്യയില്‍

ഹോളിവുഡിലെ വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ന് രാവിലെയോടെ മുംബൈയില്‍ എത്തിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം അദ്ദേഹം എത്തിയ ചിത്രം പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഭാവി എന്ന വിഷയത്തില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍, ശ്യാം ബെനഗല്‍ എന്നിവരെ നോളന്‍ കാണും. ഹോളിവുഡിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ മുന്‍പന്തിയിലാണ് ക്രിസ്റ്റഫര്‍ നോളന്റെ സ്ഥാനം. ഓരോ ചിത്രം കഴിയുമ്പോഴും കൂടുതല്‍ ഉയരങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ പ്രയാണം. ഡണ്‍കിര്‍ക്കാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

1940ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നതാണ് പ്രമേയം. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.  പ്രമേയത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തീവ്രതയേറിയ അനുഭവമാക്കി മാറ്റുന്നതില്‍ നോളന്‍ വിജയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് അദ്ദേഹം ‘ഇന്‍സെപ്ഷന്‍’ എന്ന ചിത്രം സംവിധാനം ചെയ്തത്. ആളുകള്‍ ഉറങ്ങുമ്പോള്‍ അവരുടെ സ്വപ്നത്തില്‍ നിന്ന് ആശയങ്ങളും ചിന്തകളും കട്ടെടുത്ത്, ആവശ്യക്കാര്‍ക്ക് വിറ്റ് ഉപജീവനം നടത്തുന്ന ഒരാളുടെ കഥയാണ് ഇന്‍സെപ്ഷന്‍. ‘ടൈറ്റാനിക്ക്’ ഫെയിം ലിയണാര്‍ഡോ ഡികാപ്രിയോ നായകനായ ചിത്രം സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ഒരു പാഠപുസ്തകമാണ്.

2014ലാണ് എക്കാലത്തേയും മികച്ച സൈ-ഫൈ ചിത്രമായ ഇന്റര്‍സ്റ്റെല്ലാര്‍ അദ്ദേഹം സംവിധാനം ചെയ്തത്. നീളം, വീതി, ഉയരം, കനം എന്നിങ്ങനെയുള്ള മാനങ്ങളിലൊന്നായി സമയത്തെ അളക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങളാണ് ചുരുങ്ങിയ വാക്കുകളില്‍ ഈ സിനിമ. പ്രത്യേക വേഗത കൈവരിച്ചുള്ള സഞ്ചാരത്തിലൂടെ കാലത്തിന്റെ പോക്കിനെ കവച്ചുവയ്ക്കാം എന്ന സിദ്ധാന്തത്തെയാണ് നോളന്‍ കൂട്ടുപിടിച്ചത്.

=ê™e

നോളന്‍ 2000ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മെമന്റോ. ഷോര്‍ട്ട് ടേം മെമ്മറി ലോസ് അസുഖം ബാധിച്ച ലിയൊനാര്‍ഡ്, തന്റെ ഭാര്യയുടെ ഘാതകരെ തേടുന്നതാണ് സിനിമയുടെ പ്രമേയം. തന്റെ സഹോദരന്‍ ജൊനാഥന്‍ നോലാന്റെ ‘മെമന്റോ മോറി’ എന്ന ചെറുകഥയെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോലാന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. ബല്‍ക്ക് ആന്‍ഡ് വൈറ്റിലും കളറിലുമായി ചിത്രീകരിച്ച മെമന്റോ,യാഥാര്‍ഥ്യവും സങ്കല്‍പ്പവും തമ്മിലുള്ള വടം വലികൂടിയാണ്. ചിത്രം തമിഴിലും ഹിന്ദിയിലും ഗജിനി എന്ന ചിത്രമായി പരിണമിച്ചു.

ദ പ്രെസ്റ്റിജ്, ഇന്‍സോമാനിയ, ദ ഡാര്‍ക്ക് നൈറ്റ് റൈസസ്, ബാറ്റ്മാന്‍ ബിഗിന്‍സ്, ഫോളോയിംഗ്, എന്നീ ചിത്രങ്ങളും നോളന്റെ സംവിധാനത്തില്‍ മികച്ച കാഴ്ചാചനുഭവങ്ങളായിരുന്നു. 1998ൽ പുറത്തിറങ്ങിയ സ്വതന്ത്ര സംവിധാന സംരംഭമായ ഫോളോയിങ്ങിലൂടെയാണ് നോളൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. സ്വതസിദ്ധമായ ശൈലിയിൽ ചലച്ചിത്രങ്ങളെടുക്കുന്നതിന് നോളൻ പ്രസിദ്ധനാണ്.

തത്വശാസ്ത്രം, സാമൂഹികം, ആദർശം, മാനവിക സദാചാരം, കാലത്തിന്റെ നിർമ്മിതി, മനുഷ്യന്റെ വ്യക്തിത്വം, ഓർമ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളാണ് പ്രധാനമായും നോളന്റേത്. മെറ്റാഫിക്ഷൻ മൂലകങ്ങൾ, കാലവും സമയവും, അഹംമാത്രവാദം, അരേഖീയമായ കഥാകഥനം, ദൃശ്യഭാഷയും ആഖ്യാനവും തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയവ നോളൻ ചിത്രങ്ങളിൽ കാണാനാവും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Christopher nolan arrives in india with wife kids