scorecardresearch
Latest News

ഓസ്കര്‍ വേദിയിലെ കരണത്തടി: അക്കാദമിയില്‍ നിന്ന് വില്‍ സ്മിത്ത് രാജി വച്ചു

സ്മിത്തിനെതിരായ അച്ചടക്ക നടപടികളിലേക്ക് അക്കാദമിയുടെ ഉന്നതാധികാരികള്‍ കടന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജി പ്രഖ്യാപനം

Will Smith, Oscar 2022
Photo: Facebook/ Will Smith

ലൊസാഞ്ചൽസ്: അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് രാജിവച്ചു. ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്മിത്ത് രാജിവച്ചത്.

”എന്റെ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്ത് തന്നെയാണെങ്കിലും അംഗീകരിക്കും. 94-ാമത് അക്കാദമി അവാർഡ് വേദിയിലെ എന്റെ പ്രവൃത്തി ക്ഷമിക്കാനാകാത്തതാണ്,” വില്‍ സ്മിത്ത് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്മിത്തിന്റെ രാജി സ്വീകരിച്ചതായി ഫിലിം അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിന്‍ അറിയിച്ചു. അക്കാദമിയുടെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്മിത്തിനെതിരായ അച്ചടക്ക നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അക്കാദമിയുടെ വിശ്വാസവും വിജയം ആഘോഷിക്കാനുള്ള അവാര്‍ഡ് ജേതാക്കളുടേയും നോമിനികളുടേയും അവസരവും ഞാന്‍ ഇല്ലാതാക്കി. നേട്ടങ്ങളില്‍ ശ്രദ്ധ അര്‍ഹിക്കുന്നവരിലേക്ക് കാര്യങ്ങള്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” സ്മിത്ത് വ്യക്തമാക്കി.

സ്മിത്തിനെതിരായ അച്ചടക്ക നടപടികളിലേക്ക് അക്കാദമിയുടെ ഉന്നതാധികാരികള്‍ കടന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. നടപടികള്‍ സ്മിത്തിന്റെ സസ്പെന്‍ഷനിലേക്കോ അല്ലെങ്കില്‍ പുറത്താക്കലിലേക്കോ നയിച്ചേനെ.

സംഭവം ഇങ്ങനെ

ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ പരാമര്‍ശമായിരുന്നു ഓസ്കര്‍ വേദിയില്‍ വച്ച് സ്മിത്തിനെ പ്രകോപിപ്പിച്ചത്. ജാദയുടെ ഹെയര്‍സ്റ്റൈല്‍ നോക്കി ‘ജി ഐ ജെയിന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു ക്രിസ് പറഞ്ഞത്.

ഇതിന് പിന്നാലെ വില്‍ സ്മിത്ത് വേദിയിലേക്കെത്തുകയും ക്രിസിന്റെ മുഖത്തടിക്കുകയും ചെയ്തു. ആദ്യം എല്ലാവരും തമാശ രൂപേണയായിരുന്നു സംഭവത്തെ എടുത്തത്. സാഹചര്യം സാധeരണ നിലയിലെത്തിക്കാന്‍ ക്രിസും ശ്രമിച്ചു. തിരികെ സീറ്റിലെത്തിയ സ്മിത്ത് “എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വായില്‍ നിന്ന് വീഴരുത്” എന്ന് ആക്രോശിച്ചു.

പിന്നീട് കിങ് റിച്ചാർഡിലെ പ്രകടനത്തിന് സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ സ്മിത്ത് അക്കാദമിയോട് ക്ഷമ ചോദിച്ചു. “അക്കാദമിയോടും നോമിനികളോടും ക്ഷമ ചോദിക്കുന്നു. കലe ജീവിതത്തെ അനുകരിക്കുന്നു. സ്നേഹം നിങ്ങളെ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു,” സ്മിത്ത് പറഞ്ഞു.

Also Read: ഓസ്കര്‍ വേദിയിലെ ആ കരണത്തടിക്ക് പിന്നിലെന്ത്?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chris rock slap will smith resigns from film academy