സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ക്രിസ്മസ്. തിയേറ്ററുകളെ ഉത്സവലഹരിയിലെത്തിക്കാന്‍ ആറോളം ചിത്രങ്ങളാണ് ഇത്തവണ ക്രിസ്മസ് റീലീസായി എത്തുന്നത്.

രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം മാസ്റ്റര്‍പീസിലൂടെ അജയ് വാസുദേവ് വീണ്ടും സൂപ്പര്‍ സ്റ്റാറുമായി കൈകോര്‍ക്കുകയാണ്. ഇരുന്നൂറോളം ഫാന്‍സ് ഷോകളുടെ അകമ്പടിയോടെ വമ്പന്‍ റിലീസ് ഒരുക്കുവാനാണ് മമ്മൂട്ടി ആരാധകര്‍ തയ്യാറെടുക്കുന്നത്. എഡ്ഡി എന്ന കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ എത്തുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി.

പൃഥ്വിരാജിനെ നായകനാക്കി നവാഗത സംവിധായകനായ പ്രദീപ് നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ‘വിമാനം’ ക്രിസ്മസ് റിലീസ് ആയി നാളെ തിയേറ്ററുകളില്‍ എത്തും. സജി തോമസ് എന്ന ഭിന്നശേഷിയുള്ള യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. വെങ്കി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ അത് പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാകുമെന്നാണ് പ്രതീക്ഷ. പുതുമുഖ നടി ദുര്‍ഗ കൃഷ്ണ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മായാനദി’യും ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. ശ്യാം പുഷ്‌കറും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന മായാനദിയിലെ ഗാനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മായാനദി ഒരു പ്രണയകഥയാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

‘ആട് ഒരു ഭീകര ജീവിയാണ്’ ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ യുവാക്കള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആട് 2’. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തിരിക്കുന്ന ആട് രണ്ടാം ഭാഗം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും.

ഒരു കംപ്ലീറ്റ് ഫണ്‍ ലേബലില്‍ നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ആന അലറലോടലറ’ലില്‍ വിനീത് ശ്രീനിവാസനും അനു സിത്താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ദിലീപ് മേനോന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആകുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

അഞ്ചോളം മലയാള സിനിമകള്‍ റിലീസിനൊരുങ്ങുമ്പോള്‍ ‘വേലൈക്കാരന്‍’ എന്ന തമിഴ് സിനിമയുമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. മോഹന്‍രാജ സംവിധാനം ചെയ്തിരിക്കുന്ന സിനിമയില്‍ ശിവകാര്‍ത്തികേയനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ‘വേലൈക്കാരന്‍’ മികച്ച സിനിമയാകുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 22 ന് സിനിമ തിയേറ്ററുകളിലെത്തും.

Velaikaran

ക്രിസ്മസ് പൊടിപൊടിക്കാൻ സിനിമാ പ്രേമികൾക്ക് ഇതിൽ കൂടുതൽ എന്തു വേണം. ഇതിനെല്ലാം പുറമേ സൽമാൻ ഖാനും കത്രീന കെയ്ഫും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗർ സിന്താ ഹേയും എത്തുന്നുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ