പ്രതീക്ഷയുടെ ഉണർവ്വുമായി പുതിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. ക്രിസ്മസ് വിപണി കീഴടക്കാനായി മലയാളത്തിൽ നിന്നു നാലു ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. ഒപ്പം തമിഴിൽ നിന്ന് ധനുഷും ഹിന്ദിയിൽ നിന്ന് ഷാരൂഖ് ഖാനും കന്നടസിനിമയിൽ നിന്നും യാഷും കൂടെയുണ്ട്. ടൊവിനോ തോമസ് ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’, ഫഹദ് ഫാസിൽ നായകനാവുന്ന സത്യൻ അന്തിക്കാട് ചിത്രം ‘ ഞാൻ പ്രകാശൻ’, രഞ്ജിത്ത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘പ്രേതം2’, ഷാരൂഖ് ഖാൻ ചിത്രം ‘സീറോ’, യാഷ് നായകനാവുന്ന കന്നടയിലെ ബ്രഹ്മാണ്ഡചിത്രം ‘കെ ജി എഫ്’, ധനുഷിന്റെ തമിഴ് ചിത്രം ‘മാരി2’ എന്നിവ ഡിസംബർ 21 നും ലാൽജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുക്കെട്ടിന്റെ ‘തട്ടുംപ്പുറത്ത് അച്യുതൻ’ ഡിസംബർ 22 നുമാണ് തിയേറ്ററുകളിലെത്തുന്നത്.

എന്റെ ഉമ്മാന്റെ പേര്

ജോസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും ശരത് ആര്‍.നാഥും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യനു’ ശേഷം തിയേറ്ററിലെത്തുന്ന ടൊവിനോ ചിത്രമെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ടൊവിനോ, ധനുഷിനൊപ്പം അഭിനയിക്കുന്ന ‘മാരി2’വും ഡിസംബർ 21 നു തന്നെയാണ് റിലീസ്.

ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉര്‍വ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലില്‍ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോള്‍ തന്നെയാണ് ഉര്‍വ്വശിക്കെന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

തട്ടിന്‍പുറത്ത് അച്യുതൻ

‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ തുടങ്ങിയ ജനപ്രിയചിത്രങ്ങൾക്കുശേഷം ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് തട്ടിൻപുറത്ത് അച്യുതൻ എന്ന ചിത്രത്തിലൂടെ.’എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എം സിന്ധുരാജ് തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു കഥയാണ് ചിത്രവും പറയുന്നത്. ഒരു കടയിലെ ജോലിക്കാരനായ ആ നാട്ടിലെ എല്ലാവിധ കാര്യങ്ങളിലും ഇടപെട്ട്, അമ്പലങ്ങളും ഉത്സവങ്ങളുമൊക്കെയി ആ നാടിന്റെ ഭാഗമായി ജീവിക്കുന്ന സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരൻ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷെബിന്‍ ബെക്കര്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം. ഇരട്ട സംവിധായകരായ അനില്‍-ബാബുമാരിൽ ബാബു നാരായണന്റെ മകളായ ശ്രാവണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ദീപാങ്കുരനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡിസംബർ 22 നാണ് ചിത്രം റിലീസിനെത്തുന്നത്.

പ്രേതം വീണ്ടുമെത്തുമ്പോൾ

‘പ്രേത’ത്തിന് രണ്ടാം ഭാഗവുമായി രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്. 2016ലാണ് ആദ്യ ചിത്രമായ ‘പ്രേതം’ റിലീസ് ചെയ്തത്. ‘പ്രേതം 2’ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രവും ഹൊറര്‍ കോമഡി ത്രില്ലര്‍ ഴോണറിലാണ് വരുന്നത്. വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്ന സൂചനകളാണ് ട്രെയിലറുകൾ നൽകുന്നത്. മെന്റലിസ്റ്റ് ജോൺ ഡോൺ ബോസ്കോ ആയാണ് ജയസൂര്യ ഈ ചിത്രത്തിലും എത്തുന്നത്. ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍, വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ഡെയ്ന്‍ ഡേവിഡ്, സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍ എന്നിവരാണ് മറ്റ് താരങ്ങൾ.

വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തിൽ ജയസൂര്യയുടെ കഥാപാത്രത്തിന്റെ വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്.

ധനുഷിന്റെ ‘മാരി2’, വില്ലനായി ടൊവിനോ

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന്‍ ധനുഷും കൈകോര്‍ക്കുന്ന ചിത്രമായ ‘മാരി 2’ വും ഡിസംബർ 21 ന് റിലീസിനെത്തുകയാണ്. തമിഴിൽ ടോവിനോ തന്നെയാണ് ചിത്രത്തിന് ഡബ് ചെയ്തിരിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. ധനുഷിന്റെ കീഴിലുള്ള വണ്ടർ ബാർസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ടോവിനോയുടെ ‘തരംഗം’ എന്ന ചിത്രം നിർമ്മിച്ചതും ധനുഷിന്റെ കീഴിലുള്ള വണ്ടർ ബാർസ് തന്നെയായിരുന്നു.

2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. “ഒരിക്കല്‍ കൂടി മാരിയാകാൻ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇനിയും മാരിയാകാന്‍ കാത്തിരിക്കുന്നു” ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ധനുഷ് പ്രതികരിച്ചത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

ഞാൻ പ്രകാശൻ

‘ഒരു ഇന്ത്യൻ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും കൈകോർക്കുന്ന ചിത്രമാണ് ‘ഞാൻ പ്രകാശൻ’. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

‘മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കൽ മലയാളി യുവാവാണ് പ്രകാശൻ’ എന്നാണ് സത്യൻ​​ അന്തിക്കാട് ‘പ്രകാശ’നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. ‘അരവിന്ദന്റെ അതിഥികൾ’, ‘ലവ് 24X7’ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമൽ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാൽജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ്.കുമാറാണ്. ഷാൻ റഹ്മാന്റേതാണ് സംഗീതം.

കെ ജി എഫ്

കന്നട സിനിമയിൽ നിന്നും റിലീസിനെത്തുന്ന ബ്രഹ്മാണ്ഡചിത്രമാണ് യഷ് നായകനാവുന്ന ‘കെ ജി എഫ്’. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. 1970 കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്.

മൂന്നുഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം ആറു ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ആർട്ട് ഡയറക്ടർ ശിവകുമാർ ഒരുക്കിയ സെറ്റുകൾക്ക് മാത്രം 30 കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ് അണിയറവാർത്തകൾ. ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ജാപ്പനീസ്, ചൈനീസ് ഭാഷാപതിപ്പുകളും റിലീസിനൊരുങ്ങുന്നുണ്ട്. ഇന്ത്യയിൽ മാത്രം 2000 സെന്ററുകളിൽ ചിത്രം റീലീസ് ചെയ്യുന്നുണ്ട്. കർണാടകത്തിൽ 400 സെന്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും ഹിന്ദിയിൽ ഫർഹാൻ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ചിത്രം ‘സീറോ’

ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന ചിത്രമാണ് ‘സീറോ’. ഫാനിന് ശേഷമെത്തുന്ന ഷാറൂഖിന്റെ പരീക്ഷണ ചിത്രം കൂടിയാണിത്. ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കാജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അണിയറക്കാർ ഈ കാര്യങ്ങൾ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഡിസംബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook