ക്രിസ്മസ് കാലം തിയേറ്ററുകളെ സംബന്ധിച്ചും ഉത്സവകാലമാണ്. കോവിഡിനോട് അനുബന്ധിച്ച് നിശബ്ദമായ സിനിമാലോകത്തിന് പുത്തൻ ഉണർവ്വു നൽകി തിയേറ്ററുകൾ സജീവമായിരിക്കുകയാണ് വീണ്ടും. ക്രിസ്മസിനോട് അനുബന്ധിച്ച് റിലീസ് ചെയ്യാനായി ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ കാത്തിരിക്കുന്നത്. അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, 83 എന്നിവയാണ് ക്രിസ്മസിന് മുന്നോടിയായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. മധുരം, മിന്നൽ മുരളി എന്നിവ ഓടിടി പ്ലാറ്റ്ഫോം വഴിയും ക്രിസ്മസ് സമയത്ത് പ്രേക്ഷകരിലേക്ക് എത്തും.
Ajagajantharam Release: അജഗജാന്തരം
‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഡിസംബർ 23നാണ് ചിത്രത്തിന്റെ റിലീസ്.
ചെമ്പന്‍ വിനോദ്, സാബുമോന്, അര്ജുന് അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന അഭിനേതാക്കൾ. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.
Meow Release: മ്യാവൂ
സൗബിന് സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവൂ’. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സൗബിന് ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവൂ’.
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന് വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ഡിസംബർ 24-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Kunjeldho Release: കുഞ്ഞെല്‍ദോ
ആസിഫ് അലിയെ നായകനാക്കി ആര് ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യും ഡിസംബര്‍ 24ന് തിയേറ്ററുകളിലെത്തും. ഒരു കോളേജിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണിത്. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
വിനീത് ശ്രീനിവാസന് ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘കുഞ്ഞെൽദോ’.
83 Release: 83
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ’83’ ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ കപിലിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോൺ ആണ്.
കബീർ ഖാന് ആണ് ചിത്രത്തിന്റെ സംവിധാനം. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കബിര്‍ ഖാൻ, വിഷ്ണുവര്ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്വാല എന്നിവർ ചേർന്ന് റിലയൻസ് എന്റര്ടെയ്ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്വാല ഗ്രാൻഡ്സണ് എന്റര്ടെയ്ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Minnal Murali OTT Release: മിന്നൽ മുരളി
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ഗോദയ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മിന്നല്‍ മുരളി’.
അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
Madhuram Release: മധുരം
ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘മധുരം’ എന്ന ചിത്രവും ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ ഡിസംബർ 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ജോജു ജോര്‍ജ്, അര്ജുന് അശോകന് നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന് സ്റ്റാനിസ്ലാസ് ആണ്. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.